sections
MORE

ലേലത്തിൽ ഷാരൂഖിനെ വാങ്ങി; ഷാരൂഖിന്റെ മകനെ കളിയാക്കി പ്രീതി സിന്റ– വിഡിയോ

aryan-preiti-zinta
SHARE

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലം കഴിഞ്ഞ ദിവസം ചെന്നൈയിൽ സമാപിച്ചെങ്കിലും, ലേലവേദിയിൽനിന്നുള്ള രസകരമായൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറൽ. തമിഴ്നാട്ടിൽനിന്നുള്ള യുവതാരം ഷാരൂഖ് ഖാനെ കോടികൾ മുടക്കി ടീമിലെടുത്ത ശേഷം പഞ്ചാബ് കിങ്സ് ഉടമയും നടിയുമായ പ്രീതി സിന്റ, കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാന്റെ മകൻ ആര്യനെ കളിയാക്കുന്ന വിഡിയോയാണിത്.

താരലേത്തിനായെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം പ്രതിനിധികൾക്കൊപ്പമാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യനുമെത്തിയത്. തമിഴ്നാട് താരം ഷാരൂഖ് ഖാന്റെ പേര് ലേലഹാളിൽ മുഴങ്ങിയതു മുതൽ ആര്യനായിരുന്നു ശ്രദ്ധാകേന്ദ്രം. വാശിയേറിയ ലേലത്തിൽ തമിഴ്നാട് താരം ഷാരൂഖ് ഖാനെ വിളിച്ചെടുത്തത് പ്രീതി സിന്റ. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാട് ഓൾറൗണ്ടർ ഷാരൂഖിനെ, 5.25 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് വിളിച്ചെടുത്തത്. അടിസ്ഥാന വിലയേക്കാൾ 5.05 കോടി രൂപ കൂടുതൽ!

ലേലം ഉറപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് കൊൽക്കത്ത പ്രതിനിധികൾക്കൊപ്പം ഇരിക്കുന്ന ആര്യനെ നോക്കി, ‘ഷാരൂഖിനെ ഞങ്ങൾക്ക് കിട്ടി’ എന്ന് പ്രീതി സിന്റ തമാശരൂപേണ പറഞ്ഞത്. ഇതിന്റെ വിഡിയോ അധികം വൈകാതെ വൈറലാകുകയും ചെയ്തു.

വലംകയ്യൻ ബാറ്റ്സ്മാനും ഓൾറൗണ്ടറുമായ ഷാരൂഖ്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഏറ്റവും പുതിയ പതിപ്പിൽ തമിഴ്നാടിന്റെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനോടുള്ള ആരാധനകൊണ്ട് ഒരു ബന്ധുവാണ് തമിഴ്നാട് താരത്തിന് ആ പേര് നൽകിയത്.

English Summary: Preity Zinta Teases Shah Rukh Khan's Son Aryan At IPL Auction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA