ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം പതിപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിങ്സിന് ആവേശം പകർന്ന് ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങളുടെ തകർപ്പൻ പ്രകടനം. ഐപിഎൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശ തീർക്കാനൊരുങ്ങുന്ന ചെന്നൈയ്ക്ക് സന്തോഷം പകരുന്ന വാർത്തകളാണ് വിജയ് ഹസാരെ ട്രോഫിയിൽനിന്ന് വരുന്നത്. വിജയ് ഹസാരെ ട്രോഫി രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്നു താരങ്ങളാണ് സെഞ്ചുറി നേടിയത്. സീസണിനു മുൻപേ ചെന്നൈയ്ക്ക് സന്തോഷിക്കാൻ ഇതിൽപ്പരം എന്തുവേണം!

∙ തുടക്കം ഉത്തപ്പയിൽ

ഇത്തവണ ഐപിഎൽ താരലേലത്തിനു മുന്നോടിയായി രാജസ്ഥാൻ റോയൽസിൽനിന്ന് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയ വെറ്ററൻ താരം റോബിൻ ഉത്തപ്പയാണ് വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ചുറി നേടിയ ആദ്യ ‘ചെന്നൈ ഓപ്പണർ’. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്ന കർണാടകക്കാരനായ ഉത്തപ്പ, ഒഡീഷയ്‌ക്കെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറിയുമായി ടീമിന്റെ വിജയശിൽപിയായത്. മഴനിയപ്രകാരം കേരളം 34 റൺസിന് ജയിച്ച മത്സരത്തിലായിരുന്നു ഉത്തപ്പയുടെ തകർപ്പൻ പ്രകടനം.

ഒഡീഷ ഉയർത്തിയ 259 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിനായി ഉത്തപ്പ 85 പന്തിൽ 10 ഫോറും നാലു സിക്സും സഹിതം 107 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ വൈസ് ക്യാപ്റ്റൻ കൂടിയായ വിഷ്ണു വിനോദിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് (61 റൺസ്) ഉത്തപ്പ ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും റോബിൻ ഉത്തപ്പയും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടും (100 പന്തിൽ 102) നിർണായകമായി.

∙ ജഗദീശനാണ് താരം

എലീറ്റ് ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ പഞ്ചാബിനെ തോൽപ്പിക്കാൻ തമിഴ്നാടിന് കരുത്തായ ഓപ്പണർ എൻ. ജഗദീശനാണ് സെഞ്ചുറി നേടിയ രണ്ടാമത്തെ ഓപ്പണർ. മത്സരത്തിൽ 289 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തമിഴ്നാടിന്റെ തിരിച്ചടിക്ക് നേതൃത്വം നൽകിയത് ജഗദീശനായിരുന്നു. 103 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം ജഗദീശൻ നേടിയത് 101 റൺസ്. ബാബാ അപരാജിതിനൊപ്പം ണ്ടാം വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ട് (197 പന്തിൽ 185 റണ്‍സ്) തീർത്താണ് ജഗദീശൻ തമിഴ്നാട് ഇന്നിങ്സിന് അടിത്തറയിട്ടത്.

ഐപിഎല്ലിലെ മിന്നും ബോളർമാരായ സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ, അർഷ്ദീപ് സിങ്, മായങ്ക് മാർക്കണ്ഡെ, അഭിഷേക് ശർമ എന്നിവർ ഉൾപ്പെട്ട ബോളിങ് നിരയെയാണ് ജഗദീശനും സംഘവും തകർത്തെറിഞ്ഞത്.

∙ ഇപ്പോൾ ഗെയ്‌ക്‌വാദും!

എലീറ്റ് ഗ്രൂപ്പ് ഡിയിൽ ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ മഹാരാഷ്ട്രയുടെ വിജയശിൽപിയായ ക്യാപ്റ്റൻ കൂടിയായ ഋതുരാജ് ഗെയ്ക്‌വാദാണ് സെഞ്ചുറിയുമായി മിന്നിയ മൂന്നാം ചെന്നൈ ഓപ്പണർ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്രയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത ഗെയ്ക്‌വാദ്, 109 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം നേടിയത് 102 റൺസ്. ഓപ്പണിങ് വിക്കറ്റിൽ യാഷ് നഹറിനൊപ്പവും രണ്ടാം വിക്കറ്റിൽ നൗഷാദ് ഷെയ്ഖിനൊപ്പവും അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത ഗെയ്ക്‌വാദ്, ടീമിനെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എന്ന നിലയിലെത്തിച്ചു.

ഹിമാചൽ പ്രദേശിന്റെ മറുപടി 48.2 ഓവറിൽ 218 റൺസിൽ അവസാനിച്ചതോടെ ഗെയ്ഗ്‌വാദിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയ്ക്ക് സ്വന്തമായത് 74 റൺസിന്റെ തകർപ്പൻ വിജയം.

Content Highlights: Chennai Super Kings, N.Jagadeesan, Robin Uthappa, Ruthuraj Gaikwad, IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com