ADVERTISEMENT

ക്രൈസ്റ്റ് ചർച്ച് ∙ ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ ‍ഡെവൺ കോൺവേയെന്ന ഇരുപത്തൊൻപതുകാരനായ ന്യൂസീലൻഡ് താരത്തെ ടീമിൽ ഉൾപ്പെടുത്താത്തിൽ എല്ലാ ടീമുകളും ഒരുപോലെ ഖേദിക്കുന്നുണ്ടാകും! ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്‍ലി ഓവലിൽ ഇന്നലെ ഓസ്ട്രേലിയയുടെ പേരുകേട്ട ബോളിങ് നിരയെ തച്ചുതകർത്ത കോൺവേയുടെ അടി അവർ കണ്ടിട്ടുണ്ടെങ്കിൽ ഹൃദയം തകർന്നിട്ടുണ്ടാകുമെന്നും തീർച്ച. ഐപിഎൽ താരലേലത്തിൽ വെറും 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന കോൺവോയുടെ മികവിൽ, ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ന്യൂസീലൻഡ് നേടിയത് 53 റൺസിന്റെ ആവേശജയം. 59 പന്തുകൾ നേരിട്ട കോൺവേ 10 ഫോറും മൂന്നു സിക്സും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്നു. ‌ 5 മത്സര പരമ്പരയിൽ കിവീസ് 1–0ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. 19 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ന്യൂസീലൻഡിനെ രക്ഷപ്പെടുത്തിയ ഇന്നിങ്സായിരുന്നു കോൺവേയുടേത് 59 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 99 റൺസ്! കോൺവേയ്ക്ക് രാജ്യാന്തര ട്വന്റി20യിലെ ആദ്യ സെഞ്ചുറി നഷ്ടമായത് വെറും ഒരു റണ്ണിന്. അതും ഓവർ തീർന്നുപോയതുകൊണ്ടു മാത്രം! ഗ്ലെൻ ഫിലിപ്സ് (20 പന്തിൽ 30), ജിമ്മി നീഷം (15 പന്തിൽ 26) എന്നിവരുടെ ഇന്നിങ്സും നിർണായകമായി.

ഓസ്ട്രേലിയയുടെ മറുപടി 17.3 ഓവറിൽ 131 റൺസിൽ അവസാനിച്ചതോടെയാണ് ആതിഥേയർ തകർപ്പൻ ജയം സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ ഓസീസ് നിരയിൽ തിളങ്ങിയത് 33 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്ത മിച്ചല്‍ മാർഷ് മാത്രം. 13 പന്തിൽ 23 റൺസെടുത്ത ആഷ്ടൺ ആഗറാണ് രണ്ടാമത്തെ ടോപ് സ്കോറർ. ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതെ പോയ മറ്റൊരു താരമാണ് ഓസീസിനെ തകർത്തത്. നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഇഷ് സോധി.

∙ കോൺവേ, 4 ദിവസം വൈകിപ്പോയല്ലോ!

ഡെവൺ കോൺവേ, താങ്കൾ 4 ദിവസം വൈകിപ്പോയി. പക്ഷേ, എന്തൊരു ബാറ്റിങ്! – മത്സരശേഷം ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ട്വീറ്റ് ചെയ്ത ഈ വാക്കുകളിലുണ്ട് എല്ലാം. 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുമായെത്തിയ കോൺവോയെ ഈ മാസം 18ന് ചെന്നൈയിൽ നടന്ന ഐപിഎൽ താരലേലത്തിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഒരു ടീമും വാങ്ങാൻ താൽപര്യം കാട്ടിയിരുന്നില്ല. നാലു ദിവസം മാത്രം മുൻപ് ഐപിഎൽ താരലേലത്തിൽ ഒരു ടീമിനും വേണ്ടാതെ പിന്തള്ളപ്പെട്ട ഇരുപത്തൊമ്പതുകാരൻ കോൺവേ ക്രീസ് നിറഞ്ഞാടിയപ്പോൾ കരുത്തരായ ഓസ്ട്രേലിയൻ ബോളർമാർ നിഷ്പ്രഭരായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് 2ന് 11 എന്ന നിലയിൽ തകർന്നപ്പോൾ ക്രീസിലെത്തിയ കോൺവേ ന്യൂസീലൻഡിനെ 20 ഓവറിൽ 5ന് 184 എന്ന ഗംഭീര സ്കോറിലെത്തിച്ചാണ് പവലിയനിലേക്കു തിരിച്ചുകയറിയത്. 59 പന്തിൽ 10 ഫോറും സിക്സും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ചു വളർന്ന കോൺവേയുടെ ഇന്നിങ്സ്. അവസാന ഓവറിൽ 87 റൺസുമായി ബാറ്റിങ് ആരംഭിച്ച കോൺവേ ഒരു സിക്സും ഫോറും ഒരു സിംഗിളുമെടുത്ത് 98 റൺസിലാണ് അവസാന പന്ത് നേരിടാൻ ക്രീസിൽനിന്നത്. സെഞ്ചുറിക്കു 2 റൺസ് മതിയെന്നിരിക്കെ കോൺവേയ്ക്ക് ഒരു റൺ മാത്രമേ നേടാനായുള്ളൂ.

ഇക്കുറി ഐപിഎൽ താരലേലത്തിൽ കോടികൾ വാരിയ രണ്ട് ഓസീസ് താരങ്ങളെ സാക്ഷിനിർത്തിയാണ് പിന്തള്ളപ്പെട്ടുപോയ കോൺവേയുടെ ഇന്നിങ്സ് എന്നതും ശ്രദ്ധേയം. താരലേലത്തിൽ പഞ്ചാബ് കിങ്സ് 14 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് പേസ് ബോളർ ജൈ റിച്ചാർഡ്സനാണ് ഒരാൾ. മത്സരത്തിൽ നാല് ഓവർ ബോൾ ചെയ്ത റിച്ചാർഡ്സൻ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. താരലേലത്തിൽ 15 കോടി ലഭിച്ച കിവീസ് താരം കൈൽ ജാമിസൺ മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങി. ലഭിച്ചത് ഒരേയൊരു വിക്കറ്റ്.

ഇക്കുറി താരലേലത്തിൽ 14.25 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ഗ്ലെൻ മാക്സ്‍വെലാണ് രണ്ടാമൻ. താരലേലത്തിനു ചൂടാറും മുൻപേ ക്രീസിലെത്തിയ മാക്സ്‍വെൽ, ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ പരാജയമായി. ഒരു ഓവർ ബോൾ ചെയ്ത് ഒൻപത് റൺസ് വഴങ്ങിയ മാക്സ്‍വെൽ, അഞ്ച് പന്തിൽ ഒരു റണ്ണെടുത്ത് ബാറ്റിങ്ങിലും ദുരന്തമായി.

∙ 99*, 93*, 91*, 69, 50

ഡെവൺ കോൺവേയുടെ തുടർച്ചയായ 5–ാം ട്വന്റി20 അർധസെഞ്ചുറിയാണിത്. ഓസീസിനെതിരായ കളിക്കു മുൻപ് ന്യൂസീലൻഡിലെ ആഭ്യന്തര ട്വന്റി20യായ സൂപ്പർ സ്മാഷിൽ കോൺവേയുടെ സ്കോർ ഇങ്ങനെ: 93 നോട്ടൗട്ട്, 91 നോട്ടൗട്ട്, 69, 50. ട്വന്റി20യിൽ തുടർച്ചയായി 5 അർധസെഞ്ചുറികൾ നേടുന്ന ആദ്യ കിവീസ് താരവുമായി കോൺവേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com