ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഈ മാസം 24ന് അഹമ്മദാബാദിൽ തുടങ്ങുമ്പോൾ, രണ്ടാം ടെസ്റ്റിലെ ഹീറോ ആർ.അശ്വിനെ വീണ്ടും ഉറ്റുനോക്കുകയാണ് ഇന്ത്യൻ ആരാധകർ. രണ്ടാം ടെസ്റ്റിൽ സെഞ്ചുറിയും ആകെ 8 വിക്കറ്റും നേടി മാൻ ഓഫ് ദ് മാച്ചും ആയി അശ്വിൻ. പിങ്ക് ബോളിലും അശ്വിൻ ‘മിന്നിക്കുമോ’ എന്ന ആകാംക്ഷയിലാണ് എല്ലാവരും. 5 വിക്കറ്റ് നേട്ടവും സെഞ്ചുറിയും ഒരേ മത്സരത്തിൽ നേടുക ചില്ലറക്കാര്യമല്ല. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യം ഈ റെക്കോർഡിട്ട് ചരിത്രത്തിന്റെ ഭാഗമായ ജിമ്മി സിൻക്ലയറുടെ നേട്ടവും ഇംഗ്ലണ്ടിന് എതിരെയായിരുന്നു.
ടെസ്റ്റ് ചരിത്രത്തിൽ ഇതുവരെ ആ റെക്കോർഡ് നേട്ടം എഴുതിച്ചേർത്തത് 30ൽ താഴെ പേർ മാത്രം. ഇന്ത്യൻ ക്രിക്കറ്റ് ‘ദൈവങ്ങളായ’ രവി ശാസ്ത്രി, കപിൽദേവ്, സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി തുടങ്ങിയവരൊന്നും ഈ പട്ടികയിൽ ഇല്ല. അവിടെയാണ് അശ്വിൻ താരമാകുന്നത്. ഈ പട്ടികയിലെ മറ്റു ചിലരെ പരിചയപ്പെടാം...
ടെസ്റ്റ് ക്രിക്കറ്റിൽ 2 ദേശീയ ടീമുകൾ ആദ്യം ഏറ്റുമുട്ടിയത് ഓസ്ട്രേലിയയിലെ മെൽബണിലാണ്–1877ൽ. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആ മത്സരത്തിൽ ജയം ഓസ്ട്രേലിയയ്ക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരേ മത്സരത്തിലെ ‘5 വിക്കറ്റ്–സെഞ്ചുറി’ നേട്ടങ്ങൾ ദക്ഷിണാഫ്രിക്കൻ കളിക്കാരൻ ജിമ്മി സിൻക്ലയറുടെ (ജെ.എച്ച്.സിൻക്ലയർ) പേരിലാണ്.
1899ൽ ഇംഗ്ലണ്ടിനെതിരെ കേപ് ടൗണിലായിരുന്നു ആ മത്സരം. 6 വിക്കറ്റും 106 റൺസും നേടിയ സിൻക്ലയറുടെ പേരിൽ വേറെയും ക്രിക്കറ്റ് റെക്കോർഡുകളുണ്ട്. രണ്ടാമതും ഈ നേട്ടം ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററുടെ പേരിലായി; 1910ൽ. ഇത്തവണ താരം ജി.എ.ഫോക്നർ (5 വിക്കറ്റ്, 123 റൺസ്). എതിരാളികൾ ഇംഗ്ലണ്ട് തന്നെ. കിടിലൻ ബാറ്റ്സ്മാൻ ആയിരുന്ന ഫോക്നർ ‘ഗൂഗ്ലി’ ഉപയോഗിച്ച ആദ്യകാല ലെഗ് സ്പിന്നർ കൂടിയായിരുന്നു.
∙ ഇന്ത്യൻ നേട്ടം
സിൻക്ലയർ, ഫോക്നർ എന്നിവർക്കു പിന്നാലെ സി.കെല്ലവേ, ജി.എം.ഗ്രിഗറി (ഇരുവരും ഓസ്ട്രേലിയ) റെക്കോർഡ് ബുക്കിലെത്തി. 1952ൽ ആണ് ആദ്യമായൊരു ഇന്ത്യക്കാരൻ ഈ നേട്ടം അടിച്ചും എറിഞ്ഞും കൈക്കലാക്കിയത്. വിനൂ മങ്കാദ് (എം.എച്ച്.മങ്കാദ്) ആയിരുന്നത്. എതിരാളികൾ ‘പതിവുപോലെ’ ഇംഗ്ലണ്ട്. ലോഡ്സിൽ നടന്ന ആ മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു 5 വിക്കറ്റ് നേട്ടം. 72 റൺസുമെടുത്തു. രണ്ടാം ഇന്നിങ്സിൽ അദ്ദേഹം അടിച്ചെടുത്തത് 184 റൺസ്. എന്നാലും, മത്സരം ഇന്ത്യ കൈവിട്ടു.
മറ്റൊരു ഇന്ത്യക്കാരന്റെ ഈ നേട്ടത്തിനായി, പിന്നെയും 10 വർഷം വേണ്ടിവന്നു. 1962ൽ പി.ആർ.ഉമ്രിഗറിന്റെ (പോളി ഉമ്രിഗർ) പ്രകടനം വെസ്റ്റിൻഡീസിന് എതിരെയായിരുന്നു (5 വിക്കറ്റ്, 2ാം ഇന്നിങ്സിൽ പുറത്താകാതെ 172 റൺസ്). അദ്ദേഹം പോരാടിയെങ്കിലും, വെസ്റ്റിൻഡീസിൽ നടന്ന ആ പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
ഇതിനിടെ ഇന്ത്യയ്ക്കെതിരെ ഒരു ഇൻഡീസ് താരം ഈ നേട്ടം കുറിച്ചു, ആദ്യമായി. അതും ഡൽഹിയിൽ നടന്ന മത്സരത്തിൽ (5 വിക്കറ്റ്, 100 റൺസ്). 1959ൽ ഒ.ജി.സ്മിത്തിന്റേതായിരുന്നു (കോളി സ്മിത്ത്) ഓൾറൗണ്ട് പ്രകടനം.
∙‘അശ്വിൻമേധം’
ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യക്കാരന്റെ മിന്നും ഓൾറൗണ്ട് പ്രകടനം കാണാൻ നാം ഒരുപാട് കാത്തിരിക്കേണ്ടിവന്നു, 2011വരെ. വേദി മുംബൈ വാങ്കഡെ സ്റ്റേഡിയം. എതിരാളികൾ വെസ്റ്റിൻഡീസ്. ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടവും 103 റൺസുമായി അന്നു കത്തിക്കയറിയത് മറ്റാരുമല്ല– ആർ.അശ്വിൻ തന്നെ. ടെസ്റ്റ് ക്രിക്കറ്റ് ജീവിതത്തിലെ അശ്വിന്റെ ആദ്യ സെഞ്ചുറിയും അതാണ്. ആ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചും പരമ്പരയിൽ മാൻ ഓഫ് ദ് സീരിസും വേറെങ്ങും പോയില്ല, അശ്വിന്റെ കയ്യിലേക്കല്ലാതെ. ഇന്ത്യയ്ക്കു പരമ്പര നേട്ടം.
വെസ്റ്റിൻഡീസിനെ പിന്നെയും അശ്വിൻ വെറുതെ വിട്ടില്ല. 2016ൽ വിൻഡീസിന്റെ ‘കഴുത്തിൽ പിടിച്ചത്’ അവരുടെ നാട്ടിൽവച്ചാണ്. ആദ്യ ഇന്നിങ്സിൽ വിരാട് കോലി (200), ശിഖർ ധവാൻ (84) എന്നിവരോടൊപ്പം 113 റൺസുമായി അശ്വിനും കത്തിക്കയറി. ഇന്ത്യ – 8 വിക്കറ്റിന് 566.
വിൻഡീസിനെ ആദ്യ ഇന്നിങ്സിൽ 243 പൂട്ടിക്കെട്ടിയെങ്കിലും അശ്വിന് വിക്കറ്റൊന്നും കിട്ടിയില്ല. അവർ ഫോളോ ഓൺ ചെയ്യേണ്ടിവന്നു. ആദ്യ ഇന്നിങ്സിലെ ‘കലിപ്പുകൂടി’ തീർത്തായി ബോളിങ്. ഒരു ഇന്നിങ്സിനും 92 റൺസിനും എതിരാളിയെ ഇന്ത്യ തോൽപിച്ചപ്പോൾ അശ്വിന്റെ പോക്കറ്റൽ വീണത് 7 വിക്കറ്റ്. കൂടെപ്പോന്നു അടുത്ത മാൻ ഓഫ് ദ് മാച്ച് പുരസ്കാരം. മൂന്നാംവട്ടമാണ് ‘അശ്വിൻമേധം’ ഈ മാസം ചെന്നൈയിൽ കണ്ടത്.
∙ ചരിത്രം കൂടെക്കൂട്ടി
ടെസ്റ്റ് ക്രിക്കറ്റിൽ ഓൾറൗണ്ട് മികവുമായി ഈ മനുഷ്യനെപ്പോലെ ഞെട്ടിച്ചയാൾ വേറെയുണ്ടോ എന്നു സംശയം. അതാണ് – ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം. 5 വിക്കറ്റും സെഞ്ചുറിയുമായി തിളങ്ങിയത് 4 തവണ. ന്യൂസീലൻഡ് (2 മത്സരങ്ങളിൽ), പാക്കിസ്ഥാൻ, ഓസ്ട്രേലിയ എന്നിവർക്കെതിരെയായിരുന്നു പ്രകടനം. 10 വിക്കറ്റ്– സെഞ്ചുറി നേട്ടവുമുണ്ട്. 1980ൽ ഇന്ത്യൻ ടീമാണ് ആ ചൂടറിഞ്ഞത്. മുംബൈയിൽ (അന്നു ബോംബെ) നടന്ന മത്സരത്തിൽ, ഒരിന്നിങ്സിൽ അടിച്ചെടുത്തത് 114 റൺസ്. ആ മത്സരത്തിൽ ആകെ വീഴ്ത്തിയത് 13 വിക്കറ്റ്.
∙ 10 വിക്കറ്റ് + സെഞ്ചുറി
ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും പത്തോ, അതിൽ അധികമോ വിക്കറ്റും നേടിയ അധികം പേരില്ല. ഇന്ത്യയ്ക്കെതിരെ ഇയാൻ ബോതത്തെ കൂടാതെ ഇമ്രാൻ ഖാനും ആ നേട്ടമുണ്ട്. 1983ൽ ഫൈസലാബാദിൽ നടന്ന മത്സരത്തിൽ 117 റൺസും 2 ഇന്നിങ്സിലുമായി 11 വിക്കറ്റും നേടി. 2014ൽ സിംബാബ്വെയ്ക്ക് എതിരെ ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസൻ 137 റൺസും 10 വിക്കറ്റും നേടി.
English Summary: History of Five Wicket Haul and Century in a Test Match