ADVERTISEMENT

നീണ്ട 15 വർഷങ്ങൾ, പക്ഷേ മികവിന്റെ ആ ‘കനൽ’ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ മലയാളി താരം എസ്.ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം പലർക്കുമുള്ള ശക്തമായ മറുപടിയാണ്. 2006നു ശേഷം ഇതാദ്യമായാണ് ശ്രീശാന്തിന്റെ അഞ്ചു വിക്കറ്റ് നേട്ടം. ഏഴു വർഷങ്ങൾക്കുശേഷം ക്രിക്കറ്റ് കളത്തിലേക്കുള്ള തിരിച്ചുവരവ് വെറുതെയല്ല എന്ന സൂചനയും ബെംഗളൂരുവിലെ കെഎസ്‌സിഎ സ്റ്റേഡിയത്തില്‍ മൂളിപ്പറന്ന ശ്രീയുടെ ‘തീപാറുന്ന’ പന്തുകൾക്ക് ഉണ്ടായിരുന്നു.

2006നു ശേഷം ആദ്യമായാണ് ശ്രീശാന്ത് ലിസ്റ്റ് എ മത്സരത്തിൽ അ‍ഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്. രാജ്യാന്തര മത്സരങ്ങളിൽ നാലു തവണയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ടെസ്റ്റിൽ മൂന്നു തവണയും ഏകദിനത്തിൽ ഒരു തവണയും. ഇതിൽ കരിയർ ബെസ്റ്റ് പെർഫോമൻസായ ഇംഗ്ലണ്ടിനെതിരെയുള്ള ആറ് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.

2006 ഏപ്രിൽ 15ന് ഇൻഡോറിൽ നടന്ന ഏകദിനത്തിലാണ് ശ്രീശാന്ത്, 55 റൺസ് വിട്ടുകൊടുത്ത് ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് കൊയ്തത്. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ഇതായിരുന്നു. പിന്നീട് അതേവർഷംതന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലും 2009, 2011 വർഷങ്ങളിൽ യഥാക്രമം ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ടെസ്റ്റിലും ശ്രീശാന്ത് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

പതിറ്റാണ്ടിന്റെ കാത്തിരിപ്പ്

2011 ജനുവരിയിൽ കേപ് ടൗണിൽ നടന്ന െടസ്റ്റ് മത്സരത്തിനു ശേഷം, ഒരു പതിറ്റാണ്ടിനുശേഷമാണ് ശ്രീശാന്ത് തിങ്കളാഴ്ച, വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ 5 വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത്. കൂറ്റൻ സ്കോറിലേക്കു നീങ്ങിയ യുപിയെ ശ്രീശാന്തിന്റെ ഉഗ്രൻ സ്പെല്ലാണ് 283 റൺസിൽ ഒതുക്കിയത്. ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

sreesanth-1200-3
ശ്രീശാന്ത്

അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ 43ാം ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.

50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്തിന്റെ ആദ്യ വിക്കറ്റ്. അവസാന നാലു വിക്കറ്റുകൾ വീഴ്ത്തിയതു മൂന്ന് ഓവറിനിടെ.

‘സഹതാപം വേണ്ട’

‘8 വർഷം കാത്തിരിക്കാമെങ്കിൽ ഇനിയുമാകാം. 38 വയസ്സേ ആയിട്ടുള്ളൂ. ഐപിഎലിൽ കളിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ അടുത്ത സീസണിൽ അല്ലെങ്കിൽ അതിനടുത്തതിൽ നിശ്ചയമായും ഉണ്ടാകും. ആരുടെയും സഹതാപം വേണ്ട.’– ഈ സീസണിലെ ഐപിഎൽ താരലേലത്തിനുള്ള അന്തിമപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ ശ്രീശാന്തിന്റെ പ്രകടനം ഇങ്ങനെയായിരുന്നു. ഇത് വെറുംവാക്കല്ലെന്ന് തിങ്കളാഴ്ചത്തെ പ്രകടനം സൂചിപ്പിക്കുന്നു

ടൂർണമെന്റിൽ, ഒഡീഷയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ശ്രീ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഐപിഎൽ താരലേലത്തിനുള്ള പ്രാഥമിക പട്ടികയിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. എന്നാൽ റജിസ്റ്റർ ചെയ്ത 1114 താരങ്ങളിൽനിന്ന് 822 പേരെ ഒഴിവാക്കിയപ്പോൾ, അതിൽ ശ്രീശാന്തും പേരും ഉൾപ്പെട്ടു.

ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ടീമിൽ. അല്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പ് ടീമിൽ. ഇതു ലക്ഷ്യംവച്ചാണ് ശ്രീശാന്ത് കളത്തിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യൻ ടീം പ്രവേശത്തിനുള്ള പ്രധാന ‘ജാലകമായ’ ഐപിഎല്ലിൽ കളിക്കാൻ സാധിക്കാത്ത ശ്രീശാന്തിന് വലിയ നഷ്ടം തന്നെയാണ്. പക്ഷേ ആഭ്യന്തര മത്സരങ്ങളിൽ സ്ഥിരതയുള്ള പ്രകടനം പുറത്തെടുത്താൽ ദേശീയ ടീമിൽ ഇനിയും അവസരം ലഭിച്ചു കൂടായ്കയില്ല.

വെറുതെവന്നു 2 ഓവർ എറിഞ്ഞു വിരമിക്കാനില്ല എന്ന ശ്രീശാന്തിന്റെ വാക്കുകൾ എല്ലാ സ്പോർട്സ് താരങ്ങൾക്കും ഒരു പ്രചോദനംതന്നെയാണ്. പ്രമുഖ താരങ്ങൾ പലരും വിരമിച്ച പ്രായത്തിൽ, ശ്രീശാന്തിന്റെ ഈ ആത്മവിശ്വാസം തീർച്ചയായും ആ ‘കനൽ’ കെട്ടിട്ടില്ലെന്ന ഉറപ്പുനൽകുന്നുമുണ്ട്.

ശ്രീശാന്തിന്റെ 5 വിക്കറ്റ് നേട്ടങ്ങൾ

ഏകദിനം

∙ 2006 ഏപ്രിൽ 15– ഇംഗ്ലണ്ടിനെതിരെ ഇന്‍ഡോറിൽ (55 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ്)

ടെസ്റ്റ്

∙ 2006 ഡിസംബർ 15– ദക്ഷിണാഫിക്കയ്‌ക്കെതിരെ ജൊഹനസ്ബർഗിൽ

∙ 2009 നവംബർ 25– ശ്രീലങ്കയ്‌ക്കെതിരെ കാൻപുരിൽ

∙ 2011 ജനുവരി 2 ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണിൽ

ലിസ്റ്റ് എ

∙ 2006ൽ ഒരു 5 വിക്കറ്റ് നേട്ടം

∙ 2021– യുപിക്കെതിരെ 65 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ്

Content Highlights: Vijay Hazare Trophy, S Sreesanth, KCA, Kerala Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com