ADVERTISEMENT

ബെംഗളൂരു∙ ബാറ്റിങ്ങിലും ബോളിങ്ങിലും യുപിയെ ഒരുപോലെ ‘വരിഞ്ഞുമുറുക്കി’ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഉത്തർപ്രദേശിനെതിരെ 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം, 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൂന്നു വിക്കറ്റ് വിജയം.

ഓപ്പണർ റോബിൻ ഉത്തപ്പ(55 പന്തിൽ 81), ക്യാപ്റ്റൻ സച്ചിൻ ബേബി (83 പന്തിൽ 76) എന്നിവരുടെ അർധസെഞ്ചുറികളാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുപി, 49.4 ഓവറിൽ 283 റൺസിന് പുറത്തായിരുന്നു. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഉത്തർപ്രദേശിനെ 300ന് താഴെ സ്കോറിൽ ഒതുക്കിയത്.

ആദ്യ മത്സരത്തിലെ സെഞ്ചുറി വീരൻ ഉത്തപ്പ, ഈ മത്സരത്തിലും തകർപ്പൻ ബാറ്റിങ്ങാണ് കാഴ്ചവച്ചത്. അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ വിഷ്ണു വിനോദിനെ (21 പന്തിൽ 7) കേരളത്തിന് നഷ്ടമായി. അപ്പോൾ സ്കോർ ബോർഡിൽ 18 റൺസ് മാത്രം. രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണെ കൂട്ടുപിടിച്ചായിരുന്നു ഉത്തപ്പയുടെ ‘ട്വന്റി20’ ബാറ്റിങ്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തു.

തുടർച്ചയായ രണ്ടാം സെഞ്ചുറിയിലേക്ക് കുതിച്ച ഉത്തപ്പയെ പക്ഷേ 18ാം ഓവറിൽ ശിവം ശർമ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ സഞ്ജുവും (32 പന്തിൽ 29) പുറത്തായി. പിന്നീട്, ക്യാപ്റ്റൻ സച്ചിൻ ബേബി, വത്‌സൽ ഗോവിന്ദിനെയും (39 പന്തിൽ 30), ജലജ് സക്സേനയും (49 പന്തിൽ 31) കൂട്ടുപിടിച്ച് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. ഇവർ പുറത്തായെങ്കിലും 49ാം ഓവറിൽ റോജിത് ഗണേഷും (5 പന്തിൽ പുറത്താകാതെ 6), എം.ഡി. നിധീഷും (6 പന്തിൽ പുറത്താകാതെ 13) ചേർന്നു വിജയ റൺ കുറിച്ചു. മുഹമ്മദ് അസ്ഹറുദ്ദീൻ ഒരു റൺ എടുത്ത് പുറത്തായി.

5 വിക്കറ്റ് ‘ശ്രീ’

ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശ്രീശാന്തിന്റെ തകർപ്പൻ ബോളിങ്ങിലൂടെയാണ് കേരളം, ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയത്. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.

അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ 43 ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.

50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്തിന്റെ ആദ്യ വിക്കറ്റ്. അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.

കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്‌സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.

കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂർണമെന്റിൽ, ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തിൽ കേരളം 34 റൺസിന് വിജയിച്ചിരുന്നു. റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം.

English Summary: Vijay Hazare Trophy: Kerala vs Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com