അഹമ്മദാബാദ് ∙ പിങ്ക് പന്ത് ഇന്ത്യയ്ക്കു നിറമുള്ള ഓർമയാണ്; അതേസമയം, മറക്കാൻ ആഗ്രഹിക്കുന്ന ദുഃസ്വപ്നവുമാണ്. 2019 നവംബറിൽ തങ്ങളുടെ പ്രഥമ പിങ്ക് ബോൾ പകൽ–രാത്രി ടെസ്റ്റിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ ബംഗ്ലദേശിനെ തോൽപിച്ചത് ഇന്നിങ്സിനും 46 റൺസിനുമാണ്. എന്നാൽ, 2020 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡിലെ പിങ്ക് ടെസ്റ്റിന്റെ 2–ാം ഇന്നിങ്സ് ഇന്ത്യയ്ക്കു നാണക്കേടിന്റേതായി; പുറത്തായത് 36 റൺസിന്. ആ മത്സരം തോൽക്കുകയും ചെയ്തു. പിങ്ക് പന്തുമായുള്ള മൂന്നാമങ്കത്തിനു മൊട്ടേരയിലെ വമ്പൻ സ്റ്റേഡിയത്തിൽ ഇന്നിറങ്ങുമ്പോൾ വിജയം മാത്രമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം കാണാം.
പരമ്പര 1–1നു സമനിലയിലാണ്. 2–1നോ 3–1നോ പരമ്പര ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്കു ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാനാകൂ. ഒന്നുകിൽ രണ്ടും ജയിക്കണം. അല്ലെങ്കിൽ ഒന്നിൽ ജയിച്ച്, അടുത്തതിൽ സമനില പിടിക്കണം. രണ്ടും ജയിച്ചാലേ ഇംഗ്ലണ്ടിനു സാധ്യതയുള്ളൂ.
2014നുശേഷം ആദ്യമായിട്ടാണു മൊട്ടേര ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്നത്. ചെപ്പോക്കിലെ 2–ാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തിയ ആതിഥേയർക്കായി സ്പിന്നിനു മേൽക്കൈ നൽകുന്ന പിച്ച് മൊട്ടേരയിലും ഒരുക്കുമെന്നാണു പൊതുവെയുള്ള പ്രതീക്ഷ. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും ഇതേ പ്രതീക്ഷയാണു പങ്കുവച്ചത്: ‘ആർ.അശ്വിനെയും അക്ഷർ പട്ടേലിനെയും സഹായിക്കുന്ന പിച്ചാകും ഇവിടെയുള്ളത്.’
എന്നാൽ, ആദ്യ 2 പിങ്ക് ടെസ്റ്റുകളിലും പേസിന്റെ കനം ഇന്ത്യ ശരിക്കറിഞ്ഞതാണ്. ഈഡനിൽ ഇഷാന്ത് ശർമയും ഉമേഷ് യാദവും കൂടി വീഴ്ത്തിയതു ബംഗ്ലദേശിന്റെ 17 വിക്കറ്റുകളാണ്. അഡ്ലെയ്ഡിൽ മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് ഓസീസ് പേസ് ത്രയം ഇന്ത്യയുടെ 17 വിക്കറ്റുകളാണെടുത്തത്. ഫ്ലഡ്ലൈറ്റിനു കീഴിൽ പിങ്ക് പന്ത് സ്വിങ് ചെയ്യുമോ? അങ്ങനെ വന്നാൽ ജോഫ്ര ആർച്ചറെക്കാൾ ജയിംസ് ആൻഡേഴ്സനാകും ഇന്ത്യൻ നിരയ്ക്കു ഭീഷണി ഉയർത്തുക. ഇന്ത്യൻ പേസർ ഇഷാന്ത് ശർമ പറഞ്ഞത് ‘പുതിയ ഗ്രൗണ്ടിലെ പിച്ചിനെപ്പറ്റി ഞങ്ങൾക്കു വലിയ ധാരണയില്ല’ എന്നാണ്. എന്നാൽ, ആൻഡേഴ്സന്റെ അഭിപ്രായത്തിൽ ‘ഒരുതരി പുല്ലില്ലാത്ത പിച്ചാകും’ മൊട്ടേരയിലേത്. ഇന്ത്യൻ ടീമിലേക്കു കുൽദീപ് യാദവിനു പകരം പരുക്കു ഭേദമായ ഉമേഷ് യാദവ് എത്തിയേക്കും.

∙നാട്ടിലെ പരമ്പരകളിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിലേക്ക് ഇവിടെ ജയിച്ചാൽ വിരാട് കോലിക്കെത്താം. ചെന്നൈയിലെ ജയത്തോടെ ധോണിയുടെ 21 വിജയങ്ങൾക്കൊപ്പമാണു കോലി.
∙ഇവിടെ ഒരു സെഞ്ചുറി നേടിയാൽ രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയടിച്ച ക്യാപ്റ്റനെന്ന നേട്ടം വിരാട് കോലിക്കു സ്വന്തമാകും. 41 സെഞ്ചുറികളുമായി കോലിയും ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ്.
∙ഇന്ത്യ ഇതുവരെ 2 പിങ്ക് ടെസ്റ്റുകൾ കളിച്ചു. ഒന്നിൽ ജയം, ഒന്നിൽ തോൽവി.
∙ഇംഗ്ലണ്ട് ഇതുവരെ 3 പിങ്ക് ടെസ്റ്റുകൾ കളിച്ചു. ഒന്നിൽ ജയിച്ചു. രണ്ടെണ്ണം തോറ്റു.
∙ഇതുവരെയുള്ള 15 പിങ്ക് ടെസ്റ്റുകളിൽ എട്ടിലും ജയിച്ചത് ടോസ് നേടിയ ടീമാണ്.
∙ടെസ്റ്റ് മത്സരങ്ങൾക്കു സാധാരണ ഉപയോഗിക്കുന്ന ചുവപ്പു പന്ത് ഫ്ലഡ്ലൈറ്റിൽ കാണാൻ പ്രയാസമായതിനാലാണു പകൽ–രാത്രി മത്സരങ്ങളിൽ പിങ്ക് പന്ത് ഉപയോഗിക്കുന്നത്.
∙മൊട്ടേരയിലെ പഴയ ഗ്രൗണ്ടിൽ ഇന്ത്യയും ഇംഗ്ലണ്ടും 2 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 2001ൽ സമനില. 2012ൽ ഇന്ത്യയ്ക്കു ജയം.
ഗാവസ്കറും കപിലും
സുനിൽ ഗാവസ്കർ ടെസ്റ്റിൽ 10,000 റൺസ് പൂർത്തിയാക്കിയതു മൊട്ടേരയിലെ പഴയ ഗ്രൗണ്ടിലാണ്. കപിൽ ദേവിന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും (9–83) ഇതേ വേദിയിൽത്തന്നെ. റിച്ചഡ് ഹാഡ്ലിയുടെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളുടെ അന്നത്തെ റെക്കോർഡ് കപിൽ മറികടന്നതും ഇവിടെവച്ചുതന്നെയാണ്.
പിച്ച് ദുരൂഹം
ഈ പിച്ചിനെപ്പറ്റി ഞങ്ങൾക്കു പരിമിതമായ അറിവേയുള്ളൂ. ഇന്നു രാവിലെകൂടി പിച്ച് പരിശോധിച്ച ശേഷമേ പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കൂ. ജോഫ്ര ആർച്ചർ തിരിച്ചെത്തും. പിച്ചിലെ ചില ഘടകങ്ങൾ ഞങ്ങൾക്ക് അനുകൂലമാകുമെന്നാണു കരുതുന്നത്.
ജോ റൂട്ട് ,ഇംഗ്ലണ്ട് ക്യാപ്റ്റൻ
സ്പിന്നും പേസും
മൊട്ടേരയിലെ പിച്ചിൽ പിങ്ക് പന്ത് സ്വിങ് ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ല. ചുവപ്പു പന്തിനെക്കാളും കൂടുതൽ സ്വിങ് നൽകുന്നതു പിങ്ക് പന്തുകളാണ്. സ്പിന്നിനും ഈ മത്സരത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടാവും.
വിരാട് കോലി , ഇന്ത്യൻ ക്യാപ്റ്റൻ
Content Highlights: Ahmedabad day-night Test