ADVERTISEMENT

ജയ്പുർ∙ ഫോംഔട്ടായതിനെ തുടർന്ന് ഇന്ത്യൻ ടീമിൽനിന്ന് ‘ഔട്ടായെ’ങ്കിലും, വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും പൃഥ്വി ഷായുടെ ഐതിഹാസിക ‘ഷോ’! തകർപ്പൻ സെഞ്ചുറിയുമായി ഇത്തവണ വിജയ് ഹസാരെ ട്രോഫിക്ക് തുടക്കമിട്ട പൃഥ്വി ഷാ, ഇത്തവണ ഞെട്ടിച്ചത് ഇരട്ടസെഞ്ചുറിയുമായി. ഇത്തവണ ചെറുമീനുകളായ പുതുച്ചേരിയാണ് പൃഥ്വി ഷായുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. തകർത്തടിച്ച് ഇരട്ടസെഞ്ചുറി നേടിയ പൃഥ്വി ഷായ്ക്കൊപ്പം ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ച സൂര്യകുമാർ യാദവിന്റെ സെഞ്ചുറി കൂടിയായതോടെ വിജയ് ഹസാരെ ട്രോഫിയിലെ റെക്കോർഡ് സ്കോറും മുംബൈയുടെ പേരിലായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 457 റൺസ്!

ഇതോടെ, വിജയ് ഹസാരെ ട്രോഫിയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും മുംബൈയുടെ പേരിലായി. ദിവസങ്ങൾക്കു മുൻപ് മധ്യപ്രദേശിനെതിരെ ജാർഖണ്ഡ് സ്വന്തമാക്കിയ റെക്കോർഡാണ് മുംബൈ തിരുത്തിയത്. അന്ന് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ജാർഖണ്ഡ് 422 റൺസാണ് അടിച്ചത്. 2010ൽ റെയിൽവേസിനെതിരെ മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 412 റൺസിന്റെ റെക്കോർഡാണ് അന്ന് തകർന്നത്.

ഇത്തവണ ശ്രേയസ് അയ്യരുടെ അഭാവത്തിൽ ക്യാപ്റ്റനായി പ്രമോഷൻ ലഭിച്ച പൃഥ്വി ഷാ, ഓപ്പണറായിറങ്ങിയാണ് ഇരട്ടസെഞ്ചുറി കുറിച്ചത്. മത്സരത്തിലാകെ 152 പന്തുകൾ നേരിട്ട ഷാ, 31 ഫോറും അഞ്ച് സിക്സും സഹിതം 227 റൺസുമായി പുറത്താകാതെ നിന്നു. തുടക്കം മുതലേ തകർത്തടിച്ച ഷാ വെറും 27 പന്തിലാണ് അർധസെഞ്ചുറി പിന്നിട്ടത്. 65 പന്തിൽ സെഞ്ചുറിയും 104 പന്തിൽ 150ഉം പിന്നിട്ടു. ഒടുവിൽ 142 പന്തിലാണ് ഷായുടെ ഇരട്ടസെഞ്ചുറി നേട്ടം.

ട്വന്റി20യെയും വെല്ലുന്ന ഇന്നിങ്സുമായി കളംനിറഞ്ഞ സൂര്യകുമാർ, 58 പന്തിൽ 133 റൺസടിച്ചു. 22 ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്സ്. മൂന്നാം വിക്കറ്റിൽ പൃഥ്വി ഷാ – സൂര്യകുമാർ സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് മുംബൈയ്ക്ക് റെക്കോർഡ് സ്കോർ സമ്മാനിച്ചത്. വെറും 91 പന്തുകൾ ക്രീസിൽനിന്ന ഇരുവരും 201 റൺസാണ് മുംബൈ സ്കോർബോർഡിൽ എത്തിച്ചത്.

മുംബൈയ്ക്കായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദിത്യ താരെ അർധസെഞ്ചുറി നേടി. 64 പന്തുകൾ നേരിട്ട താരെ, ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ താരെയ്ക്കൊപ്പം പൃഥ്വി ഷാ കൂട്ടിച്ചേർത്ത 153 റൺസാണ് മുംബൈ ഇന്നിങ്സിന് അടിസ്ഥാനമിട്ടത്. മുംബൈ നിരയിൽ നിരാശപ്പെടുത്തിയത് 16 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത യുവ ഓപ്പണർ യശ്വസി ജയ്സ്വാൾ മാത്രം. അവസാന ഓവറുകളിൽ സ്കോറുയർത്താനുള്ള ശ്രമത്തിൽ ശിവം ദുബെയും (ഏഴു പന്തിൽ രണ്ട് സിക്സ് സഹിതം 16) പുറത്തായി. ഷാർദുൽ താക്കൂർ നാലു പന്തിൽ ആറു റൺസുമായി ഷായ്ക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ, വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്ക്കായി ആദ്യ മത്സരത്തിലും പൃഥ്വി ഷാ സെഞ്ചുറി നേടിയിരുന്നു. അന്നും തകർത്തടിച്ച് സെഞ്ചുറി നേടിയ ഷായാണ് ഡൽഹിക്കെതിരെ മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 89 പന്തുകൾ നേരിട്ട പൃഥ്വി ഷാ, 15 ഫോറും രണ്ടു സിക്സും സഹിതം 105 റൺസുമായി പുറത്താകാതെ നിന്നു. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഷായെ, മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു.

English Summary: Prithvi Shaw Hits Double Ton in Vijay Hazare Trophy, Live Scores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com