sections
MORE

സച്ചിന്റെ മകൻ മുംബൈ ഇന്ത്യൻസിൽ എത്തിയത് ‘മാനേജ്മെന്റ് ക്വോട്ട’ വഴി?

arjun-tendulkar
അർജുൻ തെൻഡുൽക്കർ (ഫയൽ ചിത്രം)
SHARE

സെലിബ്രിറ്റികളുടെ മക്കളായി ജീവിക്കുക ഒട്ടും എളുപ്പമല്ല. അച്ഛനോ അമ്മയോ തിളങ്ങിയ മേഖല തന്നെയാണ് മക്കൾ തിരഞ്ഞെടുക്കുന്നതെങ്കിൽ പറയുകയും വേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളിലൊരാളായ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ക്രിക്കറ്റ് തിരഞ്ഞെടുത്തതോടെ അനുഭവിക്കുന്നത് അതാണ്.

ആഭ്യന്തര ക്രിക്കറ്റിൽ പലവട്ടം കഴിവു തെളിയിച്ചിട്ടും ഏതെങ്കിലും ഐപിഎൽ ടീമിന്റെ ബെഞ്ചിലിരിക്കാൻ പോലും കഴിയാതെ നൂറുകണക്കിനു ക്രിക്കറ്റർമാർ നിശബ്ദം വിരമിച്ചു തീരുന്ന ഇന്ത്യയിൽ അർജുൻ തെൻഡുൽക്കറിന്റെ അനായാസമുള്ള ഐപിഎൽ പ്രവേശം ചോദ്യം ചെയ്യപ്പെടാവുന്നതു തന്നെ. സച്ചിൻ ക്യാപ്റ്റനും മെന്ററുമായിരുന്ന മുംബൈ ഇന്ത്യൻസിലേക്ക് അർജുനെ പരിഗണിച്ചതിൽ ‘മാനേജ്മെന്റ് ക്വോട്ട’ ആരോപണം ഉന്നയിക്കുന്നവരെ അതിനാൽ തെറ്റുപറയാൻ പറ്റില്ല.

എന്നാൽ മുംബൈ ടീം മാനേജ്മെന്റിന്റെ രീതികൾ പരിഗണിച്ചാൽ ഇതു പൂർണമായി ശരിയായിക്കൊള്ളണമെന്നില്ല. ഒട്ടും അറിയപ്പെടാത്ത താരങ്ങളിലെ പ്രതിഭയെ കണ്ടുപിടിച്ച് ലോകത്തിനു മുന്നിൽ ചാംപ്യൻമാരായി മാറ്റുന്നതാണ് അവരുടെ ശീലം. ജസ്പ്രീത് ബുമ്രയെയും ഹാർദിക് പാണ്ഡ്യ – ക്രുനാൽ പാണ്ഡ്യ സഹോദരൻമാരെയും ഇന്ത്യൻ ടീമിനു ലഭിച്ചത് മുംബൈ ഇന്ത്യൻസിലെ പ്രകടനംകൊണ്ടാണ്. മുംബൈയ്ക്കു വേണ്ടി ജോൺ റൈറ്റ് നടത്തിയ കണ്ടെത്തലാണ് ഇന്ത്യയുടെ ഇന്നത്തെ നമ്പർ വൺ ബോളറായ ജസ്പ്രീത് ബുമ്ര. പിന്നീട് കശ്മീരിൽനിന്നുള്ള റസീഖ് സാലത്തിനെപ്പോലുള്ള കളിക്കാരെയും മുംബൈ പരീക്ഷിച്ചിട്ടുണ്ട്. എല്ലാം ക്ലിക്കായില്ലെന്നേയുള്ളൂ. അവർ പരീക്ഷണം തുടരുകയാണ്. അർജുനെക്കാൾ മോശം റെക്കോർഡുകളുള്ളവരും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടംനേടിയിട്ടുണ്ട്.

ഇടംകയ്യൻ പേസറും ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാനുമായ അർജുന്റെ സമീപ കാല പ്രകടനം അത്ര മെച്ചമല്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ 2 മത്സരങ്ങളിലാണ് മുംബൈക്കായി ഇറങ്ങിയത്. നേടിയത് 3 റൺസും രണ്ടു വിക്കറ്റും. എന്നാൽ അർജുനിൽനിന്ന് മികച്ച പ്രകടനം തീരെ വന്നില്ലെന്നു പറയാൻ പറ്റില്ല.

2019ൽ ബിസിസിഐ അണ്ടർ 23 ട്രോഫിയിൽ 98 റൺസ് ശരാശരിയിൽ 195 റൺസും 7 വിക്കറ്റും നേടി പേസ് ബോളിങ് ഓൾറൗണ്ടറുടെ തരക്കേടില്ലാത്ത പ്രകടനം അർജുൻ നടത്തിയിരുന്നു. ഇതേ ടൂർണമെന്റിൽ 52 റൺസും 5 വിക്കറ്റും നേടിയ പ്രിൻസ് ബൽവന്ത് റായ് മുംബൈ ടീമിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. കൂടാതെ ഇത്തവണ അർജുനൊപ്പം മുംബൈ ടീമിലെത്തിച്ച യുദ്‌വിർ ചരകിന്റെ കളിക്കണക്കുകൾ പരിഗണിക്കുമ്പോൾ മനസ്സിലാകും മുംബൈ കണക്കുകളിലല്ല കളിക്കാരന്റെ ഏതെങ്കിലും പ്രത്യേക മികവിലാണ് ശ്രദ്ധയൂന്നുന്നതെന്ന്. ചരക് ഹൈദരാബാദിനായി 6 ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 63 റൺസ് ശരാശരിയിൽ 3 വിക്കറ്റാണ് നേട്ടം. നേടിയത് 24 റൺസും.

അർജുന്റെ കാര്യത്തിൽ ഇന്ത്യൻ ടീമിനായും ഇംഗ്ലണ്ടിൽ ഇംഗ്ലിഷ് ടീമിനായും വനിതാ ടീമിനായുമെല്ലാം നെറ്റ്സിൽ പന്തെറിഞ്ഞതിന്റെ പരിചയസമ്പത്തുണ്ട്. പേസറാകാൻ കൊതിച്ച് സാധിക്കാതെ പോയ അച്ഛന്റെ മകൻ, ഒരുപക്ഷേ മുംബൈ ഇന്ത്യൻസിലെ പരിശീലനത്തിലൂടെ മികച്ച പേസ് ബോളിങ് ഓൾറൗണ്ടറായി മാറിയേക്കാം. നമുക്ക് കാത്തിരിക്കാം കഴിവില്ലെങ്കിൽ പിടിച്ചു നിൽക്കാനാകില്ലെന്ന് മുൻ താരപുത്രൻമാർ തന്നെ ഉദാഹരണങ്ങളായി ഉണ്ടല്ലോ...

English Summary: Arjun Tendulkar Moves To Mumbai Indians Through IPL 2021 Auction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA