ADVERTISEMENT

ബെംഗളൂരു∙ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ ബിഹാറിനെതിരെ മിന്നൽ ബാറ്റിങ്ങുമായി കേരളം കുറിച്ച ആവേശജയം വെറുതെയല്ല. ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ സാധ്യത സജീവമാക്കാൻ മികച്ച വിജയം അത്യാവശ്യമായിരുന്നതിനാലാണ് ടി10 സ്റ്റൈലിൽ കേരളം മിന്നൽ ബാറ്റിങ് പുറത്തെടുത്തത്. 40.2 ഓവറിൽ ബിഹാർ നേടിയ 148 റൺസ് വെറും 53 പന്തുകളിലാണ് കേരളം മറികടന്നത്. അതും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ. 30 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത എസ്.ശ്രീശാന്താണു ബിഹാറിനെ തകർത്തത്. ഇന്നിങ്സിലെ 2–ാം ഓവറിൽ ശ്രീ 2 വിക്കറ്റെടുത്തതോടെ 2ന് 3 റൺസെന്ന നിലയിലേക്ക് എതിരാളികൾ തകർന്നു. ജലജ് സക്സേന 3 വിക്കറ്റും എം.ഡി.നിധീഷ് 2 വിക്കറ്റും അക്ഷയ് ചന്ദ്രൻ ഒരു വിക്കറ്റുമെടുത്തു.‌

വേഗം ജയിച്ച് നെറ്റ് റൺറേറ്റ് ഉയർത്തുകയെന്ന ലക്ഷ്യവുമായി ക്രീസിലെത്തിയ കേരളത്തിനായി ഓപ്പണർമാരായ റോബിൻ ഉത്തപ്പയും (32 പന്തുകളിൽ പുറത്താകാതെ 87 റൺസ്) വിഷ്ണു വിനോദും (12 പന്തുകളിൽ 37) മിന്നൽ ബാറ്റിങ്ങാണു നടത്തിയത്. സഞ്ജു സാംസൺ 9 പന്തുകളിൽ 24 റൺസെടുത്തതോടെ 8.5 ഓവറിൽ കേരളം വിജയത്തിലെത്തി.

∙ ക്വാർട്ടർ ഇങ്ങനെ

5 എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്റിൽ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളും നേരിട്ടു ക്വാർട്ടറിലെത്തും. പോയിന്റിൽ മൂന്നാമതുള്ള ഏറ്റവും മികച്ച എലീറ്റ് ടീം, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളുമായി എലിമിനേറ്റർ കളിച്ചു ക്വാർട്ടറിലെത്തും. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു. മികച്ച റൺറേറ്റുള്ള ഉത്തർപ്രദേശും ക്വാർട്ടറിലെത്തി. ഇനി 2 ടീമുകൾക്കാണ് എലീറ്റ് ഗ്രൂപ്പിൽനിന്നു സാധ്യത.

∙ കേരളത്തിന്റെ സാധ്യത

5 കളികളിൽ കേരളത്തിന് 16 പോയിന്റ്. നെറ്റ് റൺറേറ്റ്: 1.244. 5 കളികളിൽ ബറോഡയ്ക്ക് 16 പോയിന്റ്. റൺറേറ്റ്: 0.399. 4 കളികളിൽ ഡൽഹിക്ക് 12 പോയിന്റ്. റൺറേറ്റ്: .0473. ഇന്നു ഡൽഹി വൻ മാർജിനിൽ രാജസ്ഥാനെ തോൽപിച്ചാൽ അവർ കേരളത്തിനും ബറോഡയ്ക്കും മുന്നിലെത്തി നേരിട്ടു ക്വാർട്ടറിലേക്ക്. 8–ാം സ്ഥാനക്കാരായി കേരളത്തിനു പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി എലിമിനേറ്റർ കളിക്കാം. ഡൽഹി തോറ്റാൽ കേരളത്തിന് ക്വാർട്ടറിൽ കടക്കാം. ബറോഡയ്ക്കും അവസരം തെളിയും.

English Summary: Kerala's Chances in Vijay Hazare Trophy 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com