ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, ഇത്തവണ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ നഷ്ടമായി റോബിൻ ഉത്തപ്പയെന്ന വെറ്ററൻ താരം മാറുമോ? വിജയ് ഹസാരെ ഏകദിന ടൂർണമെന്റിന്റെ തിരക്കുകൾക്കിടെ, ക്രിക്കറ്റ് വൃത്തങ്ങളിൽ ഇപ്പോഴത്തെ സജീവ ചർച്ച ഈ ചോദ്യവുമായി ബന്ധപ്പെട്ടാണ്. വിജയ് ഹസാരെ ട്രോഫിയിൽ കേരളം ഇക്കുറി ക്വാർട്ടറിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ, അതിൽ ഏറ്റവും നിർണായകമായ പ്രകടനം കാഴ്ചവച്ചത് മുപ്പത്തഞ്ചുകാരനായ ഉത്തപ്പയാണ്. അഞ്ച് മത്സരങ്ങളിൽ രണ്ട് സെഞ്ചുറികൾ, സെഞ്ചുറിയുടെ വക്കോളമെത്തിയ രണ്ട് അർധസെഞ്ചുറികൾ.. കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് അതിഥി താരമായി കേരളത്തിന് കളിക്കുന്ന റോബിൻ ഉത്തപ്പയെന്ന പാതി മലയാളി!

മിന്നുന്ന ഫോമിൽ കളിക്കുന്ന ഉത്തപ്പ എങ്ങനെയാണ് ഐപിഎല്ലിൽ രാജസ്ഥാന്‍ റോയൽസിന്റെ നഷ്ടമാകുന്നത് എന്നല്ലേ? ഇത്തവണ ഐപിഎൽ താരലേലത്തിനു മുന്നോടിയായി ട്രേഡിങ് വിൻഡോയിലൂടെ രാജസ്ഥാൻ റോയൽസ് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് വിറ്റ താരമാണ് ഉത്തപ്പ!  കഴിഞ്ഞ വർഷം മൂന്നു കോടി രൂപയ്ക്കാണ് ഉത്തപ്പയെ രാജസ്ഥാൻ സ്വന്തമാക്കിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉത്തപ്പയ്‌ക്ക് ഉയരാനാകാതെ പോയതോടെയാണ് ഇത്തവണ ചോദിച്ചപ്പോൾത്തന്നെ രാജസ്ഥാൻ ഉത്തപ്പയെ ചെന്നൈയ്ക്ക് കൈമാറിയത്. ഇക്കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിൽനിന്നു 119.51 സ്ട്രൈക്ക് റേറ്റിൽ ഉത്തപ്പ നേടിയത് വെറും 196 റൺസാണ്.

താരത്തെ ടീമിലെത്തിച്ചപ്പോൾ ഏറെ പഴിയും പരിഹാസവും കേട്ടെങ്കിലും, വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനത്തോടെ ഉത്തപ്പയെ കയ്യടികളോടെ സ്വീകരിക്കുകയാണ് ‘തല’യുടെയും സംഘത്തിന്റെയും ആരാധകർ. രാജസ്ഥാൻ റോയൽസ് ആരാധകരോ? അവിശ്വസനീയതയോടെ തലയിൽ കൈവച്ചിരിക്കുന്നു.

ഈ സീസണിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽനിന്ന് 93.75 ശരാശരിയിൽ 375 റൺസാണ് ഉത്തപ്പയുടെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 135.37. കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഏഴാമനാണെങ്കിലും ടീമിന്റെ വിജയത്തിന് നൽകിയ സംഭാവനകളുമായി തട്ടിച്ചുനോക്കുമ്പോൾ, ഉത്തപ്പയുടെ ഇംപാക്ട് എത്രയോ അധികമാണ്! കൂടുതൽ റൺസ് നേടിയ കേരള താരങ്ങളുടെ പട്ടികയിൽ ഒന്നാമനും ഉത്തപ്പ തന്നെ.

ഈ സീസണിൽ കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തും ഉത്തപ്പയുണ്ട്. മൂന്ന് സെഞ്ചുറിയുമായി കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഒന്നാമതുള്ള പട്ടികയിൽ, രണ്ട് സെഞ്ചുറിയുമായി രണ്ടാമതാണ് ഉത്തപ്പ. ബിഹാറിനെതിരായ മത്സരത്തിൽ 32 പന്തിൽനിന്ന് ഉത്തപ്പ 87 റൺസടിച്ചപ്പോഴേയ്ക്കും കേരളം ജയിച്ചതുകൊണ്ട് മാത്രം നഷ്ടമായത് ഒരു സെഞ്ചുറി! കളിച്ച അഞ്ചിൽ നാലു മത്സരങ്ങളിലും ഉത്തപ്പ 50 കടന്നുവെന്ന പ്രത്യേകതയുമുണ്ട്.

ബാറ്റിങ് വിസ്ഫോടനത്തിന്റെ വേദിയെന്ന നിലയിൽ ഐപിഎലിനു മുൻപേ ചെന്നൈ സൂപ്പർ കിങ്സിനെ സന്തോഷിപ്പിക്കുന്ന ഒരു പ്രധാന ഘടകം കൂടിയുണ്ട്. ഇത്തവണ വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവും കൂടുതൽ സിക്സടിച്ച താരം ഉത്തപ്പയാണ്! അഞ്ച് മത്സരങ്ങളിൽനിന്ന് ആകെ സമ്പാദ്യം 23 സിക്സറുകൾ! രണ്ടാം സ്ഥാനത്തുള്ള ദേവ്ദത്ത് പടിക്കലിന് ഉള്ളത് 18 സിക്സറുകൾ മാത്രം!

ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിലും ഉത്തപ്പ മുന്നിലുണ്ട്. ബിഹാറിനെതിരായ മത്സരത്തിൽ നേടിയ 10 സിക്സറുകളുമായി ഉത്തപ്പ രണ്ടാമതാണ്. മധ്യപ്രദേശിനെതിരെ 173 റൺസടിച്ച ഇന്നിങ്സിൽ 11 സിക്സറുകൾ നേടിയ ജാർഖണ്ഡ‍് ക്യാപ്റ്റൻ ഇഷാൻ കിഷൻ മാത്രം മുന്നിൽ. ഒരു ഇന്നിങ്സിൽ 80ൽ കൂടുതൽ റൺസ് നേടിയ താരങ്ങളിൽ കൂടിയ സ്ട്രൈക്ക് റേറ്റും ഉത്തപ്പയ്ക്കാണ്. ബിഹാറിനെതിരെ 271.87 !

ഉത്തപ്പ @ വിജയ് ഹസാരെ ട്രോഫി 2021

∙ സീസണിലെ ആദ്യ മത്സരത്തിൽ ഒഡീഷയ്‌ക്കെതിരെ സെഞ്ചുറിയടിച്ചാണ് ഉത്തപ്പ തുടക്കം കുറിച്ചതുതന്നെ. 85 പന്തിൽനിന്ന് 10 ഫോറും നാലു സിക്സും സഹിതം 125.88 സ്ട്രൈക്ക് റേറ്റിൽ 107 റൺസടിച്ച ഉത്തപ്പയുടെ മികവിൽ മഴനിയമപ്രകാരം കേരളം ജയിച്ചത് 34 റൺസിന്.

∙ രണ്ടാം മത്സരത്തിൽ ഉത്തപ്പയുടെ ബാറ്റിന്റെ ചൂടറിഞ്ഞത് ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലെത്തിയ ഉത്തർപ്രദേശ് ബോളിങ് നിര. ഇത്തവണ 284 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിനായി ഉത്തപ്പ വെറും 55 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 81 റൺസ്. എട്ടു ഫോറും നാലു സിക്സും സഹിതം 147.27 സ്ട്രൈക്ക് റേറ്റിലായിരുന്നു ഇത്. മത്സരം കേരളം മൂന്നു വിക്കറ്റിന് ജയിച്ചു.

∙ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിരുന്ന റെയിൽവേസിന്റെ വിജയക്കുതിപ്പിന് മൂന്നാം മത്സരത്തിൽ കേരളം ചുവപ്പുകൊടി കാട്ടിയതും ഉത്തപ്പയുടെ കരുത്തിലാണ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 351 റൺസ്. ഉത്തപ്പ 104 പന്തിൽ എട്ടു ഫോറും അഞ്ച് സിക്സും സഹിതം 100 റൺസ് നേടി.

∙ നിലവിലെ ചാംപ്യൻമാരും സ്വന്തം നാട്ടുകാരുമായ കർണാടകയ്‌ക്കെതിരായ മത്സരത്തിലാണ് ആദ്യമായി ഉത്തപ്പയുടെ ബാറ്റ് ശബ്ദിക്കാതെ പോയത്. ഉത്തപ്പ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായ മത്സരത്തിൽ കേരളം ദയനീയമായി തോറ്റു.

∙ കർണാടകയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ പറ്റാത്തതിന്റെ വിഷമം ബിഹാറിനോടാണ് ഉത്തപ്പ തീർത്തത്. ക്വാർട്ടർ സാധ്യത സജീവമാക്കി നിലനിർത്താൻ വൻ വിജയം ആവശ്യമായിരുന്ന കേരളത്തിനായി ഉത്തപ്പ 32 പന്തിൽ നാലു ഫോറും 10 സിക്സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ഫലം, വെറും 53 പന്തിൽ 149 റൺസ് വിജയലക്ഷ്യം മറികടന്ന കേരളം ക്വാർട്ടറിനരികെ നിൽക്കുന്നു

∙ ഉത്തപ്പ @ ഐപിഎൽ

ഐപിഎല്ലിന്റെ എല്ലാം സീസണിലും കളിച്ചിട്ടുള്ള 35കാരനായ ഉത്തപ്പ, ഇതിനുമുൻപു മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പുണെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റെഡേഴ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇതുവരെ 189 മത്സരങ്ങളിൽനിന്ന് 129.99 സ്ട്രൈക്ക് റേറ്റിൽ 4607 റൺ‌സാണ് ഉത്തപ്പയുടെ സമ്പാദ്യം. അതിൽ 24 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 2014 സീസണിൽ 660 റൺസ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റോബിൻ ഉത്തപ്പ, കൊൽക്കത്തയുടെ രണ്ടാം ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

എന്നാൽ കഴിഞ്ഞ രണ്ടു സീസണിലും ഉത്തപ്പയ്ക്ക് തിളങ്ങാനായില്ല. 2019ൽ കൊൽക്കത്തയ്ക്കായി 282 റൺസ് മാത്രമാണ് ഉത്തപ്പ നേടിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ജഴ്സിയിൽ എത്തിയിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. 12 മത്സരങ്ങളിൽനിന്നു 119.51 സ്ട്രൈക്ക് റേറ്റിൽ നേടിയത് വെറും 196 റൺസ്. ഇതിനു പിന്നാലെയാണ് അടുത്ത സീസണ് മുന്നോടിയായി ഉത്തപ്പയെ റിലീസ് ചെയ്യാൻ രാജസ്ഥാൻ തീരുമാനിച്ചത്.

English Summary: Robin Uthappa Shines for Kerala in Vijay Hazare Trophy 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com