sections
MORE

ഇന്ന് 44–ാം ജന്മദിനമെന്ന് അഫ്രീദി; അപ്പോൾ 16–ാം വയസ്സിലെ റെക്കോർഡ് സെഞ്ചുറി?

afridi-century
SHARE

ഇസ്‍ലാമാബാദ്∙ രാജ്യാന്തര ഏകിനത്തിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പറയുന്നതുപോലെ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി തന്നെയാണോ? വർഷങ്ങളായി ക്രിക്കറ്റ് ലോകത്തെ ചൂഴ്ന്നു നിൽക്കുന്ന അഫ്രീദിയുടെ പ്രായം എത്രയെന്ന ചോദ്യം വീണ്ടും ദുരൂഹമാക്കി ജന്മദിനത്തോട് അനുബന്ധിച്ച് അഫ്രീദിയുടെ ട്വീറ്റ്. ഇതുപ്രകാരം അഫ്രീദിക്ക് ഇന്ന് 44 വയസ് പൂർത്തിയായി. 16–ാം വയസ്സിൽ അഫ്രീദി ഏകദിന സെഞ്ചുറി നേടിയെന്ന് ഇന്നും റെക്കോർഡ് പുസ്തകത്തിൽ സൂക്ഷിക്കുന്ന ഐസിസിയുടെ കണക്കുപ്രകാരം, അഫ്രീദിക്ക് ഇപ്പോഴും 41 വയസ് മാത്രമേയുള്ളൂ!

‘ഇന്ന് 44 വയസ് പൂർത്തിയായി. എല്ലാവരുടെയും ജന്മദിനാശംസകൾക്ക് നന്ദി. കുടുംബാംഗങ്ങളും ആരാധകരുമാണ് എന്നും എന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോൾ മുൾട്ടാനൊപ്പമുള്ള നാളുകൾ ആസ്വദിക്കുകയാണ്. മുൾട്ടാൻ സുൽത്താൻ ആരാധകർക്കായി മാച്ച് വിന്നിങ് പ്രകടനങ്ങൾ പുറത്തെടുക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ’ – അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

തനിക്ക് 44 വയസ് പൂർത്തിയായെന്ന് അഫ്രീദി തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും ഐസിസിയുടെ റെക്കോർഡ് ബുക്കിൽ ഏറ്റവും പ്രായം കുറഞ്ഞ ഏകദിന സെഞ്ചുറി ഇപ്പോഴും അതേ അഫ്രീദിയുടെ പേരിലാണ്. 1996 ഒക്ടോബർ നാലിന് മുത്തയ്യ മുരളീധരൻ ഉൾപ്പെടുന്ന ശ്രീലങ്കയ്‌ക്കെതിരെയാണ് അഫ്രീദി 102 റൺസ് നേടിയത്. അന്ന് അഫ്രീദിക്ക് 16 വയസ്സും 217 ദിവസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ഐസിസിയുടെ കണക്ക്.

∙ സംഭവിച്ചത് എന്ത്?

1996ൽ സിംബാബ്‌വെ കൂടി ഉൾപ്പെട്ട കെസിഎ ശതാബ്ദി ടൂർണമെന്റിലാണ് അഫ്രീദി നയ്റോബിയിൽ ശ്രീലങ്കയ്‌ക്കെതിരെ തകർത്തടിച്ച് സെഞ്ചുറി നേടിയത്. ഇതേ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്ക് എതിരെയായിരുന്നു അഫ്രീദിയുടെ ഏകദിന അരങ്ങേറ്റമെങ്കിലും, ആദ്യ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. പിന്നീട് രണ്ടാം മത്സരത്തിലാണ് ആദ്യമായി ബാറ്റിങ്ങിന് ഇറങ്ങുന്നത്. അന്ന് സെഞ്ചുറിയുമായി റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു.

1990കളിൽ അത്ര കേട്ടുപരിചയം പോലുമില്ലാത്ത വേഗത്തിൽ വറും 37 പന്തിൽനിന്നാണ് അന്ന് അഫ്രീദി സെഞ്ചുറി പിന്നിട്ടത്. അതും മുത്തയ്യ മുരളീധരനും ചാമിന്ദ് വാസും ഉൾപ്പെടുന്ന ബോളിങ് നിരയ്‌ക്കെതിരെ. ഏകദിനത്തിൽ പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ചുറിയെന്ന നേട്ടത്തിനൊപ്പം, ഏകദിനത്തിലെ വേഗം കൂടിയ സെഞ്ചുറിയെന്ന നേട്ടവും അഫ്രീദി സ്വന്തമാക്കി. 

ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറിയെന്ന നേട്ടം 18 വർഷത്തോളം കാലം അഫ്രീദിയുടെ പേരിലായിരുന്നു. പിന്നീട് 36 പന്തിൽ സെഞ്ചുറിയടിച്ച ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് ഈ റെക്കോർഡ് തിരുത്തിയത്. അതിനുശേഷം വെസ്റ്റിൻഡീസിനെതിരെ 31 പന്തിൽനിന്ന് സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ആ റെക്കോർഡ് ഒന്നുകൂടി പരിഷ്കരിച്ചു.

വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ് തകർക്കപ്പെട്ടെങ്കിലും പ്രായം കുറഞ്ഞ താരത്തിന്റെ ഏകദിന സെഞ്ചുറിയെന്ന റെക്കോർഡ് ഇന്നും അഫ്രീദിയുടെ പേരിൽ തുടരുന്നു. 2014ൽ 17 വർഷവും 242 ദിവസവും പ്രായമുള്ളപ്പോൾ സിംബാബ്‍വെയ്ക്കെതിരെ സെഞ്ചുറി നേടിയ അഫ്ഗാനിസ്ഥാൻ താരം ഉസ്മാൻ ഗനിയാണ് റെക്കോർഡ് ബുക്കിൽ രണ്ടാമത്. 

അഫ്രീദിയുടെ യഥാർഥ പ്രായത്തെക്കുറിച്ച് പലപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ട്. ഐസിസി രേഖകളിലുള്ള 1980 അല്ല തന്റെ ജനന വർഷമെന്നും 1975 ആണെന്നും 2019ൽ തന്റെ ആത്മകഥയിലൂടെ അഫ്രീദി വെളിപ്പെടുത്തിയിരുന്നു. എങ്കിലും റെക്കോർഡ് ബുക്കിൽ ഏകദിന സെഞ്ചുറിയ നേടിയ പ്രായം കുറഞ്ഞ താരം ‘പതിനാറുകാരൻ അഫ്രീദി’ തന്നെ!

English Summary: Shahid Afridi thanks fans on birthday but creates more confusion on his age with his tweet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA