ADVERTISEMENT

അഹമ്മദാബാദ് ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനു വേണ്ടി കയ്യടിച്ച് ഒട്ടും ശീലമില്ല ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകർക്ക്. പക്ഷേ നാളെ മൊട്ടേരയിൽ ഇന്ത്യ–ഇംഗ്ലണ്ട് 4–ാം ടെസ്റ്റിന് തുടക്കമാകുമ്പോൾ ഓസീസ് ആരാധകർ പ്രാ‍ർഥിക്കുന്നത് ആഷസ് പരമ്പരയിലെ ചിരവൈരികളായ ഇംഗ്ലിഷ് ടീമിന്റെ വിജയത്തിനു വേണ്ടിയാണ്.

കാരണം ലളിതം: ഇംഗ്ലണ്ട് ജയിച്ചാലേ ഓസ്ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യത നേടാനാവൂ. മത്സരം സമനിലയായാൽ പോലും പരമ്പര ജയിച്ച് ഇന്ത്യ ഫൈനലിൽ കടക്കും. ജൂണിൽ ലോർഡ്സിൽ നടക്കുന്ന ഫൈനലിലേക്ക് ന്യൂസീലൻഡ് നേരത്തേ യോഗ്യത നേടിക്കഴിഞ്ഞു.

∙ സാധ്യതകൾ ഇങ്ങനെ

പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2–1നു മുന്നിലാണ്. 4–ാം ടെസ്റ്റ് സമനിലയാക്കിയോ ജയിച്ചോ പരമ്പര നേടിയാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ എന്നതാണ് ഇന്ത്യയ്ക്കു മുന്നിലുള്ള സമവാക്യം. പരമ്പര സമനിലയായാൽ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ഫൈനലിലെത്തും.

3–ാം ടെസ്റ്റിലെ 10 വിക്കറ്റ് തോൽവിയോടെ ഇംഗ്ലണ്ടിന്റെ സാധ്യത അസ്തമിച്ചു കഴിഞ്ഞു. ‘‘ഈ ടെസ്റ്റിൽ ഞങ്ങൾക്കൊരു താൽപര്യമുണ്ടെന്നത് സത്യമാണ്. ഇംഗ്ലണ്ട് കാര്യങ്ങളെല്ലാം നന്നായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..’’– ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ആൻഡ്രൂ മക്ഡോണൾഡ് പറഞ്ഞു. ട്വന്റി20 പരമ്പരയ്ക്കു വേണ്ടി ന്യൂസീലൻഡിലാണ് ഓസ്ട്രേലിയൻ ടീം ഇപ്പോൾ.

∙ വീണ്ടും ചുവപ്പു പന്ത്

പകൽ–രാത്രി മത്സരമായ 3–ാം ടെസ്റ്റിൽ പിങ്ക് പന്ത് ആയിരുന്നെങ്കിൽ, 4–ാം ടെസ്റ്റ് പരമ്പരാഗതമായ ചുവപ്പു പന്തിലുള്ള പകൽ മത്സരം തന്നെയാണ്. 2 ദിവസം കൊണ്ട് തോറ്റു പോയ പിങ്ക് ബോൾ ടെസ്റ്റിനെക്കുറിച്ചും പിച്ചിനെക്കുറിച്ചും ടീം അധികം ആലോചിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീച്ച് പറഞ്ഞു. ‘പിച്ചിനെ വീണ്ടും വീണ്ടും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അത്തരം പ്രതികൂല സാഹചര്യങ്ങളിലും കളിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു..’’.

സ്പിൻ പിച്ച് തന്നെയായിരിക്കും എന്ന വിലയിരുത്തലിൽ പേസ് ബോളർമാരിൽ ആർക്കെങ്കിലും വിശ്രമം നൽകി ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഡോം ബെസിനെ കളിപ്പിക്കും. ഇന്ത്യൻ നിരയിൽ പേസ് ബോളർ ബുമ്ര കളിക്കില്ല.

∙ പിച്ചിനെ ട്രോളി മൈക്കൽ വോൺ

ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന പിച്ചിനെ ട്രോളി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഉഴുതുമറിച്ചിട്ട ഒരു സ്ഥലത്ത് ബാറ്റു ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് വോൺ കുറിച്ചതിങ്ങനെ: ‘‘4–ാം ടെസ്റ്റിനുള്ള ഒരുക്കം നന്നായി പോകുന്നു..’’ എന്നാൽ ഇന്ത്യൻ ആരാധകർ വോണിനെ തിരിച്ചും ട്രോളി. വോൺ ബാറ്റു ചെയ്യുന്നതിന് അപ്പുറമുള്ള പുൽത്തകിടി പരാമർശിച്ചുള്ള ഒരു കമന്റിങ്ങനെ: ‘അപ്പുറം കാണുന്നതെല്ലാം ഇംഗ്ലണ്ടിലെ പിച്ചുകളാണ്..’

English Summary: India Vs England 4th Cricket Test Begins Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com