ADVERTISEMENT

അഹമ്മബാദാബ്∙ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ പിച്ചിനെച്ചൊല്ലി ഉടലെടുത്ത വിവാദത്തിൽ ‘ഇന്ത്യയുടെ പക്ഷം പിടിച്ച്’ ഇംഗ്ലണ്ട് ടീമംഗം ജോഫ്ര ആർച്ചർ. ജീവിതത്തിൽ കുറേയേറെ പരാതികൾ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന് ആർച്ചർ അഭിപ്രായപ്പെട്ടു. പിച്ചിനെ അത്ര ഗൗരവത്തിലെടുക്കേണ്ട കാര്യം പോലുമില്ല. ഇംഗ്ലണ്ടിലും ടെസ്റ്റ് മത്സരങ്ങൾ വേഗത്തിൽ അവസാനിക്കാറുണ്ടെന്ന് ആർച്ചർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിന്റെ താരമാണ് ആർച്ചർ.

ആതിഥേയരായ ഇന്ത്യ ‌വെറും രണ്ടു ദിവസംകൊണ്ട് വിജയം നേടിയതോടെയാണ് സ്പിന്നിനെ അതിരുവിട്ട് അനുകൂലിച്ച അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ച് വിവാദവിഷയമായത്. ഇത്തരം പിച്ചുകൾ ടെസ്റ്റ് മത്സരത്തെ നശിപ്പിക്കുമെന്ന് വിമർശിച്ചവരിൽ ഇന്ത്യയുടെ തന്നെ മുൻ താരങ്ങളുമുണ്ട്. ഇതിനിടെയാണ് അതേ ടെസ്റ്റിൽ കളിച്ച ആർച്ചർ ഇന്ത്യയുടെ ഭാഗം പറഞ്ഞ് രംഗത്തെത്തിയത്.

‘എന്നെ സംബന്ധിച്ച് ഏതു പിച്ചിലാണ് കളിക്കുന്നത് എന്നത് ബാധിക്കുന്ന വിഷയമേയല്ല. വൈഫൈ കിട്ടുന്നില്ലെന്നൊക്കെ അല്ലാതെ ജീവിതത്തിൽ ഇതിനുമാത്രം പരാതികൾ കൊണ്ടുനടന്നിട്ട് കാര്യമില്ല. അതു തീർച്ച’ – ആർച്ചർ പറഞ്ഞു.

‘മൂന്നു വർഷം മുൻപ് ഗ്ലാമോർഗനെതിരായ മത്സരം ഞങ്ങൾ അഞ്ച് സെഷനുള്ളിൽ ജയിച്ചിട്ടുണ്ട്. പിന്നീട് സസെക്സുമായി കരാറിലെത്തിയ ആദ്യ മത്സരത്തിൽ ലെസ്റ്റർഷയറിനെ രണ്ടു ദിവസത്തിനുള്ളിൽ തോൽപ്പിച്ച ചരിത്രവുമുണ്ട്. ഇംഗ്ലണ്ടിലും അതിവേഗം ടെസ്റ്റ് മത്സരങ്ങൾ അവസാനിക്കുന്ന പതിവുണ്ടെന്ന് ചുരുക്കം’ – ആർച്ചർ പറഞ്ഞു.

‘സത്യസന്ധമായി ചിന്തിച്ചുനോക്കൂ. ഇന്ത്യയിൽ കളിക്കാൻ വരുമ്പോൾ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന് നാം സ്വാഭാവികമായി പ്രതീക്ഷിക്കേണ്ടതല്ലേ? അതുകൊണ്ട് ഇതൊന്നും വലിയ പ്രശ്നമാക്കേണ്ട. ബാറ്റിങ് അത്ര എളുപ്പമല്ലെന്നല്ലേയുള്ളൂ’ – ആർച്ചർ ചൂണ്ടിക്കാട്ടി.

English Summary: Matches finish quickly in England too: Jofra Archer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com