ADVERTISEMENT

അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചൊരുക്കി സന്ദർശകരെ ‘കുഴിയിൽ ചാടിച്ചെന്ന’ വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ രംഗത്ത്. പേസ് ബോളിങ്ങിന് അനുകൂലമായ പിച്ചൊരുക്കി ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ സ്വന്തം നാട്ടിലെ പരമ്പരകളിൽ നേട്ടം കൊയ്യുമ്പോഴും, ഇന്ത്യ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കുന്നതിനെ എല്ലാവരും വിമർശിക്കുന്നത് ആശ്ചര്യകരമാണെന്ന് ഓജ അഭിപ്രായപ്പെട്ടു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന കന്നി ടെസ്റ്റിൽ, സ്പിന്നർമാരുടെ കരുത്തിൽ ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയിരുന്നു. ഗുജറാത്തുകാരൻ കൂടിയായ അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ മികവിലാണ് ഇന്ത്യ അഹമ്മദാബാദ് ടെസ്റ്റിൽ രണ്ടു ദിവസംകൊണ്ട് ജയിച്ചുകയറിയത്

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലും സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിലാണ് ഇന്ത്യ വിജയം കൊയ്തതെന്ന വിമർശനവുമായി ഒട്ടേറെ മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ മുൻ താരങ്ങളായ മൈക്കൽ വോൺ, കെവിൻ പീറ്റേഴ്സൻ, അലസ്റ്റയർ കുക്ക് തുടങ്ങിയവർ അഹമ്മദാബാദ് പിച്ചിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലിഷ് താരങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഓജയുടെ രംഗപ്രവേശം.

‘സ്റ്റുവാർട്ട് ബ്രോഡ് വെറും 15 റൺസ് മാത്രം വഴങ്ങി എട്ടു വിക്കറ്റെടുത്ത മത്സരം ഓർമയില്ലേ? അന്ന് അദ്ദേഹം ബോൾ ചെയ്ത പിച്ചിനെക്കുറിച്ചുകൂടി രണ്ടു വാക്ക് എല്ലാവരും സംസാരിക്കൂ. എന്തൊരു പിച്ചായിരുന്നു അത്? പച്ചപ്പു നിറഞ്ഞ സീമിങ് വിക്കറ്റുകളിൽ ടെസ്റ്റ് മത്സരങ്ങൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിച്ചാൽ അത് വളരെ നല്ലത്. പക്ഷേ, പന്ത് ചെറുതായൊന്ന് സ്പിൻ ചെയ്യാൻ തുടങ്ങിയാൽ അപ്പോൾ പ്രശ്നം തുടങ്ങും. അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങൾക്ക് ഇത്തരം വേദികൾ അനുകൂലമല്ലെന്ന വാദമുയരും’ – ഓജ ചൂണ്ടിക്കാട്ടി.

‘ടെസ്റ്റ് മത്സരങ്ങൾ എന്നതിന്റെ വ്യാഖ്യാനം എന്താണ്? ഏതു പ്രതലത്തിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നു എന്നു തന്നെയാണ്. പേസ് ബോളിങ് വിക്കറ്റുകളിൽ മാത്രമാണ് നിങ്ങൾ പരീക്ഷിക്കപ്പെടേണ്ടതെന്ന് ഒരിടത്തും എഴുതിവച്ചിട്ടില്ല. സ്പിന്നിങ് വിക്കറ്റുകളിൽ പരീക്ഷിക്കപ്പെടേണ്ടതില്ല എന്നും ഒരിടത്തും എഴുതിയിട്ടില്ല’ – ഓജ ചൂണ്ടിക്കാട്ടി.

‘ഞങ്ങളുടെ ബോളർമാർ മികച്ച രീതിയിൽ ബോൾ ചെയ്തു എന്നതാണ് വാസ്തവം. അശ്വിനും അക്ഷറും എറിഞ്ഞ പന്തുകൾ നോക്കൂ. ഓരോ പന്തും സ്റ്റംപിനു നേരെയായിരുന്നു. പേസ് പിച്ചിലായാലും സ്പിൻ പിച്ചിലായാലും പന്ത് കുതിച്ചു പൊങ്ങുകയോ കുത്തിത്തിരിയുകയോ ചെയ്താൽ ബാറ്റ്സ്മാന്റെ ശ്രദ്ധ പതറും’ – ഓജ ചൂണ്ടിക്കാട്ടി.

‘ഞങ്ങളുടെ ബോളർമാർ അഹമ്മദാബാദ് ടെസ്റ്റിൽ ലൈനും ലെങ്തും ശ്രദ്ധിച്ചാണ് ബോൾ ചെയ്തത്. അതുകൊണ്ടാണ് കുറേയേറെ വിക്കറ്റുകൾ ലെഗ് ബിഫോറിലൂടെ ലഭിച്ചത്. അതുകൊണ്ടാണ് തിരിയുന്ന പന്തുകൾ കൂടുതൽ ഫലപ്രദമായത്’ – ഓജ വിശദീകരിച്ചു.

2015 ഓഗസ്റ്റ് ആറു മുതൽ നോട്ടിങ്ങാമിൽ നടന്ന ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലാണ് പേസ് ബോളർമാരെ അതിരറ്റ് തുണച്ച പിച്ചിൽ സ്റ്റുവാർട്ട് ബ്രോഡ് 9.3 ഓവറിൽ അഞ്ച് മെയ്ഡൻ ഓവറുകൾ സഹിതം 15 റൺസ് മാത്രം വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയത്. അന്ന് ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ വെറും 60 റൺസിന് എല്ലാവരും പുറത്തായിരുന്നു. മത്സരം ഇംഗ്ലണ്ട് ഇന്നിങ്സിനും 78 റൺസിന് ജയിക്കുകയും ചെയ്തു.

English Summary: ‘Please talk about Stuart Broad's 8 for 15, What kind of a wicket was that’: Ojha slams criticism of 3rd Test pitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com