sections
MORE

ടെസ്റ്റിൽ കപിലിന് 434 വിക്കറ്റ്, 8 സെഞ്ചുറി; അശ്വിൻ 401 വിക്കറ്റ്, 5 സെഞ്ചുറി ‘നോട്ടൗട്ട്’

ashwin-kapil-dev
രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്
SHARE

ആറടി രണ്ടിഞ്ച് ഉയരമുണ്ട് രവിചന്ദ്രൻ അശ്വിൻ എന്ന ആർ.അശ്വിന്. ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിനു നൽ‍കുന്ന വിജയങ്ങൾക്കും തലപ്പൊക്കം ഏറെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ മൂന്നാമതാണ് അശ്വിൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായ കപിൽദേവിന്റെ 434 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിനരികിൽ 401 വിക്കറ്റുകളുമായി അശ്വിൻ എത്തിനിൽക്കുന്നു. കപിൽദേവ് എട്ട് ടെസ്റ്റ് സെഞ്ചുറികൾ നേടിയപ്പോൾ അശ്വിൻ അഞ്ചെണ്ണം നേടിക്കഴിഞ്ഞു.

ഇന്ത്യയുടെ അണ്ടർ 17 ടീമിൽ ഓപ്പണിങ് ബാറ്റ്സ്മാനായി വന്ന അശ്വിൻ പത്തു വർഷത്തോളമായി ഇന്ത്യൻ സ്പിൻ ബോളിങ് വിഭാഗത്തിന്റെ തലവനായി മിന്നിത്തിളങ്ങുന്നു. ടീം ആവശ്യപ്പെട്ട സമയത്തൊക്കെ അശ്വിന്റെ ബാറ്റ് റൺസും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ മുൻനിര തകർന്നപ്പോൾ വിരാട് കോലിയുമൊത്ത് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുകയും കോലി പുറത്തായപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ പിഴുത് ഇന്ത്യയെ ഉജ്വല വിജയത്തിലുമെത്തിച്ചു.

ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ കഴിഞ്ഞില്ലെങ്കിലും ടെസ്റ്റ് ടീമിൽ അനിവാര്യനാണ് അശ്വിൻ. അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും വച്ചൊഴിഞ്ഞുപോയെ സ്പിൻ സിംഹാസനം പോരാട്ടവീര്യത്തിലൂടെ സ്വന്തമാക്കി ഈ തമിഴ്നാട്ടുകാരൻ. 132 ടെസ്റ്റിൽ നിന്ന് 619 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെ, 131 ടെസ്റ്റിൽ നിന്ന് 434 വിക്കറ്റ് നേടിയ കപിൽദേവ്, 103 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റ് നേടിയ ഹർഭജൻ സിങ് എന്നിവരാണ് അശ്വിനേക്കാൾ ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ ബോളർമാർ. വെറും 77 ടെസ്റ്റിൽ നിന്ന് 401 വിക്കറ്റ് നേടിയ അശ്വിനേക്കാൾ വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയത് 73 ടെസ്റ്റിൽ നിന്ന് 400 വിക്കറ്റെടുത്ത മുത്തയ്യ മുരളീധരൻ മാത്രമാണ്. 2011 നവംബർ 6ന് വെസ്റ്റിൻഡീസിന് എതിരെയായിരുന്നു അശ്വിന്റെ ടെസ്റ്റ് അരങ്ങേറ്റം. അശ്വിന് ടെസ്റ്റ് ക്യാപ് നൽകിയത് ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറാണ്.

ഇന്ത്യ ചാംപ്യന്മാരായ 2011ലെ ഏകദിന ലോകകപ്പ് ടീം അംഗമായിരുന്നെങ്കിലും വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ ടീമുകൾക്കെതിരായ രണ്ട് മത്സരങ്ങളിൽ മാത്രമേ കളിക്കാ‍ൻ അവസരം കിട്ടിയുള്ളൂ. 2013ൽ ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ നാല് മത്സരങ്ങളിൽ നിന്ന് 29 വിക്കറ്റുകൾ നേടി മാൻ ഓഫ് ദ് സീരിസ് ആയ അശ്വിൻ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായി. 2013ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ രോഹിത് ശർമയുമൊത്ത് ഏഴാം വിക്കറ്റിൽ 280 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. ആ മത്സരത്തിൽ അശ്വിൻ സെഞ്ചുറിയും നേടി. അശ്വിന്റെ അഞ്ച് ടെസ്റ്റ് സെഞ്ചുറികളിൽ നാലെണ്ണം വെസ്റ്റിൻഡീസിന് എതിരെയാണ്. ഒരെണ്ണം ഇംഗ്ലണ്ടിന് എതിരെയും.

2016ൽ ഐസിസിയുടെ പ്ലെയർ ഓഫ് ദ് ഇയർ, മികച്ച ടെസ്റ്റ് പ്ലെയർ എന്നീ പുരസ്കാരങ്ങൾ നേടി. രാഹുൽ ദ്രാവിഡിനു ശേഷം ഈ രണ്ട് നേട്ടവും ഒരുമിച്ചു സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ കളിക്കാരനായി അശ്വിൻ. 77 ടെസ്റ്റിൽ നിന്ന് 401 വിക്കറ്റ് നേടിയ അശ്വിൻ ഏഴുതവണ 10 വിക്കറ്റ് നേട്ടവും 29 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 111 ഏകദിന മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടി. ഐപിഎല്ലിൽ ചെന്നൈ ടീമിൽ ആദ്യം കളിച്ച അശ്വിൻ ഒരു വർഷം കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനുമായിരുന്നു. ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് താരമാണ്. 34 വയസുള്ള അശ്വിൻ ഉജ്വല ഫോം തുടർന്നാൽ 500 ടെസ്റ്റ് വിക്കറ്റ് എന്ന നാഴികക്കല്ലും പിന്നിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary: Ravichandran Ashwin and Kapil Dev, Test Career Comparison

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA