ADVERTISEMENT

ആന്റിഗ്വ∙ ശ്രീലങ്കയ്ക്കെതിരെ ഒരു ഓവറിൽ ആറ് സിക്സുകൾ പറത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറൺ പൊള്ളാർഡ്. വിൻഡീസ്– ശ്രീലങ്ക ഒന്നാം ട്വന്റി20 മത്സരത്തിലാണ് പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് വെടിക്കെട്ട്. ക്യാപ്റ്റന്റെ ബാറ്റിങ് കരുത്തിൽ വിൻഡീസ് ലങ്കയ്ക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വിജയലക്ഷ്യം മറികടന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ് ഹാട്രിക്ക് വിക്കറ്റും വീഴ്ത്തി നിൽക്കുകയായിരുന്ന അഖില ധനഞ്ജയ എറിഞ്ഞ ആറാം ഓവറിലാണ് പൊള്ളാർഡ് സിക്സറുകൾ ആറെണ്ണം പറത്തിയത്. ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തും സിക്സ് പറത്തുന്ന മൂന്നാമത്തെ താരമായി പൊള്ളാർഡ്.

11 പന്തുകൾ നേരിട്ട താരം 38 റൺസെടുത്ത് പുറത്തായി. താരം ആകെ നേടിയതും ആറ് സിക്സുകള്‍ മാത്രമാണ്, പേരിന് ഒരുഫോർ പോലുമില്ല. ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സും ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്ങുമാണ് മുൻപ് ഈ നേട്ടം കൈവരിച്ച രണ്ട് താരങ്ങൾ. ഗിബ്സ് 2007 ലോകകപ്പിൽ നെതർ‌ലൻഡ്സിനെതിരെയും യുവരാജ് 2007 ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുമാണ് ഒരു ഓവറിൽ ആറ് സിക്സ് പറത്തിയത്. മൂന്നാമതും സിക്സ് നേടിയപ്പോൾ ആറെണ്ണം അടിക്കുമെന്നു തോന്നിയതായി പൊള്ളാർഡ് മത്സരശേഷം പറഞ്ഞു.

അതേസമയം പൊള്ളാര്‍ഡിന്റെ ബാറ്റിങ് ആക്രമണോത്സുകമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ഏഞ്ചലോ മാത്യുസ് വ്യക്തമാക്കി. പൊള്ളാർഡിന്റെ വിക്കറ്റ് നേടാൻ ശ്രമിക്കാനാണ് അഖില ധനഞ്ജയയോടു പറഞ്ഞത്. ഒരിക്കലെങ്കിലും പൊള്ളാർഡിന്റെ ഭാഗത്തുനിന്ന് പാളിയാൽ വിക്കറ്റ് ഉറപ്പായിരുന്നു. എന്നാൽ അതുണ്ടായില്ല– ലങ്കൻ ക്യാപ്റ്റൻ വ്യക്തമാക്കി. 

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും നോക്കിയാലും ഇതുവരെ എട്ടു താരങ്ങൾ മാത്രമാണ് ഒരു ഓവറിൽ ആറ് സിക്സുകൾ‌ നേടിയത്. വിൻഡീസ് താരമായ ഗാർഫീൽഡ് സോബേഴ്സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 1968ൽ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിനിടെയായിരുന്നു സോബേഴ്സ് ആറ് സിക്സ് നേടിയത്.

English Summary: Kieron Pollard hits six sixes off hat-trick man Akila Dananjaya in T20I triumph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com