ADVERTISEMENT

അഹമ്മദാബാദ്∙ ഇത് ഋഷഭ് പന്തിന്റെ ലോകമാണ്. നാമെല്ലാം ഇവിടെ ജീവിക്കുന്നു എന്നേയുള്ളൂ’ – ട്വിറ്ററിലെ പുത്തൻ താരോദയമായ മുൻ ക്രിക്കറ്റ് താരം കൂടിയായ വസിം ജാഫറിന്റെ ട്വീറ്റ് ആണിത്. അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് എന്തായിരിക്കും? അത് മനസ്സിലാക്കാൻ ഇതേ ട്വീറ്റിന്റെ തുടക്കം ശ്രദ്ധിച്ചാൽ മതി. അത് ഇങ്ങനെ:

‘ആൻഡേഴ്സനെതിരെ റിവേഴ്സ് ഫ്ലിക്കിലൂടെ ഫോർ

ആർച്ചറിനെതിരെ റിവേഴ്സ് ഫ്ലിക്കിലൂടെ സിക്സ്

ഇത് ഋഷഭ് പന്തിന്റെ ലോകമാണ്

നാമെല്ലാം ഇതിൽ ജീവിക്കുന്നു എന്നേയുള്ളൂ...’

ചുരുക്കിപ്പറഞ്ഞാൽ ഇത്രേയുള്ളൂ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സാക്ഷാൽ ജോഫ്ര ആർച്ചറിനെതിരെ തകർപ്പനൊരു റിവേഴ്സ് ഫ്ലിക്കിലൂടെ ഋഷഭ് പന്ത് നേടിയ സിക്സർ കണ്ട് കണ്ണുതള്ളി വസിം ജാഫർ കുറിച്ച വാക്കുകളാണിത്! റിവേഴ്സ് ഫ്ലിക്ക് എന്നാൽ ഒരു ഒന്നൊന്നര ഷോട്ടായിരുന്നു അത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അസാമാന്യ വേഗം കണ്ടെത്തിയ ആർച്ചറിനെ നിശബ്ദനാക്കിക്കളഞ്ഞ ഷോട്ട്. വസിം ജാഫറിനു പുറമെ വി.വി.എസ്. ലക്ഷ്മൺ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ കയ്യടികളുമായി രംഗത്തെത്തിയിരുന്നു.

ടെസ്റ്റ് പരമ്പരയിൽ അത്രകണ്ട് ശോഭിക്കാനായില്ലെങ്കിലും ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അസാമാന്യ ഫോമിലായിരുന്നു ആർച്ചർ. ആദ്യ ഓവർ തന്നെ മെയ്ഡനാക്കിയ അദ്ദേഹം ഇന്ത്യൻ പ്രതീക്ഷകളുടെ ആണിക്കല്ലായ ഓപ്പണർ കെ.എൽ. രാഹുലിനെ നിസാരമായ സ്കോറിൽ പുറത്താക്കുകയും ചെയ്തു. പിന്നാലെ ധവാനും (12 പന്തിൽ നാല്‌) പുറത്തായതോടെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മൂന്നു റൺസ് എന്ന നിലയിൽ നിൽക്കെയാണ് പന്ത് ക്രീസിലെത്തുന്നത്. 

അധികം വൈകാതെ ക്യാപ്റ്റൻ വിരാട് കോലിയും സംപൂജ്യനായി പുറത്താകുമ്പോൾ പന്ത് ക്രീസിലുണ്ടായിരുന്നു. ഇത്തരത്തിൽ ഇന്ത്യ തകർന്നടിഞ്ഞ് നിൽക്കെയാണ് ഇംഗ്ലണ്ട് ബോളിങ്ങിന്റെ കുന്തമുനയായ ആർച്ചറിന്റെ പന്തിനെ സ്പിന്നർമാരെ നേരിടുന്ന ലാഘവത്തോടെ തകർപ്പനൊരു റിവേഴ്സ് ഫ്ലിക്കിൽ പന്ത് അതിർത്തി കടത്തിയത്. ഏതാണ് 141 കിലോമീറ്റർ വേഗത്തിലെത്തിയ പന്തിനെതിരെയായിരുന്നു പന്തിന്റെ ഈ പ്രയോഗമെന്നതും ശ്രദ്ധേയം.

ഇതാദ്യമായല്ല ഋഷഭ് പന്ത് ഇത്തരമൊരു ഷോട്ടിലൂടെ ആരാധകരെ കയ്യിലെടുക്കുന്നത്. ഇതേ വേദിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇത്തരത്തിൽ അവിശ്വസനീയമായ ഒരു രംഗം ഉടലെടുത്തിരുന്നു. ഋഷഭിന്റെ സ്കോർ 89ൽ നിൽക്കെയായിരുന്നു ഇത്. ബോളിങ്ങ് മാന്ത്രികനായ ജയിംസ് ആൻഡേഴ്സൻ  അങ്കത്തിനെത്തി. ഇംഗ്ലണ്ട് ന്യൂബോൾ എടുത്തിട്ട് അധികം സമയമായിരുന്നില്ല. അവരുടെ വിശ്വസ്തനായ 'ജിമ്മി' ഏറ്റവും കൂടുതൽ അപകടകാരിയാവുന്ന സമയം.

ആ ആൻഡേഴ്സനെതിരെയും അന്ന് ഋഷഭ് റിവേഴ്സ് ഫ്ലിക് കളിച്ചു. പന്ത് സ്ലിപ് ഫീൽഡർമാരുടെ തലയ്ക്കു മുകളിലൂടെ വേലികടന്നു! ഒരുപക്ഷേ ഋഷഭിന് മാത്രം വഴങ്ങുന്ന ധീരത! ആൻഡേഴ്സൻ അത്ഭുതം കൂറി. ഫീൽഡറായ ബെൻ സ്റ്റോക്സ് ബാറ്റ്സ്മാനെ അഭിനന്ദിച്ചു. കമന്ററി ബോക്സിൽ നിന്ന് കയ്യടികളുയർന്നു. ഈ രംഗത്തിനു സമാനമാണ് ഇന്നലെയും മൊട്ടേരയിൽ സംഭവിച്ചതെന്ന് ചുരുക്കം.

English Summary: Rishabh Pant reverse-flicks Jofra Archer for a six in India vs England 1st T20I, Twitter goes wild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com