ADVERTISEMENT

പുണെ ∙ അരങ്ങേറ്റ മത്സരത്തിലെ റെക്കോർഡ് അർധ സെഞ്ചുറി പിതാവിനു സമർപ്പിച്ച് ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യ. ജനുവരിയിൽ അന്തരിച്ച പിതാവിന്റെ ഓർമകളിൽ മത്സരശേഷം ക്രുണാൽ വിതുമ്പിയത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ട്വന്റി20യിൽ ഇന്ത്യയ്ക്കായി നേരത്തേ അരങ്ങേറ്റം നടത്തിയ ഗുജറാത്തുകാരൻ ക്രുണാലിന് ഇന്നലെ സഹോദരൻ ഹാർദിക്കാണ് ‘ഏകദിന ക്യാപ്’ സമ്മാനിച്ചത്.

മുപ്പതുകാരനായ ക്രുണാൽ അതിവേഗം അർധ സെഞ്ചുറിയിലെത്തി റെക്കോർഡിട്ട് അരങ്ങേറ്റം അവിസ്മരണീയമാക്കി. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി സ്വന്തമാക്കിയ താരമെന്ന റെക്കോർഡാണ് ക്രുണാൽ പാണ്ഡ്യ അടിച്ചെടുത്തത്. 26 പന്തുകളിൽ 50ലെത്തിയ ക്രുണാൽ തകർത്തത് 1990ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന്റെ അരങ്ങേറ്റക്കാരൻ ജോൺ മോറിസ് 35 പന്തുകളിൽ സ്വന്തമാക്കിയ നേട്ടമാണ്.

അർധ സെഞ്ചുറി നേടിയശേഷം ബാറ്റ് ആകാശത്തേക്ക് ഉയർത്തി പിതാവിന് ആദരമർപ്പിച്ച ക്രുണാ‍ൽ മത്സരശേഷം ടിവി കമന്റേറ്ററുടെ ചോദ്യത്തോടു പ്രതികരിക്കുന്നതിനിടെ കണ്ണീരിലായി. ‘ഈ പ്രകടനം എന്റെ അച്ഛനുള്ളതാണ്’ എന്നു പറഞ്ഞശേഷം ക്രുണാൽ വിതുമ്പി. ഹാർദിക്ക് സമീപമെത്തി  ആശ്ലേഷിച്ചാണു ക്രുണാലിനെ ആശ്വസിപ്പിച്ചത്. ക്രുണാലിന്റെയും ഹാർദിക്കിന്റെയും പിതാവ് ഹിമാൻഷു പാണ്ഡ്യ (71) ജനുവരിയിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്.

∙ അവിടെ കറൻ ബ്രദേഴ്സ്; ഇവിടെ പാണ്ഡ്യ ബ്രദേഴ്സ് 

രണ്ടു ടീമുകളിലും സഹോദരൻമാർ കളിച്ചുവെന്ന അപൂർവതയ്ക്കു സാക്ഷ്യം വഹിച്ച് ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനം. ഇംഗ്ലണ്ടിനായി സാം കറനും ടോം കറനും ഇന്ത്യയ്ക്കായി ക്രുണാൽ പാണ്ഡ്യയും ഹാർദിക് പാണ്ഡ്യയും ജഴ്സിയണിഞ്ഞു. നേരത്തേ സിംബാബ്‌വെ – ഓസ്ട്രേലിയ മത്സരത്തിൽ സിംബാബ്‌വെയ്ക്കായി ആൻഡി ഫ്ലവർ, ഗ്രാൻഡ് ഫ്ലവർ സഹോദരൻമാരും ഓസീസിനായി സ്റ്റീവ് വോ, മാർക്ക് വോ സഹോദരൻമാരും കളിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര ഏകദിന ക്രിക്കറ്റ് കളിക്കുന്ന മൂന്നാമത്തെ സഹോദര ജോടിയാണു ക്രുണാലും ഹാർദിക്കും.  മൊഹീന്ദർ അമർനാഥ് –സുരീന്ദർ അമർനാഥ്, ഇർഫാൻ പഠാൻ –  യൂസഫ് പഠാൻ സഹോദര ജോടികൾ ഇന്ത്യൻ കുപ്പായമിട്ട് ഒരുമിച്ചിറങ്ങിയിട്ടുണ്ട്.

English Summary:Krunal Pandya breaks down during interview after scoring fastest fifty on ODI debut in India vs England match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com