sections
MORE

കോലി കണ്ട ‘എക്സ് ഫാക്ടർ’ ആദ്യ 3 ഓവറിൽ 37 റൺസ് വഴങ്ങി; പിന്നെ 4 വിക്കറ്റെടുത്തു!

prasidh-krishna-wicket-celebration
നാലു വിക്കറ്റെടുത്ത് അരങ്ങേറ്റം തകർത്ത പ്രസിദ്ധ് കൃഷ്ണയ്ക്ക് സഹതാരങ്ങളുടെ അഭിനന്ദനം (ട്വിറ്റർ ചിത്രം)
SHARE

പുണെ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ഓപ്പണർ ശിഖർ ധവാൻ കൊണ്ടുപോയെങ്കിലും ആരാധകരുടെ മനസ്സിൽ മാൻ ഓഫ് ദ് മാച്ചായൊരു താരമുണ്ട്. അരങ്ങേറ്റ മത്സരം കളിച്ച കർണാടകക്കാരനായ പ്രസിദ്ധ് കൃഷ്ണ. ഏകദിന അരങ്ങേറ്റത്തിൽ നാലു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറെന്ന റെക്കോർഡിന്റെ അകമ്പടിയോടെ പ്രസിദ്ധ് മത്സരം പൂർത്തിയാക്കിയത് ഇങ്ങനെ; 8.1 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 54 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ്! വെസ്റ്റിൻഡീസ് മണ്ണിൽ 24 വർഷം മുൻപ്. അത്യാത് 1997ൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത നോയൽ ഡേവിഡാണ് ഇതിനു മുൻപ് അരങ്ങേറ്റത്തിൽ മൂന്നു വിക്കറ്റെടുത്ത ഇന്ത്യൻ പേസർ.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പ്രസിദ്ധിനെ ‘ഇന്ത്യൻ ദേശീയ ടീമിലെത്താനുള്ള എക്സ്–ഫാക്ടറുള്ള താരം’ എന്ന് വിശേഷിപ്പിച്ചത് 2020ലാണ്. കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇതേ കോലിക്കു കീഴിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ഇരുപത്തഞ്ചുകാരനായ പ്രസിദ്ധിന് ലഭിക്കുന്നത്. സ്വന്തം നാട്ടുകാരനായ കെ.എൽ. രാഹുലാണ് പ്രസിദ്ധിന് ഏകദിന ക്യാപ്പ് സമ്മാനിച്ചത്.

ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെതിരെ ഏറെ പ്രതീക്ഷയോടെയാണ് ബോൾ ചെയ്യാനെത്തിയതെങ്കിലും അത്ര നല്ല തുടക്കമായിരുന്നില്ല പ്രസിദ്ധിന്റേത്. ഇംഗ്ലിഷ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ജേസൺ റോയിയും തകർത്തടിച്ച ഇംഗ്ലിഷ് ഇന്നിങ്സിന്റെ തുടക്കത്തിൽ പ്രസിദ്ധും നല്ല രീതിയിൽ ‘തല്ലു കൊണ്ടു’. തന്റെ മൂന്നാം ഓവറിൽ രണ്ട് വീതം സിക്സും ഫോറും സഹിതം 22 റൺസാണ് പ്രസിദ്ധ് വഴങ്ങിയത്. ആദ്യ മൂന്ന് ഓവറിൽ പ്രസിദ്ധ് വിട്ടുകൊടുത്തത് 37 റൺസ്!

എന്നാൽ, തിരിച്ചടിയിൽ പതറാതെ ശക്തമായ തിരിച്ചുവരവിലൂടെ തകർപ്പൻ രണ്ടാം സ്പെല്ലുമായെത്തിയാണ് പ്രസിദ്ധ് ആരാധകർക്കിടയിൽ പ്രസിദ്ധനായത്. 15–ാം ഓവറിൽ വീണ്ടും ബൗൾ ചെയ്യാനെത്തിയ പ്രസിദ്ധ് ജേസൺ റോയിയെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് പ്രതികാരം ചെയ്തു. പ്രസിദ്ധിന്റെ തിരിച്ചുവരവിന്റെ ചിത്രം ഇങ്ങനെ:

ജേസൻ റോയ് (35 പന്തുകളിൽ 46) – ജോണി ബെയർസ്റ്റോ (66 പന്തുകളിൽ 94) ഓപ്പണിങ് സഖ്യം 135 റൺസ് കൂട്ടിച്ചേർത്തു തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനു നൽകിയത്. 15–ാം ഓവറിൽ റോയിയെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നൽകി. 17–ാം ഓവറിൽ ബെൻ സ്റ്റോക്സിനെയും പ്രസിദ്ധ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ മോർഗന്റെ ക്യാച്ച് സ്‍ലിപ്പിൽ കോലി കൈവിട്ടു. സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന ബെയർസ്റ്റോയെ വീഴ്ത്തി ഷാർദൂൽ ഠാക്കൂർ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു.

25–ാം ഓവറിലെ ആദ്യ പന്തിൽ മോർഗനെയും 4–ാം പന്തിൽ ബട്‍ലറെയും പുറത്താക്കി ഷാർദൂൽ വീണ്ടും ഇന്ത്യയ്ക്കു മേൽക്കൈ നൽകി. സാം ബില്ലിങ്സ് (18) – മോയീൻ അലി (30) സഖ്യം 6–ാം വിക്കറ്റിൽ 41 റൺസെടുത്ത് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ നോക്കിയെങ്കിലും ബില്ലിങ്സിനെ പുറത്താക്കി പ്രസിദ്ധ് വീണ്ടും കളി തിരിച്ചു. മത്സരം പൂർത്തിയാകുമ്പോൾ പ്രസിദ്ധിന്റെ ബോളിങ് ഫിഗർ ഇങ്ങനെ: 8.1 ഓവറിൽ 54 റൺസ് വഴങ്ങി 4 വിക്കറ്റ്!

English Summary: Prasidh Krishna breaks 24-yr-old record to join long list of pacers shining on debut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA