ADVERTISEMENT

മലയാളികൾ ഇത്തവണ ഐപിഎലിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ്. ഐപിഎലിൽ ആദ്യം വന്നതുപോലെയല്ല; കൂടുതൽ മത്സരപരിചയവും അതിലേറെ ആത്മവിശ്വാസവുമായാണ് രണ്ടാം എൻട്രി. ആക്രമണ ക്രിക്കറ്റിന്റെ ഈ ‘വിഷ്ണു രൂപം’ ഐപിഎലിലെ രണ്ടാം വരവിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു കരുതുന്നവർ ഏറെയാണ്. സ്പിന്നിനെയും പേസിനെയും നിർഭയം മനോഹരമായ ഷോട്ടുകളുടെ കെട്ടുകാഴ്ചകളോടെ ബൗണ്ടറി കടത്തുന്ന വിഷ്ണു ഡൽഹി ക്യാപിറ്റൽസിനായാണ് ഇത്തവണ ബാറ്റെടുക്കുക.

ഫോമിലുള്ള ദിവസങ്ങളിൽ എറിയുന്നവരെ വെറും കാഴ്ചക്കാരാക്കി മാറ്റുന്ന വിഷ്ണുവിന്റെ പ്രഹരശേഷി അടുത്തിടെ രൗദ്രഭാവം പൂണ്ടത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കെതിരായ മത്സരത്തിലാണ്. 213 റൺസെന്ന വിജയലക്ഷ്യം കേരളം 19 ഓവറിൽ മറികടക്കുമ്പോൾ 38 പന്തിൽ 71 റൺസുമായി വിഷ്ണു ക്രീസിലുണ്ടായിരുന്നു. ഐപിഎലിലെ പഴയ കോടിപതി പവൻ നേഗിക്കെതിരെ സ്വിച്ച് ഹിറ്റിലൂടെ നേടിയ 2 സിക്സറുകൾ ആത്മവിശ്വാസം വിളിച്ചോതുന്നതായിരുന്നു.

ഋഷഭ് പന്തിനെക്കൂടാതെ മറ്റ് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരില്ലാതിരുന്ന ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ സീസണിൽ വെള്ളം കുടിച്ചതാണ്. രണ്ടാം കീപ്പറായാണ് വിഷ്ണുവിനെ ഇത്തവണ ടീമിലെത്തിച്ചത്. വെടിക്കെട്ടുകാർക്കു പഞ്ഞമില്ലാത്ത ടീമിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുന്നതാകും പ്രഥമ കടമ്പ. രണ്ടാം ഐപിഎൽ വരവിനൊരുങ്ങുന്ന വിഷ്ണു ആദ്യ ഐപിഎലിലെ മറക്കാനാകാത്ത നിമിഷം ഇവിടെ പങ്കുവയ്ക്കുന്നു.

‘2017 ലെ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരായ (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്) മത്സരത്തിലാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനായി ഞാൻ അരങ്ങേറുന്നത്. താരലേലത്തിനൊക്കെ ശേഷം കെ.എൽ.രാഹുലിനു പരുക്കേറ്റപ്പോൾ പകരക്കാരനായി പ്രത്യേക ട്രയലിലൂടെയായിരുന്നു ഐപിഎൽ പ്രവേശം. ഒരു ഐപിഎൽ മത്സരമെങ്കിലും കളിക്കുകയെന്നത് എന്റെ ഏറ്റവും വലിയ ആശയായിരുന്നു. ഇന്നും ഓർക്കുന്ന സന്ദർഭം കന്നി മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിനു തൊട്ടു മുൻപത്തെ മിനിറ്റുകളാണ്. ആർസിബിയുടെ 4 വിക്കറ്റുകൾ വീണശേഷമാണ് എനിക്ക് അവസരം വന്നത്. കേദാർ ജാദവ് ആയിരുന്നു കൂട്ട്.’

‘ഏറ്റവും ആഗ്രഹിച്ച കാര്യം കൺമുന്നിൽ വന്നു നിന്നപ്പോൾ, ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങും മുൻപ് മനസ്സിലും ശരീരത്തിലും ആവേശത്തിന്റെ വേലിയേറ്റമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഉൗർജത്തിന്റെ ഒരു ഇരച്ചുകയറ്റം. നേരിട്ട ആദ്യ 3 പന്തുകളിലും സിംഗിൾ നേടി. നാലാം പന്തിൽ സഹീർഖാന്റെ പന്തിൽ സിക്സർ നേടി ‘പിടപ്പ്’ മാറ്റി. എന്നാൽ തൊട്ടടുത്ത പന്തിൽ റണ്ണൗട്ടായി മടങ്ങേണ്ടി വന്നു.’

‘മൂന്നു മത്സരങ്ങളാണ് ആർസിബിക്കായി കളിച്ചത്. വിരാട് കോലിയും ഷെയ്ൻ വാട്സനും അടക്കമുള്ള സീനിയർ കളിക്കാരുടെ കളി അടുത്തുനിന്നു കാണാനും അവരിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാനും ഐപിഎലിലെ കന്നി അവസരം സഹായകമായി. വിരാട് ഉപദേശിയുടെ രൂപത്തിലല്ല, സ്വതസിദ്ധമായ കളി പിന്തുടരാനാണ് നിർദേശിച്ചത്. ജൂനിയർ കളിക്കാരെ കൂൾ ആക്കാൻ എപ്പോഴും ടീമിലെ മുതിർന്ന താരങ്ങൾക്കു ശ്രദ്ധയുണ്ടായിരുന്നു’ – വിഷ്ണു വിശദീകരിച്ചു.

English Summary: Vishnu Vinod ready to shine for Delhi Capitals in IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com