sections
MORE

ഇന്ത്യയ്ക്ക് യുവതാരങ്ങളെ സൃഷ്ടിക്കുന്ന യന്ത്രമുണ്ടോ? വിസ്മയിച്ച് ഇൻസമാം

inzamam-krunal-prasidh
ഇൻസമാം ഉൾ ഹഖ്, ക്രുണാൽ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും
SHARE

കറാച്ചി∙ എല്ലാ ഫോർമാറ്റിലും ഏറ്റവും മികച്ച യുവതാരങ്ങളെ സൃഷ്ടിക്കുന്ന എന്തെങ്കിലും യന്ത്രം ഇന്ത്യയ്ക്കുണ്ടോ? ചോദ്യം പാക്കിസ്ഥാന്റെ മുൻ നായകൻ ഇൻസമാം ഉൾ ഹഖിന്റേതാണ്. അരങ്ങേറ്റത്തിന് ഇറങ്ങുന്ന യുവതാരങ്ങളെല്ലാം തകർപ്പൻ പ്രകടനവുമായി ടീം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിലാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഇൻസമാം ഇത്തരമൊരു ചോദ്യമുയർത്തിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ക്രുണാൽ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നീ അരങ്ങേറ്റക്കാർ ഉജ്വല പ്രകടനത്തോടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതിനു പിന്നാലെയാണ് ഇൻസമാം യുട്യൂബ് ചാനലിലൂടെ പ്രതികരണം നടത്തിയത്.

‘ഏറ്റവും മികച്ച യുവതാരങ്ങളെ സൃഷ്ടിക്കാൻ ഇന്ത്യ എന്തോ ഒരു യന്ത്രം രൂപപ്പെടുത്തിയിട്ടുണ്ടോയെന്നാണ് എന്റെ സംശയം. ഇക്കഴിഞ്ഞ മത്സരത്തിലും അരങ്ങേറ്റം കുറിച്ച രണ്ടു പേരുണ്ടായിരുന്നു. അവരുടെ പ്രകടനം നോക്കൂ. ടീമിലെ സ്ഥാനം നിലനിർത്താൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് സീനിയർ താരങ്ങൾക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഇവരുടെ പ്രകടനം’ – ഇൻസമാം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം മുതൽ ടീമിനായി യുവതാരങ്ങൾ നടത്തുന്ന മികച്ച പ്രകടനം താൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇൻസമാം വ്യക്തമാക്കി.

‘ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം മുതൽ ഇക്കാര്യം ഞാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോ മത്സരത്തിലും അല്ലെങ്കിൽ ഫോർമാറ്റിലും ഏതെങ്കിലുമൊക്കെ യുവതാരം വന്ന് മികച്ച പ്രകടനത്തിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കും. സീനിയർ താരങ്ങൾക്ക് തീർച്ചയായും അവരുടെ ഉത്തരവാദിത്തവും റോളുമുണ്ട്. പക്ഷേ, യുവതാരങ്ങൾ ഇത്ര ശക്തമായ പ്രകടനം നടത്തുമ്പോൾ ആ ടീമിന്റെ ശക്തി മറ്റൊരു തലത്തിലാണെന്ന് നമുക്കു ബോധ്യമാകും. കഴിഞ്ഞ ആറു മാസമായി ഇന്ത്യ രാജ്യാന്തര തലത്തിൽ ഇത്രമാത്രം ശോഭിക്കാൻ പ്രധാന കാരണം അവരുടെ യുവതാരങ്ങളാണ്’ – ഇൻസമാം പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടെ ഒരു ഡസനോളം പുതിയ താരങ്ങളാണ് രാജ്യാന്തര വേദിയിൽ ഇന്ത്യയ്ക്കായി ശ്രദ്ധേയമായ രീതിയിൽ അരങ്ങേറ്റം കുറിച്ചത്. ശുഭ്മൻ ഗിൽ, അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ്, ക്രുണാൽ പാണ്ഡ്യ, ഇഷൻ കിഷൻ, വാഷിങ്ടൻ സുന്ദർ, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ, ടി.നടരാജൻ തുടങ്ങിയവരെല്ലാം അവരുടെ ആദ്യ മത്സരങ്ങളിലോ ആദ്യ പരമ്പരയിലോ കരുത്തുറ്റ പ്രകടനം പുറത്തെടുത്തവരാണ്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ പ്രകടനവുമായി കയ്യടി നേടിയ സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ എന്നിവർക്കു പിന്നാലെ, ആദ്യ ഏകദിനത്തിൽ പ്രസിദ്ധ് കൃഷ്ണ ക്രുണാൽ പാണ്ഡ്യ എന്നിവരും മാച്ച് വിന്നിങ് പ്രകടനവുമായി തിളങ്ങി. ഇതോടെ, മത്സരത്തിൽ ഇന്ത്യ 66 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കി.

English Summary: India have a machine to manufacture youngsters for every format: Inzamam-ul-Haq

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA