sections
MORE

അരങ്ങേറ്റക്കാരെല്ലാം തകർപ്പൻ കളി; ടീം ഇന്ത്യയുടെ പുതുമുഖ പരീക്ഷണം സൂപ്പർ ഹിറ്റ്!

india-debutants
ക്രുനാൽ പാണ്ഡ്യ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാർ യാദവ്, നവ്ദീപ് സെയ്നി, ശുഭ്മൻ ഗിൽ, ടി.നടരാജൻ, ഇഷാൻ കിഷൻ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിൽ ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ കളത്തിലിറക്കിയതിനുള്ള ട്രോഫി ഉറപ്പിക്കാമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇപ്പോൾ ഇംഗ്ലണ്ടിനെതിരെയും എത്രയെത്ര യുവ പ്രതിഭകളാണു ബാറ്റ് കൊണ്ടും ബോളുകൊണ്ടും ‘വോട്ട് ചോദിച്ച്’ ഇന്ത്യൻ ജഴ്സിയിൽ ഗ്രൗണ്ടിലിറങ്ങിയത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുവസാരഥികളെ രംഗത്തിറക്കി മുന്നണികൾ നടത്തുന്ന പരീക്ഷണത്തിനു സമാനമായ ശ്രമം ടീം ഇന്ത്യ കഴിഞ്ഞ 6 മാസമായി നടപ്പാക്കിവരികയാണ്.

ഇന്ത്യ പരീക്ഷിച്ച പുതുമുഖങ്ങൾ ഉജ്വല പ്രകടനത്തിലൂടെ ടീമിനു ജയം സമ്മാനിച്ച് ടീമിൽ അവരുടെ ‘സ്ഥാനാർഥിത്വം’ ശരിവച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ അരങ്ങേറ്റത്തിൽ തിളങ്ങിയ ക്രുണാൽ പാണ്ഡ്യയിലും പ്രസിദ്ധ് കൃഷ്ണയിലും എത്തിനിൽക്കുന്നു ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരതരംഗം.

∙ യുവനിരയ്ക്ക് സീറ്റ്

ഓസ്ട്രേലിയയ്ക്കെതിരെ നിർണായകമായ അവസാന ടെസ്റ്റിൽ 2 യുവതാരങ്ങൾക്കാണ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം കൊടുത്തത്; പേസർ ടി.നടരാജനും ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനും. 2 ഇന്നിങ്സിലുമായി 84 റൺസെടുത്ത വാഷിങ്ടൻ ഒന്നാം ഇന്നിങ്സിൽ ഷാർദൂൽ ഠാക്കൂറിനൊപ്പം നിർണായക ബാറ്റിങ് കൂട്ടുകെട്ടിൽ പങ്കാളിയായി. മത്സരത്തിലാകെ വാഷിങ്ടൻ 4 വിക്കറ്റുമെടുത്തു. നടരാജൻ നേടിയത് 3 വിക്കറ്റ്. ഗാബയിൽ ജയിച്ച് ഇന്ത്യ ‍ചരിത്ര വിജയം നേടിയപ്പോൾ ഈ അരങ്ങേറ്റക്കാരുടെ പ്രകടനം ശ്രദ്ധേയമായി.

സിഡ്നി ടെസ്റ്റിൽ അരങ്ങേറ്റത്തിന് അവസരം കിട്ടിയത് നവ്ദീപ് സെയ്നിക്ക്. സമനിലയിലായ മത്സരത്തിൽ സെയ്നിയുടെ സംഭാവന 4 വിക്കറ്റ്. മെൽബണിൽ ഇന്ത്യ ജയിച്ച 2–ാം ടെസ്റ്റിൽ അരങ്ങേറിയത് മുഹമ്മദ് സിറാജും ശുഭ്മൻ ഗില്ലുമാണ്. പരമ്പരയിലെ 3 ടെസ്റ്റുകളിലുമായി 13 വിക്കറ്റ് നേടി സിറാജ് തിളങ്ങി. 259 റൺസ് നേടി ബാറ്റിങ്ങിൽ ഗില്ലും മിന്നി. ഓസ്ട്രേലിയൻ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകളിൽ മൂന്നിലും അവസരം കിട്ടിയ നടരാജൻ 3 ഫോർമാറ്റിലും അരങ്ങേറ്റം നടത്തി വരവറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ 2–ാം ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ അക്ഷർ പട്ടേൽ പരമ്പരയിൽ 27 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയനായകനായി. ട്വന്റി20 പരമ്പരയിൽ അരങ്ങേറ്റം നടത്തിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ടീമിനെ ജയത്തിലെത്തിച്ചു. ഒടുവിൽ, ഒന്നാം ഏകദിനത്തിലൂടെ അരങ്ങേറിയ പ്രസിദ്ധും ക്രുണാലും മിന്നിത്തിളങ്ങി.

∙ പോരാളികളെ തഴയാതെ

ഒന്നോ രണ്ടോ കളികളിലെ മോശം പ്രകടനത്തിന്റെ പേരിൽ വിശ്വസ്തർക്കു ‘സീറ്റ് നിഷേധിക്കാതിരിക്കാനും’ ഇന്ത്യ ശ്രദ്ധിച്ചു. ട്വന്റി20 പരമ്പരയി‍ൽ തിളങ്ങാതിരുന്ന ശിഖർ ധവാൻ ഒന്നാം ഏകദിനത്തിൽ ഉജ്വല പ്രകടനം നടത്തി ടീമിനു തന്നിലുള്ള വിശ്വാസം കാത്തു. ട്വന്റി20യിൽ തുടരെ പരാജയപ്പെട്ടെങ്കിലും കെ.എൽ.രാഹുൽ ഏകദിനത്തിൽ കിട്ടിയ അവസരം മുതലാക്കി ബാറ്റിങ് വെടിക്കെട്ട് നടത്തി. ഭുവനേശ്വർ കുമാർ ഒരിക്കൽക്കൂടി തന്റെ ക്ലാസ് തെളിയിച്ച് സീറ്റ് കിട്ടിയതു വെറുതെയല്ലെന്നും തെളിയിച്ചു.

English Summary: Team India's recent debutants might make other sides envious

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA