ADVERTISEMENT

പുണെ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം ഋഷഭ് പന്ത് ഫോർ നേടിയ പന്തിൽ ഔട്ട് വിളിച്ച് അംപയറിന്റെ ‘തമാശ’! ഔട്ടല്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്ന പന്ത് ഡിആർഎസ് ആവശ്യപ്പെട്ടതോടെ ഔട്ട് വിളിച്ച തീരുമാനം അംപയർ തിരുത്തി. പക്ഷേ, പന്തിന് അർഹിച്ച ബൗണ്ടറി അംപയറിന്റെ മണ്ടൻ തീരുമാനത്തിൽ നഷ്ടമാകുകയും ചെയ്തു. ഓൺ ഫീൽഡ് അംപയർ ഔട്ട് വിളിച്ച പന്തിൽ തീരുമാനം തിരുത്തിയാലും ഡോട്ട് ബോളായി പരിഗണിക്കണമെന്ന നിയമപ്രകാരമാണ് താരത്തിന് അർഹിച്ച് ബൗണ്ടറി നഷ്ടമായത്.!

ടോം കറൻ എറിഞ്ഞ 40–ാം ഓവറിലാണ് അർഹിച്ച ബൗണ്ടറി പന്തിന് നഷ്ടമായത്. ഈ ഓവറിലെ രണ്ടാം പന്തിൽ ഋഷഭ് ഫോർ നേടിയിരുന്നു. പിന്നീട് ആറാം പന്തിൽ റിവേഴ്സ് ഫ്ലിക്കിലൂടെ ഫോർ നേടാനുള്ള ശ്രമത്തിലാണ് പന്തിനെ അംപയർ ‘ചതിച്ചത്’.

മുന്നോട്ടാഞ്ഞ് റിവേഴ്സ് ഷോട്ടിനുള്ള പന്തിന്റെ ശ്രമം ടോം കറന്റെ ഫുൾ ലെങ്ത് പന്തിനു മുന്നിൽ പാളി. പന്ത് പക്ഷേ, ഗതിമാറി വിക്കറ്റ് കീപ്പർക്കും പിടികൊടുക്കാതെ ബൗണ്ടറി കടക്കുകയും ചെയ്തു. പാഡിലിടിച്ചാണ് പന്ത് ഗതിമാറിയതെന്ന കണക്കുകൂട്ടലിൽ ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്തു. അംപയർ വീരേന്ദർ ശർമ അതു ശരിവച്ച് ഔട്ടും അനുവദിച്ചു.

പന്ത് ബാറ്റിലാണ് തട്ടിയതെന്ന് ഉറപ്പുണ്ടായിരുന്ന പന്ത് ഒരു നിമിഷം പോലും കാത്തിരിക്കാതെ ഡിആർഎസ് ആവശ്യപ്പെട്ടു. റീപ്ലേയിൽ പന്ത് ഋഷഭിന്റെ ബാറ്റിൽ തട്ടിയാണ് ഗതിമാറിയതെന്ന് വ്യക്തമായി. അംപയർ ഔട്ട് തീരുമാനം പിൻവലിച്ചെങ്കിലും നിയമപ്രകാരം പന്തിനും ഇന്ത്യയ്ക്കും അർഹിച്ച നാലു റൺസ് നഷ്ടം. തൊട്ടടുത്ത ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ ഇരട്ട സിക്സർ നേടിയാണ് പന്ത് ഇതിന് പ്രതികാരം ചെയ്തത്. ഇതിനിടെ, പന്തിന് നാലു റൺസ് നിഷേധിച്ച അംപയരുടെ തീരുമാനത്തെയും ക്രിക്കറ്റ് നിയമത്തെയും വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം ഇങ്ങനെ:

‘അങ്ങനെ പന്തിന് അംപയറിന്റെ മണ്ടത്തരം മൂലം അർഹിച്ച നാലു റൺസ് നഷ്ടം. 101010364–ാമത്തെ തവണയാണ് ക്രിക്കറ്റിൽ ഇത്തരമൊരു പിഴവ് സംഭവിക്കുന്നത്. ലോകകപ്പ് ഫൈനലിൽ ബാറ്റിങ് ടീമിന് ഒരു പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണ്ട സമയത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ???’ – ചോപ്ര കുറിച്ചു.

അതേസമയം, 42–ാം ഓവറിൽ ടോം കറനെതിരെ തന്നെ ഒരിക്കൽക്കൂടി അംപയർ പന്തിനെതിരെ ഇല്ലാത്ത ഔട്ട് വിളിച്ചു. ഈ ഓവറിലെ നാലാം പന്ത് പുൾ ചെയ്യാനുള്ള ശ്രമത്തിൽ ഋഷഭിന്റെ ദേഹത്തിടിച്ച് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി. പന്ത് ബാറ്റിലോ ഗ്ലൗവിലോ തട്ടിയെന്ന ധാരണയിൽ ഇംഗ്ലിഷ് താരങ്ങൾ അപ്പീൽ ചെയ്തു. ഒരിക്കൽക്കൂടി അംപയർ വീരേന്ദർ ശർമ ഔട്ട് അനുവദിച്ചു.

ഇത്തവണയും പന്ത് ഡിആർഎസിന്റെ സഹായം തേടി. ‘ഡിആർഎസ് യുദ്ധ’ത്തിൽ ഇത്തവണയും വിജയം പന്തിനായിരുന്നു. പന്ത് കയ്യിലിടിച്ചാണ് വിക്കറ്റ് കീപ്പർ ജോസ് ബട്‍ലറിന്റെ കൈകളിലെത്തിയതെന്ന് വ്യക്തമായതോടെ അംപയർ തീരുമാനം പിൻവലിച്ചു. തൊട്ടടുത്ത പന്ത് സിക്സർ പറത്തിയാണ് പന്ത് ഇക്കുറിയും പ്രതികരിച്ചത്. ഒടുവിൽ ഏകദിനത്തിലെ രണ്ടാം അർധസെഞ്ചുറി നേടിയ പന്ത്, 40 പന്തിൽ മൂന്നു ഫോറും ഏഴു സിക്സും സഹിതം 77 റൺസെടുത്താണ് പുറത്തായത്.

English Summary: Rishabh Pant’s boundary denied by the umpire in controversial manner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com