ADVERTISEMENT

നേപ്പിയർ∙ ന്യൂസീലൻഡും ബംഗ്ലദേശും തമ്മിൽ നേപ്പിയറിലെ മക്‌ലീൻ പാർക്കിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിനിടെ നാടകീയ നിമിഷങ്ങൾ. ഇടയ്ക്കിടെ മഴ പെയ്തതോടെ പലതവണ നിർത്തിവച്ച മത്സരത്തിൽ, രണ്ടാമതു ബാറ്റു ചെയ്ത ബംഗ്ലദേശ് വിജയലക്ഷ്യം എത്രയെന്ന് അറിയാതെ കളത്തിലിറങ്ങിയതാണ് നാടകീയ നിമിഷങ്ങൾക്ക് വഴിവച്ചത്. ഒടുവിൽ മത്സരം നിർത്തിവച്ച അംപയർമാർ വിജയലക്ഷ്യം എത്രയെന്ന് ബംഗ്ലദേശ് താരങ്ങളെ പറഞ്ഞുമനസ്സിലാക്കി. അതേസമയം, ബംഗ്ലദേശിന്റെ ചേസിങ് അവസാന ഓവറുകളിലേക്ക് കടന്നപ്പോൾ വീണ്ടും വിജയലക്ഷ്യം പുനർനിർണയിച്ചത് ആശയക്കുഴപ്പം വർധിപ്പിച്ചു. ഇതിനിടെ, വിജയലക്ഷ്യം എത്രയെന്ന് അറിയാതെ എങ്ങനെയാണ് മറുപടി ബാറ്റിങ്ങിന് ഇറങ്ങുക എന്ന ചോദ്യവുമായി ന്യൂസീലൻഡ് താരം ജിമ്മി നീഷം ട്വിറ്ററിലൂടെ രംഗത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരായ ന്യൂസീലൻഡ്, 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിൽ നിൽക്കെ അംപയർമാർ മത്സരം നിർത്തിവച്ചിരുന്നു. തുടർന്ന് ഓവറുകൾ വെട്ടിച്ചുരുക്കി ബംഗ്ലദേശ് മറുപടി ബാറ്റിങ്ങിന് ഇറങ്ങി. 16 ഓവറിൽ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രം. മഴനിയമപ്രകാരം ന്യൂസീലൻഡിന്റെ വിജയം 28 റൺസിന്! ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയും ന്യൂസീലൻഡ് ഉറപ്പാക്കി. ഒന്നാം ട്വന്റി20യിൽ ന്യൂസീലൻഡ് 66 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച ഓക്‌ലൻഡിൽ നടക്കും.

മഴമൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ വിജയലക്ഷ്യം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേയാണ് ബംഗ്ലദേശ് മറുപടി ബാറ്റിങ് ആരംഭിച്ചത്. 16 ഓവറിൽ 148 റൺസാണ് വിജയലക്ഷ്യമെന്ന് ആദ്യം അറിയിച്ചതുപ്രകാരമാണ് ബംഗ്ലദേശ് ബാറ്റിങ് ആരംഭിച്ചത്.

ന്യൂസീലൻഡ് ക്യാപ്റ്റൻ കൂടിയായ ടിം സൗത്തി ആദ്യ ഓവർ പൂർത്തിയാക്കിയതിനു ശേഷമാണ് മാച്ച് റഫറി ഔദ്യോഗികമായി വിജയലക്ഷ്യം പ്രഖ്യാപിച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും ഹാമിഷ് ബെന്നറ്റ് രണ്ടാം ഓവർ ബോൾ ചെയ്യാൻ ആരംഭിച്ചിരുന്നു. ആശയക്കുഴപ്പം ശ്രദ്ധയിൽപ്പെട്ട അംപയർമാർ രണ്ടാം ഓവറിലെ മൂന്നാം പന്തിനുശേഷം മത്സരം നിർത്തിവച്ചു. തുടർന്ന് മാച്ച് റഫറിയായ ജെഫ് ക്രോയും ഫോർട്ട് അംപയർ ഷോൺ ഹെയ്ഗും ചർച്ച നടത്തി ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 170 റൺസാണെന്ന് ഔദ്യോഗികമായി അറിയിച്ചു. ഇതിനു ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

എന്നാൽ, ഈ വിജയലക്ഷ്യവും കൃത്യമായിരുന്നില്ല. പിന്നീട് 13–ാം ഓവറിലാണ് യഥാർഥ വിജയലക്ഷ്യം 170 റൺസല്ല, 171 റൺസാണെന്ന് സ്ഥിരീകരിക്കുന്നത്. 13 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. സൗമ്യ സർക്കാർ അർധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ഒടുവിൽ ബംഗ്ലദേശിന് നേടാനായത് 142 റൺസ് മാത്രം. സർക്കാർ 27 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു. ഓപ്പണർ മുഹമ്മദ് നമിം (35 പന്തിൽ 38), ക്യാപ്റ്റൻ മഹ്മൂദുല്ല (12 പന്തിൽ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കിവീസിനായി ക്യാപ്റ്റൻ ടിം സൗത്തി, ഹാമിഷ് ബെന്നറ്റ്, ആദം മിൽനെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, മധ്യനിര താരം ഗ്ലെൻ ഫിലിപ്സിന്റെ അർധസെഞ്ചുറി പ്രകടനത്തിന്റെ കരുത്തിലാണ് ന്യൂസീലൻഡ് മികച്ച സ്കോർ കുറിച്ചത്. മഴമൂലം കളി നിർത്തുമ്പോൾ ഫിലിപ്സ് 31 പന്തിൽ 58 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. ഓപ്പണർ മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 21), ഫിൻ അലൻ (10 പന്തിൽ 17), ഡാരിൽ മിച്ചൽ (16 പന്തിൽ പുറത്താകാതെ 34) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

English Summary: Confusion reigns as Bangladesh begin chase without knowing their target

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com