ADVERTISEMENT

കറാച്ചി∙ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ ഇരു ടീമുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഇന്ത്യൻ യുവതാരം ഋഷഭ് പന്ത് ആയിരുന്നുവെന്ന അഭിപ്രായവുമായി പാക്കിസ്ഥാന്റെ മുൻ നായകൻ ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ മാത്രമേ കളിച്ചുള്ളൂവെങ്കിലും പന്തിന്റെ സംഭാവനകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ–ഇംഗ്ലണ്ട് ടീമുകളെ വേർതിരിച്ച ഒരേയൊരു ഘടകം പന്താണെന്ന ഇൻസമാമിന്റെ പ്രസ്താവന.

ആദ്യ ഏകദിനത്തിൽ പുറത്തിരുന്ന പന്തിന്, ശ്രേയസ് അയ്യർക്ക് പരുക്കേറ്റതോടെയാണ് ടീമിൽ ഇടംലഭിച്ചത്. പിന്നീട് കളിച്ച രണ്ട് ഇന്നിങ്സുകളിൽനിന്ന് 152 സ്ട്രൈക്ക് റേറ്റിൽ 155 റൺസ് നേടാൻ പന്തിനായി. രണ്ടാം ഏകദിനത്തിൽ വെറും 40 പന്തിൽനിന്ന് 77 റൺസടിച്ച് ഏകദിനത്തിൽ തന്റെ ഉയർന്ന സ്കോർ കുറിച്ച പന്ത്, മൂന്നാം ഏകദിനത്തിൽ 62 പന്തിൽ 78 റൺസടിച്ച് റെക്കോർഡ് ഒന്നുകൂടി പുതുക്കി.

റൺനിരക്ക് ഉയർത്തുക എന്ന കടമയുമായി രണ്ട് തവണയും ക്രീസിലെത്തിയ താരം, വിജയകരമായി തന്റെ ദൗത്യം പൂർത്തിയാക്കിയാണ് മടങ്ങിയത്. ഏകദിനത്തിലെ കന്നി സെഞ്ചുറിയെന്ന നേട്ടം രണ്ടു തവണയും അകന്നുപോയതു മാത്രമാണ് നിരാശ. രണ്ട് മത്സരങ്ങളിൽനിന്നായി 11 സിക്സും എട്ടു ഫോറുകളുമാണ് പന്ത് നേടിയത്. നേടിയ സിക്സറുകൾ ഇന്ത്യൻ താരങ്ങളുടെ കൂട്ടത്തിൽ ഒന്നാമതാണ്.

‘അദ്ദേഹം എന്തൊരു താരമാണ്! ആരാധകരുടെ പ്രതീക്ഷകൾ കവച്ചു വയ്ക്കുന്ന രീതിയിൽ കളിക്കുന്ന ഒരാളെ ഏറെ നാളുകൾക്കു ശേഷമാണ് നാം കാണുന്നത്. ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയതു മുതൽ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുകയായിരുന്നു. ഒരു ഘട്ടത്തിലും പന്ത് സമ്മർദ്ദിന് അടിപ്പെടുന്നതായി തോന്നിയിട്ടില്ല’ – ഇൻസമാം പറഞ്ഞു.

‘ഓസ്ട്രേലിയയിൽ മുതിർന്ന താരങ്ങൾ പരുക്കേറ്റ് പുറത്തായിട്ടുപോലും അദ്ദേഹത്തിന്റെ ബാറ്റിങ് ശ്രദ്ധിച്ചോ? ഇന്ത്യയ്ക്ക് ഒറ്റ വിക്കറ്റും നഷ്ടമായിട്ടില്ലെന്ന രീതിയിലാണ് പന്ത് മധ്യനിരയിൽ ബാറ്റു ചെയ്തത്. ഓസ്ട്രേലിയൻ മണ്ണിലാണ് കളിക്കുന്നതെന്ന തോന്നലും പന്തിനില്ല’ – ഇൻസമാം വിശദീകരിച്ചു.

‘ബാറ്റിങ് നിരയിൽ കുറച്ചു താഴെ കളിക്കുമ്പോൾ ഏതു താരവും ബുദ്ധിമുട്ടും. പന്തിന് അങ്ങനുള്ള പ്രശ്നങ്ങളേയില്ല. എഴുപതുകളിൽ വെസ്റ്റിൻഡീസിനെയും മറ്റു ടീമുകളെയും വേർതിരിച്ചിരുന്ന പ്രധാന ഘടകം വിവിയൻ റിച്ചർഡ്സായിരുന്നു. അതുപോലെ, ഇംഗ്ലണ്ട്–ഇന്ത്യ പരമ്പരയിൽ ഇരു ടീമുകൾക്കുമിടയിലെ വ്യത്യാസം പന്തായിരുന്നു’ – തന്റെ യുട്യൂബ് ചാനലിൽ ഇൻസമാം പറഞ്ഞു.

ബാറ്റിങ് ഓർഡറിൽ പന്തിന് പ്രമോഷൻ നൽകാനുള്ള ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനത്തെയും ഇൻസമാം പുകഴ്ത്തി. ‘വിരാട് കോലി മോയിൻ അലിയുടെ പന്തിൽ ബൗൾഡായ ആ വിക്കറ്റിൽ സ്പിന്നർമാരെ നേരിടുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, 62 പന്തിൽനിന്ന് 78  റൺസടിച്ച് പന്ത് ടീമിന് കരുത്തായി. 100നു മുകളിലായിരുന്നു സ്ട്രൈക്ക് റേറ്റ്. മറ്റു ബാറ്റ്സ്മാൻമാർക്കൊന്നും 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നില്ല’ – ഇൻസമാം ചൂണ്ടിക്കാട്ടി.

‘ബാറ്റിങ് ഓർഡറിൽ പന്തിന് സ്ഥാനക്കയറ്റം നൽകിയ കോലിയുടെ തീരുമാനം മികച്ചതായി. രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി എന്നീ മുതിർന്ന താരങ്ങളുടെ വിക്കറ്റ് നഷ്ടമായ ഘട്ടത്തിൽ ഇന്ത്യ സമ്മർദ്ദത്തിലായിരുന്നു. പക്ഷേ, പന്തിന്റെ ഇന്നിങ്സോടെ സമ്മർദ്ദം അകന്നു’ – ഇൻസമാം ചൂണ്ടിക്കാട്ടി.

English Summary: Rishabh Pant was the difference between the two sides in ODI series, says Inzamam-ul-Haq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com