ADVERTISEMENT

അറേബ്യൻ മണ്ണിലെ തിരിച്ചടിയുടെ ചൂടിൽ വാടിക്കൊഴിഞ്ഞ പ്രതാപം വീണ്ടും തളിരിടുമോ? മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിൽനിന്ന് ഇനിയും ഹെലികോപ്ടർ ഷോട്ടുകൾ പറന്നുയരുമോ? ദൈർഘ്യമേറിയ ഇടവേള കഴിഞ്ഞെത്തുന്ന സുരേഷ് റെയ്ന റൺവേട്ട പുനരാരംഭിക്കുമോ?... ചെപ്പോക്ക് എന്ന കോട്ടയിൽ നിന്നകലെ വീണ്ടുമൊരു ഐപിഎലിനു കാഹളമുയരുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒട്ടേറെ ചോദ്യങ്ങളുടെ മധ്യത്തിലാണ്.

താരലേലത്തിൽ ചെറിയ മിനുക്കുപണികൾ നടത്തിയാണു സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ കീഴിൽ ധോണിയുടെ മഞ്ഞപ്പടയെത്തുന്നത്. രാജ്യാന്തര കരിയർ പിന്നിട്ടുകഴിഞ്ഞ താരങ്ങളേറെയുള്ള ചെന്നൈ ഇക്കുറിയും ലീഗിലെ 'വെറ്ററൻ' സംഘമാണ്. ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായ ബാറ്റിങ് നിരയിലാണ് മാറ്റമേറെയും.

ടീമിന്റെ ചിന്നത്തല കൂടിയായ റെയ്നയുടെ മടങ്ങിവരവ് തന്നെ മുഖ്യം. കഴിഞ്ഞ ദിവസം പിൻമാറിയ ഓസീസ് പേസർ ജോഷ് ഹെയ്‍സൽവുഡിനു പകരക്കാരനായി ഇംഗ്ലിഷ് വെടിക്കെട്ട് ഓപ്പണർ അലക്സ് ഹെയ്‌ൽസ് എത്തിയേക്കുമെന്ന വാർത്തകളും ആരാധകരുടെ ആവേശമേറ്റുന്നതാണ്. ഫാഫ് ഡുപ്ലസി, അംബാട്ടി റായുഡു, പോയ സീസണിലെ കണ്ടെത്തലായ ഋതുരാജ് ഗെയ്‌ക്ക്‌വാദ് എന്നിവർ തുടരുന്ന ബാറ്റിങ് നിരയിൽ റോബിൻ ഉത്തപ്പ, ചേതേശ്വർ പൂജാര എന്നീ സീനിയർ ഇന്ത്യൻ മുഖങ്ങൾ അപ്രതീക്ഷിത അതിഥികളായുണ്ട്.

നായകൻ ധോണി ഫ്ലോട്ടിങ് റോളിൽ എത്താറുള്ള കിങ്സിന്റെ ബാറ്റിങ് നിരയിലെ തലയെടുപ്പുള്ള ഓൾറൗണ്ടർമാരുടെ സാന്നിധ്യം നിർണായകമാകും. ഡ്വെയ്ൻ ബ്രാവോയും രവീന്ദ്ര ജഡേജയും യുവതാരം സാം കറനും മിച്ചൽ സാന്റ്നറിനും കൂട്ടായി മൊയീൻ അലിയെയും കൃഷ്ണപ്പ ഗൗതത്തിനെയും കൂടി എത്തിച്ചാണു ചെന്നൈ ഓപ്ഷനുകൾ വിശാലമാക്കിയത്.

ഓൾറൗണ്ട് കരുത്തിലെ പുതിയ കൂട്ടിച്ചേർക്കലുകൾ മാറ്റിനിർത്തിയാൽ ചെന്നൈയുടെ ബോളിങ് സംഘത്തിൽ വലിയ മാറ്റമൊന്നുമില്ല. ടീം ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചിങ് കരുത്തായി മാറിക്കഴിഞ്ഞ ശാർദൂൽ ഠാക്കൂറും ദീപക് ചാഹറുമാണ് ഇക്കുറിയും പേസിലെ നെടുന്തൂണുകൾ. വിദേശ പേസറായി ലുംഗി എൻഗിഡിയും തുടരുന്നു. മലയാളി താരം കെ.എം.ആസിഫും അവസരം തേടുന്നതാണു പേസ് വിഭാഗം. വെറ്ററൻ താരം ഇമ്രാൻ താഹിറും തമിഴ്നാടിന്റെ ട്വന്റി20 വിദഗ്ധൻ സായ് കിഷോറും ചേരുന്നതാണു ധോണിപ്പടയുടെ സ്പെഷലിസ്റ്റ് സ്പിന്നേഴ്സ്.

∙ സർപ്രൈസ് സ്റ്റാർ – സാം കറൻ

ആൻഡ്രൂ ഫ്ലിന്റോഫിനെയും ബെൻ സ്റ്റോക്സിനെയും പോലെ ലോകോത്തര ഓൾറൗണ്ടർ എന്ന നിലയിലേക്കു വളരുന്ന ഇംഗ്ലിഷ് താരമാണു സാം കറൻ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളി തിരിക്കാൻ പോന്ന മുതൽ. കഴിഞ്ഞ ഐപിഎലിൽ ചെന്നൈയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ കറൻ ഇക്കുറി ഒരുപടി കൂടെ കടന്നു ലീഗിന്റെതന്നെ താരമായി മാറാൻ സാധ്യതയുള്ള താരമാണ്.

താരമൂല്യം – 79.45 കോടി
ശരാശരി പ്രായം – 30

∙ ചെന്നൈ @ AUCTION 2021

കൃഷ്ണപ്പ ഗൗതം– 9.25കോടി
മൊയീൻ അലി – 7 കോടി
ചേതേശ്വർ പൂജാര – 50ലക്ഷം
ഹരിശങ്കർ റെഡ്ഡി – 20 ലക്ഷം
ഭഗത് വർമ – 20 ലക്ഷം
ഹരി നിഷാന്ത് – 20 ലക്ഷം

English Summary: Indian Premier League (IPL) 2021 Team Analysis - Chennai Super Kings (CSK)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com