ADVERTISEMENT

ന്യൂഡൽഹി ∙ കളിക്കാർക്കു മാത്രമല്ല, അംപയർമാർക്കും ഫോം നിർണായകമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് അംപയർ നിതിൻ മേനോൻ. ‘നല്ല ഫോമി’ലാണെങ്കിൽ മികച്ച തീരുമാനങ്ങളാകും അംപയർമാരിൽനിന്നു വരികയെന്നും വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണു മുപ്പത്തേഴുകാരനായ നിതിൻ.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയി‍ൽ നിതിന്റെ തീരുമാനങ്ങൾ ക്രിക്കറ്റ് കമന്റേറ്റർമാരുടെയും ആരാധകരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഐസിസി എലീറ്റ് പാനലിലെത്തിയ ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ അംപയറെന്ന റെക്കോർഡ് നിതിന്റെ പേരിലാണ്. നിതി‍ൻ മേനോൻ സംസാരിക്കുന്നു.

∙ ഇംഗ്ലണ്ട് പരമ്പരയിൽ താങ്കളുടെ തീരുമാനങ്ങൾ പലതും കിറുകൃത്യമായിരുന്നു. എങ്ങനെ സാധിച്ചു?

മനസ്സിന്റെ ധൈര്യമാണ് അംപയറിങ്ങിലെ വിജയം. എത്ര സമ്മർദമുണ്ടായാലും ക്രീസിൽ ശ്രദ്ധിക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയി‍ൽ പരിപൂർണ ശ്രദ്ധയോടെ മത്സരം നിയന്ത്രിക്കാ‍ൻ കഴിഞ്ഞു. അതാകാം തീരുമാനങ്ങൾ പിഴയ്ക്കാതിരുന്നത്. കളിക്കാരെപ്പോലെ ഞങ്ങൾ അംപയർമാർക്കും ഫോം നിർണായകമാണ്. മികച്ച ഫോമിലാണെങ്കിൽ ഞങ്ങളുടെ തീരുമാനങ്ങളും കൃത്യമാകും.

∙ ആദ്യം 4 ടെസ്റ്റുകൾ. പിന്നീടു ട്വന്റി20 പരമ്പരയും ഏകദിനങ്ങളും. തുടരെത്തുടരെ മത്സരങ്ങൾ നിയന്ത്രിക്കുന്നതു ബുദ്ധിമുട്ടല്ലേ?

എനിക്കതു പ്രയാസമായി തോന്നിയില്ല. ആഭ്യന്തര ക്രിക്കറ്റിനോടാണു ഞാനതിനു നന്ദി പറയേണ്ടത്. രഞ്ജി ട്രോഫിയിൽ തുടരെ 8 മത്സരങ്ങൾവരെ നിയന്ത്രിച്ചിട്ടുണ്ട്. വേദികളിൽനിന്നു വേദികളിലേക്ക് ഓട്ടമായിരുന്നു. ഐപിഎലിൽ ഇടവേളയില്ലാതെ 14–16 മത്സരങ്ങൾവരെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. ആ പരിചയമൊക്കെ ഗുണം ചെയ്തു.

∙ മത്സരങ്ങളില്ലാത്തപ്പോൾ എന്തൊക്കെയാണ് ഇഷ്ടം?

വീട്ടിലായിരിക്കുമ്പോൾ ടിവിയിൽ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതാണു ഹോബി. ജോലിയിൽ അതെന്നെ വളരെ സഹായിക്കാറുണ്ട്. ആഷസ് പരമ്പരകൾ വിടാതെ കാണാറുണ്ട്.

∙ ഐസിസിയുടെ അംപയർ കോച്ചുമാരെപ്പറ്റി?

പുതിയ അംപയർമാരെ വളർത്തിയെടുക്കുന്നതിൽ അവർക്കുള്ള പങ്ക് നി‍ർണായകമാണ്. അവരുടെ നിർദേശങ്ങളും ഉപദേശങ്ങളും അംപയർമാരെന്ന നിലയിൽ ഞങ്ങൾക്കു വളരെ സഹായകരമാണ്.

∙ അടുത്ത ദൗത്യം എന്താണ്?

ഐപിഎലിലേക്കാണ് ഇനി. ഇപ്പോൾ ചെന്നൈയിൽ ക്വാറന്റീനിലാണ്.

English Summary: Interview with ICC umpire Nitin Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com