ADVERTISEMENT

താരങ്ങളിൽ മാത്രമല്ല, പേരിലും മാറ്റം വരുത്തിയാണു പഞ്ചാബിന്റെ പതിനാലാമൂഴം. കിങ്സ് ഇലവൻ പഞ്ചാബ് എന്ന പേരിൽ നിന്നു പഞ്ചാബ് കിങ്സിലേക്കുള്ള മാറ്റം കിരീടഭാഗ്യം കൊണ്ടുവരുമോയെന്ന അന്വേഷണത്തിന്റെ ഭാഗം തന്നെ. കിരീടം ഉയർത്താൻ പോന്ന ആളും ആരവവും മുൻ സീസണിലും ഉണ്ടായിരുന്ന ടീമാണു പഞ്ചാബ്. ചെറുതായൊന്നു കിതച്ച തുടക്കത്തിനു ശേഷം വലുതായൊന്നു കുതിച്ചെങ്കിലും കയ്യെത്തും ദൂരെ പ്ലേഓഫ് നഷ്ടമായാണു ടീം മടങ്ങിയത്.

ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ മിന്നുന്ന ഫോമും ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടുകളും കൂട്ടിനുണ്ടായിട്ടും ഫിനിഷിങ്ങിലും ബോളിങ്ങിലുമേറ്റ തിരിച്ചടികളാണു പഞ്ചാബിനു വിനയായത്. താരലേലത്തിൽ ഏറ്റവുമധികം തുകയുമായെത്തി ആ പ്രശ്നങ്ങൾ പരിഹരിച്ചാണു ടീമിന്റെ വരവ്. മാക്സ്‌വെല്ലിനെയും കോട്രലിനെയും പോലുള്ള വമ്പൻമാരെ ഒഴിവാക്കി പുതിയ മുഖം തേടിയ കിങ്സ് അതിൽ വിജയിച്ചെന്നു ലൈനപ് തെളിയിക്കുന്നു. രാഹുലും ഗെയ്‌ലും നിക്കോളാസ് പൂരാനും മായങ്ക് അഗർവാളും മൻദീപ് സിങ്ങും ചേർന്നു ജ്വലിപ്പിച്ചു നിർത്തിയ ബാറ്റിങ് നിരയിലെ പുതിയ തിളക്കമാകാൻ വരുന്നതു ട്വന്റി 20 യിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ ഡേവിഡ് മലനാണ്. ആഭ്യന്തര ക്രിക്കറ്റിലെ മാച്ച് വിന്നിങ് പ്രകടനങ്ങളുമായി തമിഴ്നാട് താരം ഷാറൂഖ് ഖാനും പ്രീതി സിന്റയുടെ ടീമിന്റെ ഭാഗമായി.

ഓസീസ് താരം മോയ്സസ് ഹെൻറിക്വസും വെസ്റ്റിൻഡീസിന്റെ പുതിയ പടക്കുതിരയായ ഫാബിയൻ അലനും ഓൾറൗണ്ടർമാരായി ഇടംപിടിച്ചിട്ടുള്ള ടീമിൽ ഇക്കഴിഞ്ഞ ബിഗ്ബാഷ് ലീഗിൽ തകർത്താടിയ രണ്ടു സൂപ്പർ പേസർമാരാണു ബോളിങ്ങിലെ ‘ഗെയിം ചെയ്ഞ്ചേഴ്സ്’. പോയ സീസണിലെ തിരിച്ചടികൾക്കു മറുപടിയായാണ് 14 കോടി രൂപ ചെലവിട്ടു ജൈ റിച്ചഡ്സനെയും 8 കോടി മുടക്കി റൈലി മെറിഡത്തിനെയും കിങ്സ് ടീമിലെത്തിച്ചിട്ടുള്ളത്. പരുക്കിന്റെ പിടിയിൽ നിന്നെത്തുന്ന മുഹമ്മദ് ഷമിയും ഇംഗ്ലിഷ് പേസർ ക്രിസ് ജോർദനുമാണു പേസ് വിഭാഗത്തിൽ ഇവർക്കൊപ്പം ചേരാനുള്ളത്. അഫ്ഗാൻ താരം മുജീബ് റഹ്മാനെ ഒഴിവാക്കിയതോടെ, അനിൽ കുംബ്ലെ പരിശീലകനായ ടീമിന്റെ സ്പിൻ വിഭാഗത്തിൽ പരിചയസമ്പത്തിന്റെ അഭാവം തെളിയുന്നുണ്ട്. യുവതാരം രവി ബിഷ്ണോയിയും മുരുകൻ അശ്വിനും മുൻനിരക്കാരായ ടീമിൽ ഫാബിയൻ അലനും ദീപക് ഹൂഡയും പോലുള്ള ഓൾറൗണ്ടർമാരും പിന്തുണക്കാരുടെ റോളിലെത്തും.

∙ സർപ്രൈസ് സ്റ്റാർ

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ വിക്കറ്റ് വേട്ടയിലെ ഒന്നാമനാണു ജൈ റിച്ചഡ്സൻ. കംഗാരു ടീമിന്റെ പേസ് ബാറ്ററിയിലെ പുത്തൻ പ്രതീക്ഷയാണ് ഈ യുവതാരം. അതിവേഗവും സ്വിങ്ങും ഒരുമിപ്പിച്ചു ബാറ്റ്സ്മാനെ വീഴ്ത്തുന്ന റിച്ചഡ്സനു മിന്നൽ വേഗത്തിൽ റൺസ് സ്കോർ ചെയ്യാനും മിടുക്കുണ്ട്.

∙ പഞ്ചാബ് കിങ്സ് @ AUCTION

ജൈ റിച്ചഡ്സൻ(14 കോടി)
റൈലി മെറിഡത്ത് (8 കോടി)
ഷാറൂഖ് ഖാൻ (5.25 കോടി)
മോയ്സസ് ഹെൻറിക്വസ് (4.2 കോടി)
ഡേവിഡ് മലൻ (1.5 കോടി)
ഫാബിയൻ അലൻ (75 ലക്ഷം)
ജലജ് സക്സേന (30 ലക്ഷം)
സൗരഭ് കുമാർ (20 ലക്ഷം)
ഉത്‌കർഷ് സിങ് (20 ലക്ഷം)

English Summary: Indian Premier League (IPL) 2021 Team Analysis - Punjab Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com