ADVERTISEMENT

വീണ്ടും ഐപിഎൽ ആരവങ്ങൾ ഉയരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ). പാരമ്പര്യം കൊണ്ട് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റും ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗുമൊക്കെ ഐപിഎലിനേക്കാൾ മുന്നിലാണെങ്കിലും പണക്കിലുക്കത്തിൽ മറ്റെല്ലാവരേയും പിന്തള്ളി ഐപിഎൽ ഒന്നാമതാണ്. 14–ാം സീസൺ ഏപ്രിൽ 9ന് തുടങ്ങാനിരിക്കെ എട്ടു ടീമുകളാണ് ഇക്കുറിയും കിരീടത്തിനായി പോരാടുന്നത്.

ഏപ്രിൽ 9ന് നിലവിലെ ജേതാക്കളായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും വിരാട് കോലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ‌ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് എട്ടു ടീമുകൾ.

ബിസിസിഐയുടെ നേതൃത്വത്തിൽ 2008ലാണ് ഐപിഎൽ തുടങ്ങിയത്. 2007ൽ ആദ്യ ട്വന്റി 20 ലോകകപ്പ് ഇന്ത്യ നേടിയതിന്റെ ആവേശത്തിൽ നിന്നാണു പ്രചോദനം. അതിനു മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ലീഗ് (ഐസിഎൽ) എന്ന പേരിൽ കപിൽദേവിന്റെ നേതൃത്വത്തിൽ ട്വന്റി 20 ക്രിക്കറ്റ് ലീഗ് തുടങ്ങിയിരുന്നു. ഇതിലേക്ക് ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങൾ പോയിത്തുടങ്ങിയതു ബിസിസിഐയെ ഞെട്ടിച്ചു. ഐസിഎല്ലിൽ പോയ കളിക്കാർക്ക് ബിസിസിഐ വിലക്ക് പ്രഖ്യാപിച്ചു. താരങ്ങൾക്ക് തിരിച്ചുവരാൻ അവസരവും നൽകി.

അമ്പാട്ടി റായിഡുവൊക്കെ ഇങ്ങനെ ഐസിഎല്ലിൽ പോയിവന്ന് പിന്നീട് ഇന്ത്യൻ ടീമിൽ വരെയെത്തിയ കളിക്കാരനാണ്. പിന്നീട് ഐപിഎൽ തുടങ്ങിയതോടെ ഐസിഎൽ പൂട്ടിക്കെട്ടി. 2007 സെപ്റ്റംബർ 13നാണ് ബിസിസിഐ വൈസ് പ്രസിഡന്റായിരുന്ന ലളിത് മോഡിയുടെ നേതൃത്വത്തിൽ ഐപിഎൽ പ്രഖ്യാപിച്ചത്. ടീമുകളുടെ ലേലം വിളിയും താരലേലവും ഒക്കെ കഴിഞ്ഞ് 2008 ഏപ്രിലിൽ ഐപിഎൽ ആദ്യ സീസൺ തുടങ്ങി. ചില ടീമുകൾക്ക് ഐക്കൺ താരങ്ങളെയും നിശ്ചയിച്ചു നൽകി. മുംബൈ–സച്ചിൻ, ഡൽഹി–സേവാഗ്, പഞ്ചാബ്–യുവരാജ് സിങ്, ബാംഗ്ലൂർ–രാഹുൽ ദ്രാവിഡ്, കൊൽക്കത്ത–ഗാംഗുലി എന്നിങ്ങനെയായിരുന്നു ഐക്കൺതാരങ്ങൾ.

എം.എസ്.ധോണിയെ ലേലത്തിൽ പിടിച്ചാണ് ചെന്നൈ ടീം ക്യാപ്റ്റനാക്കിയത്. ആദ്യ സീസണിൽ ഷെയ്ൻ വോൺ നയിച്ച രാജസ്ഥാൻ റോയൽസാണു ജേതാക്കളായത്. ആദ്യ സീസണിൽ പാക്കിസ്ഥാൻ കളിക്കാരും ഐപിഎൽ കളിച്ചിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ വിള്ളൽ വന്നതിനാൽ പിന്നീട് പാക്ക് താരങ്ങൾക്ക് ഐപിഎലിൽ അവസരം ലഭിച്ചില്ല.

2010 മാർച്ച് 21ന് പുണെ വാരിയേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള എന്നീ രണ്ടു പുതിയ ടീമുകൾ കൂടി ഐപിഎല്ലിൽ വന്നു. നാലാം സീസണിൽ ഈ ടീമുകൾ കളിച്ചു. ബിസിസിഐ കരാർ ലംഘിച്ചതിന് ആ സീസൺ അവസാനിച്ചപ്പോൾ കൊച്ചിൻ ടസ്കേഴ്സിനെ ടൂർണമെന്റിൽ നിന്നു നീക്കുകയും ചെയ്തു. 2012ൽ ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദിനു പകരം സൺറൈസേഴ്സ് ഹൈദരാബാദ് ടീം നിലവിൽ വന്നു. ടീമിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2013ൽ പുണെ വാരിയേഴ്സിനെയും ടൂർണമെന്റിൽനിന്നു നീക്കി.

മാച്ച് ഫിക്സിങ് വിവാദവുമായി ബന്ധപ്പെട്ട് 2015ൽ ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് രണ്ടു സീസണുകളിലേക്ക് വിലക്ക് വന്നു. ഇതിനു പകരം റൈസിങ് പുണെ സൂപ്പർജെയ്ന്റ്, ഗുജറാത്ത് ലയൺസ് എന്നീ രണ്ടു ടീമുകളെ ലേലം വഴി ഉൾപ്പെടുത്തി. പിന്നീട് ചെന്നൈ, രാജസ്ഥാൻ ടീമുകൾ തിരിച്ചെത്തിയപ്പോൾ പുണെ, ഗുജറാത്ത് ടീമുകളും ഇല്ലാതായി. ഇപ്പോൾ ലീഗിലുള്ള എട്ടു ടീമുകളും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടുന്ന രീതിയിലാണു ഫിക്സ്ചർ.

ipl-logo

ലീഗിലെ ആദ്യ നാലു സ്ഥാനക്കാർ സെമിയിൽ. ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന രണ്ടു ടീമുകൾ തമ്മിൽ ഏറ്റുമുട്ടി ജയിക്കുന്ന ടീം ഫൈനലി‍ൽ. തോൽക്കുന്നവർക്ക് ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്നവർ ആദ്യ സെമിയിൽ തോറ്റവരുമായി കളിക്കണം. ഇതിൽ ജയിക്കുന്നവർ ഫൈനലിലേക്ക്.

ഇതുവരെ നടന്ന 13 സീസണുകളിൽ മുംബൈ അഞ്ചു വട്ടം ജേതാക്കളായി (2013, 2015, 2017, 2019, 2020). ചെന്നൈ മൂന്നു തവണയും (2010, 2011, 2018), കൊൽക്കത്ത (2012, 2014), ഹൈദരാബാദ് (2009–ഡെക്കാൻ ചാർജേഴ്സ്, 2016–സൺറൈസേഴ്സ്) ടീമുകൾ രണ്ടു തവണ വീതവും രാജസ്ഥാൻ ഒരു തവണയും (2008ൽ ആദ്യ സീസണിൽ) ജേതാക്കളായി. ഡൽഹി, പഞ്ചാബ്, ബാംഗ്ലൂർ ടീമുകൾക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ല.

English Summary: IPL 14th Edition From Friday Onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com