എന്നാലും ഡികോക്ക്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് ‘ചതിയെന്ന്’ മുൻ പാക്ക് താരങ്ങൾ

HIGHLIGHTS
  • പാക്കിസ്ഥാൻ താരം ഫഖർ സമാനെ കബളിപ്പിച്ച് റണ്ണൗട്ടാക്കിയ ദക്ഷിണാഫ്രിക്കൻ കീപ്പർ ക്വിന്റൻ ഡികോക്കിന്റെ നടപടിയിൽ വിവാദം
CRICKET-ODI-RSA-PAK
ഫഖാർ സമാൻ റണ്ണൗട്ടാകുന്നു. ചിത്രം: CHRISTIAAN KOTZE / AFP
SHARE

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിൽ പാക്കിസ്ഥാൻ ഓപ്പണർ ഫഖർ സമാൻ റണ്ണൗട്ടായ സംഭവത്തിൽ വിവാദം കത്തുന്നു. ഞായറാഴ്ച നടന്ന കളിയിൽ ദക്ഷിണാഫ്രിക്കയുടെ 341 റൺസ് പിന്തുടർന്നു പാക്കിസ്ഥാൻ ജയത്തിനടുത്തെത്തിയപ്പോഴാണു ഫഖർ (193) റണ്ണൗട്ടായത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് ഫഖറിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം. ഡികോക്കിനെ അനുകൂലിച്ചും എതിർത്തും ക്രിക്കറ്റ് ലോകത്തു ചർച്ചകളുയർന്നു.

അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ലുൻഗി എൻഗിഡിയുടെ ആദ്യ പന്ത് ലോങ് ഓഫിലേക്കു പായിച്ച ഫഖർ ആദ്യ റൺ പൂർത്തിയാക്കിയശേഷം 2–ാം റണ്ണിനായി ഓടി. നോൺസ്ട്രൈക്കർ എൻഡിലേക്കാണു ത്രോ വരുന്നതെന്ന മട്ടിൽ വിക്കറ്റ് കീപ്പർ ഡികോക്ക് എൻഗിഡിക്കു നിർദേശം നൽകി കൈ ഉയർത്തിയതോട ഫഖർ തിരിഞ്ഞുനോക്കി; ഓട്ടത്തിന്റെ വേഗവും കുറച്ചു.

ലോങ് ഓഫിൽനിന്നുള്ള ഏയ്ഡൻ മാർക്രത്തിന്റെ ഡയറക്ട് ത്രോയിൽ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിളകി; ഫഖർ റണ്ണൗട്ട്. ഇരട്ട സെഞ്ചുറിക്ക് 7 റൺസകലെ ഫഖർ പുറത്ത്. ജയിക്കാൻ 31 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ പാക്കിസ്ഥാൻ നേടിയത് 13 റൺസ്. ദക്ഷിണാഫ്രിക്കയുടെ ജയം 17 റൺസിന്. സ്കോർ: ദക്ഷിണാഫ്രിക്ക 6ന് 341, പാക്കിസ്ഥാൻ 9ന് 324.

∙ നിയമത്തിന് എതിര്

ക്രിക്കറ്റ് നിയമങ്ങളുടെ ചുമതലക്കാരായ മറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) പ്രതികരണമിങ്ങനെ: ബാറ്റ്സ്മാനെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതു നിയമപ്രകാരം കുറ്റകരമാണ്. ഫീൽഡ് അംപയർമാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഒന്നുകിൽ നോട്ടൗട്ട് വിധിക്കാം. 5 പെനൽറ്റി റൺസും അവർ ഓടിയ 2 റൺസും കൊടുക്കാം. അടുത്ത ബോൾ ആരു നേരിടണമെന്നു ബാറ്റ്സ്മാൻമാർക്കു തീരുമാനിക്കുകയും ചെയ്യാം.’

∙ ഡികോക്ക് തന്ത്രം മുൻപും

ദക്ഷിണാഫ്രിക്കയിലെ സാ‍ൻസി സൂപ്പർ ലീഗ് ക്രിക്കറ്റിൽ മുൻപും ഇതുപോലെ ‘ഫെയ്ക്കിങ്’ നടത്തിയിട്ടുണ്ട് ക്വിന്റൻ ഡികോക്ക്. സ്ട്രൈക്കേഴ്സ് എൻഡിലേക്കു ഡർബൻ ഹീറ്റ് താരം പെഹ്‍ലുക്‌വായോ ഓടിവരുന്നതിനിടെ നോൺസ്ട്രൈക്കേഴ്സ് എൻഡിലേക്കാണു ത്രോ പോകുന്നതെന്ന മട്ടിൽ ഡികോക്ക് അനങ്ങാതെ നിന്നു. എന്നാൽ, ത്രോ വന്നത് ഡികോക്കിന്റെ അടുത്തേക്കുതന്നെയാണ്. പന്ത് ഗ്ലൗസിലൊതുക്കിയ ഡികോക്ക് അതിവേഗത്തിൽ സ്റ്റംപ് തെറിപ്പിച്ചു; പെഹ്‍ലുക്‌വായോ റണ്ണൗട്ട്.

തെറ്റ് എന്റേതാണ്. നോൺ സ്ട്രൈക്കർ എൻഡിലേക്ക് ഓടിയ ഹാരിസ് റഊഫ് കുഴപ്പത്തിലാണെന്നു കരുതി അദ്ദേഹത്തെ ശ്രദ്ധിക്കുന്ന തിരക്കിലായിരുന്നു ഞാൻ. ബാക്കി കാര്യങ്ങൾ മാച്ച് റഫറിയാണു തീരുമാനിക്കേണ്ടത്. ഡികോക്കിന്റെ ഭാഗത്തു തെറ്റുണ്ടെന്നു ഞാൻ കരുതുന്നില്ല.ഫഖർ സമാൻ

ക്രിക്കറ്റിന്റെ സ്പിരിറ്റിനെതിരല്ലേ ഡികോക്കിന്റെ നടപടി? അതു നോട്ടൗട്ട് വിധിക്കേണ്ടിയിരുന്നതല്ലേ?ശുഐബ് അക്തർ (മുൻ പാക്ക് താരം)

ഡികോക്കിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേർന്നതല്ല.വഖാർ യൂനിസ് (മുൻ പാക്ക് താരം)

ഡികോക്ക് തന്ത്രപരമായി ഇടപെട്ടു. അതിലൂടെ കളി ഞങ്ങൾക്ക് അനുകൂലമായി.ടെംബ ബാവുമ (ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ)

English Summary: 'If so, then it's Not out': MCC explains law after Zaman's controversial run-out

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA