ADVERTISEMENT

ചെന്നൈ / മുംബൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കോവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിവിധ ഐപിഎൽ ടീമുകളിലെ 3 താരങ്ങൾക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിനും വൈറസ് ‌ബാധ സ്ഥിരീകരിച്ചു. ആർസിബി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആർസിബി നിരയിൽ കോവിഡ് ബാധിതനാകുന്ന രണ്ടാമത്തെ താരമാണ് സാംസ്. അവരുടെ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് സാംസ് ബാംഗ്ലൂർ ടീമിനൊപ്പം ചേർന്നത്. ഐപിഎൽ ചട്ടമനുസരിച്ച് വീണ്ടും നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരത്തിന് രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് സ്ഥിരീകരിച്ചതോടെ താരത്തെ ഐസലേഷനിലേക്ക് മാറ്റി.

ഐപിഎൽ 14–ാം സീസണിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഡൽഹി താരം അക്ഷർ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമെ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പിങ് കൺസൽറ്റന്റും സ്കൗട്ടും മുൻ ഇന്ത്യൻ താരവുമായ കിരൺ മോറെയും കോവിഡ് പോസിറ്റീവായി.

മാത്രമല്ല, വാങ്കഡെ സ്റ്റേഡിയത്തിലെ 3 ജീവനക്കാർകൂടി കോവിഡ് പോസിറ്റീവായതായി അധികൃതർ അറിയിച്ചു. 9നു ചെന്നൈയിൽ മുംബൈയും ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയിൽ മുംബൈ ടീം പരിശീലനം തുടരുന്നതിനിടയിലാണു മോറെയ്ക്കു (58) കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിനു ലക്ഷണങ്ങളൊന്നുമില്ലെന്നും ഐസലേഷനിൽ പ്രവേശിച്ചതായും ടീം മാനേജ്മെന്റ് അറിയിച്ചു. ബിസിസിഐ പുറത്തിറക്കിയ ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം മോറെയെ നിരീക്ഷിച്ചുവരികയാണെന്നും ടീം അറിയിച്ചു.

കഴിഞ്ഞയാഴ്ച 10 ഗ്രൗണ്ട് സ്റ്റാഫിനു കോവിഡ് സ്ഥിരീകരിച്ച മുംബൈയിലെ വാങ്കഡെയിൽ ഇന്നലെ മൂന്നുപേർകൂടി പോസിറ്റീവായി. ഇതിൽ 2 പേർ ഗ്രൗണ്ട് സ്റ്റാഫാണ്; ഒരാൾ പ്ലമറും.

English Summary: RCB's Daniel Sams tests positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com