sections
MORE

തകർത്തടിക്കാൻ ഇക്കുറി മാക്സ്‌വെലുമുണ്ട്; ആർസിബിക്ക് ‘ഓപ്പൺ, കോലി സ്റ്റൈൽ’!

azharudheen-rcb
റോയൽ ചാലഞ്ചേഴ്സിന്റെ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീൻ പരിശീലനത്തിനിടെ. ടീം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.
SHARE

ഐപിഎലിൽ ഇന്നിങ്സ് ഒാപ്പൺ ചെയ്യാനെത്തുമെന്ന വിരാട് കോലിയുടെ തീരുമാനത്തിൽ റോയൽ ചാലഞ്ചേഴ്സ് ആരാധകർക്കുണ്ടായ സന്തോഷം ചെറുതൊന്നുമാകില്ല. അഞ്ചു വർഷം മുൻപൊരു സീസണിൽ ഓപ്പണിങ് റോളിലെത്തി വെടിക്കെട്ടിനു തിരികൊളുത്തിയ പ്രകടനങ്ങളാകും ഈ നീക്കത്തിൽ എതിരാളികൾക്കു പോലും ഒാർമ വന്നിരിക്കുക. നാലു സെഞ്ചുറികളുമായി ആയിരത്തിനടുത്തു റൺസുമായി വിരാടിന്റെ വിശ്വരൂപം കണ്ട ആ സീസൺ ആവർത്തിച്ചാൽ കാത്തുകാത്തിരുന്ന കിരീടംകൂടി ‘ഓപ്പൺ’ ആകുമെന്ന് ഉറപ്പിക്കുന്നുണ്ടാകും ആരാധകർ.

ക്യാപ്റ്റൻ കോലി തുടക്കമിടുന്ന വെടിക്കെട്ടിനെ കിരീടത്തിലേക്കു കൂട്ടിയിണക്കാൻ പോന്ന കണ്ണികളേറെയുണ്ട് ഇക്കുറി റോയൽ കൂടാരത്തിൽ. കോലിയും എബി ഡിവില്ലിയേഴ്സും ഗ്ലെൻ മാക്സ്‌വെലും ഒരുമിച്ചെത്തുന്നതുതന്നെ എതിരാളികൾക്ക് എന്തും സംഭവിച്ചേക്കാമെന്നതിന്റെ മുന്നറിയിപ്പ്. ന്യൂസീലൻഡിൽ നിന്ന് അപ്രതീക്ഷിതമായൊരു തീപ്പൊരി താരംകൂടി ചേരുന്നുണ്ട് ഈ ബാറ്റിങ് ഡൈനമിറ്റിലേക്ക്. പേര് ഫിൻ അലൻ. ഓസീസ് താരം ജോഷ് ഫിലിപ്പിനു പകരമെത്തുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്രീസിൽ ബ്രണ്ടൻ മക്കല്ലവും ആദം ഗിൽക്രിസ്റ്റും ഒരുമിച്ചു ചേർത്തതുപോലൊരു കക്ഷിയാണ്.

യുവതാരം ദേവ്ദത്ത് പടിക്കൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ മലയാളി താരങ്ങളും ഡാനിയേൽ സാംസ്, കൈൽ ജയ്മിസൻ, ഡാൻ ക്രിസ്റ്റ്യൻ, വാഷിങ്ടൺ സുന്ദർ എന്നീ ഓൾറൗണ്ടർമാരും ചേരുന്നതോടെ ‘ക്ലിക്ക്’ ആകുമെന്ന സൂചന തരുന്നുണ്ട് ബാറ്റിങ് കരുത്ത്.

ബോളിങ് എൻഡിലും വിരാട് കോലിക്ക് മുന്നിലുള്ളതു ശുഭസൂചനകളാണ്. ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജും നവ്ദീപ് സെയ്നിയും വിശ്വസ്തരായി വളർന്നുകഴിഞ്ഞു. കെയ്ൻ റിച്ചഡ്സണും ജയ്മിസനും സാംസും ക്രിസ്റ്റ്യനുമാണ് ഇവർക്കു വിദേശ കൂട്ടാളികളായെത്തുക. ചെന്നൈയിലെ ചെപ്പോക്കിൽ ലീഗിനു തുടക്കമിടുന്ന ടീമിന്റെ സ്പിൻ വിഭാഗവും ഭദ്രം. യുസ്‌വേന്ദ്ര ചെഹലും സുന്ദറും ഓസീസിന്റെ ആദം സാംപയും മാക്സ്‌വെലും ചേരുന്ന സ്പിന്നേഴ്സ് ചാലഞ്ചേഴ്സിന് അനുകൂലമായി കളി തിരിക്കാൻ പോന്നവരാണ്.

∙ സർപ്രൈസ് സ്റ്റാർ

ഓപ്പണറായും വിക്കറ്റ് കീപ്പറായും റോയൽ ഇലവനിൽ സ്ഥിരക്കാരനാകാൻ സാധ്യതയുള്ള താരമാണ് ഫിൻ അലൻ. ന്യൂസിലൻഡിലെ സൂപ്പർ സ്മാഷ് ടൂർണമെന്റിൽ കൊടുങ്കാറ്റ് വേഗത്തിൽ റൺസ് സ്കോർ ചെയ്ത അതേ മികവ് ഐപിഎലിലും ഇരുപത്തിയൊന്നുകാരൻ ആവർത്തിച്ചാൽ ചാലഞ്ചേഴ്സിനു പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.

∙ താരമൂല്യം – 84.15 കോടി
∙ ശരാശരി പ്രായം – 27

∙ ആർസിബി @ Auction

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
കൈൽ ജയ്മിസൻ (15 കോടി)
ഗ്ലെൻ മാക്സ്‌വെൽ (14.25 കോടി)
ഡാൻ ക്രിസ്റ്റ്യൻ (4.8 കോടി)
സച്ചിൻ ബേബി (20 ലക്ഷം)
രജത് പടിദാർ (20 ലക്ഷം)
മുഹമ്മദ് അസ്ഹറുദ്ദീൻ (20 ലക്ഷം)
സുയാഷ് പ്രഭുദേശായ് (20 ലക്ഷം)
കെ.എസ്.ഭരത് (20 ലക്ഷം)

English Summary: IPL 2021 Team Analysis - Royal Challengers Bangalore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA