sections
MORE

സി.കെ. നായിഡുവിന്റെ മകൾ ചന്ദ്രയെ വീട്ടിൽ സന്ദർശിച്ചപ്പോൾ..; ഒരു ഓർമക്കുറിപ്പ്

ck-naidu-family
കേണൽ സി.കെ.നായിഡുവിന്റെ മക്കൾ. മധ്യത്തിൽ ചന്ദ്ര നായിഡു. ഇടത്തേയറ്റത്ത് പ്രകാശ് നായിഡു. 1997 ഫെബ്രുവരിയിലെടുത്ത ചിത്രം.
SHARE

‘ചന്ദ്ര നായിഡു അന്തരിച്ചു. വയസ്സ് 88. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റൻ കേണൽ കോട്ടാരി കനകയ്യ നായിഡുവിന്റെ (കേണൽ സി.കെ.നായിഡു) മകൾ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് കമന്റേറ്റർ’ – പത്രങ്ങളിലെ ചരമകോളങ്ങളിൽ ഏപ്രിൽ 5നു വന്ന വാർത്തയാണിത്. ആരായിരുന്നു ചന്ദ്ര നായിഡു? സി.കെ. നായിഡു എന്ന ക്രിക്കറ്റ് ഇതിഹാസതാരത്തിന്റെ മകളായി ജനിച്ചു. പിതാവിന്റെ പെരുമയിൽ അഭിമാനംകൊണ്ടു. സഹോദരന്മാരിലൊരാളും മുൻ ക്രിക്കറ്റ് താരവുമായ അന്തരിച്ച പ്രകാശ് നായിഡുവിനൊപ്പം പിതാവിന്റെ ക്രിക്കറ്റ് ശേഷിപ്പുകൾ വരുംതലമുറയ്ക്കായി കാത്തുവച്ചു. സി.കെ.നായിഡുവിന്റെ ബാറ്റും പാഡുകളും പന്തുകളും ക്രിക്കറ്റ് വസ്ത്രങ്ങളും ചിത്രങ്ങളും പുരസ്കാരങ്ങളുമെല്ലാം മധ്യപ്രദേശിലെ ഇൻഡോറിലെ കുടുംബവസതിയിൽ കാത്തുസൂക്ഷിച്ചു. ക്രിക്കറ്റിൽ ആദ്യത്തെ വനിതാ കമന്റേറ്ററായി. ഒടുവിലിതാ രോഗബാധിതയായി എൺപത്തെട്ടാം വയസ്സിൽ വിയോഗം. പ്രകാശ് നായിഡുവും ഇന്നില്ല. 

കേണൽ നായിഡു  ഇന്ത്യയുടെ പ്രഥമ ടെസ്റ്റ് ടീം ക്യാപ്റ്റനായത് 1932ലാണ്. അന്നു ചന്ദ്ര ജനിച്ചിട്ടില്ല. പിതാവു ക്രിക്കറ്റിൽ സജീവമായിരുന്നതു ചന്ദ്രയുടെ ശൈശവത്തിൽ. അതിനാൽതന്നെ പിതാവിന്റെ മഹത്വത്തെക്കുറിച്ചു ചന്ദ്ര നായിഡു വായിച്ചും പറഞ്ഞുകേട്ടുമാണ് അറിഞ്ഞത്. ആ അറിവുകളിൽനിന്നു ചന്ദ്ര മഹാനായ പിതാവിന്റെ ഓർമയ്ക്കു സമ്മാനിച്ചത് ഉജ്വലമായ ഒരു പുസ്തകമാണ്, ‘സി.കെ.നായിഡു: എ ഡോട്ടർ റിമംബേഴ്സ്’ എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.

∙ ഓർമകളിലെ ചന്ദ്ര

1997 ഫെബ്രുവരിയിലാണത്. കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സൂപ്പർ ലീഗിൽ പ്രവേശിച്ച വർഷം. ചരിത്രത്തിലാദ്യമായി ദക്ഷിണമേഖലാ ചാംപ്യൻമാരായി സൂപ്പർ ലീഗിലെത്തിയ കേരളത്തിന്റെ മത്സരങ്ങളെല്ലാം മറ്റു മേഖലകളിലാണ്. ഉത്തരമേഖലയിൽ നവ്ജ്യോത് സിങ് സിദ്ദു നയിച്ച പഞ്ചാബിനെതിരെ മൊഹാലിയിൽ, പശ്ചിമ മേഖലയിൽ  മഹാരാഷ്ട്രയ്ക്കെതിരെ പുണെയിൽ, മധ്യമേഖലയിൽ മധ്യപ്രദേശിനെതിരെ ഇൻഡോറിൽ, പൂർവ മേഖലയിൽ ഒഡീഷയ്ക്കെതിരെ കട്ടക്കിൽ. മത്സരങ്ങൾ മലയാള മനോരമയ്ക്കായി റിപ്പോർട്ട് ചെയ്യാൻ ഞാനും പുറപ്പെട്ടു. ഡൽഹിയിലെത്തിയാണു കേരള ടീമിനൊപ്പം ചേർന്നത്. അവർക്കൊപ്പമായി പിന്നീടുള്ള യാത്ര.

മോഹാലിയിലെയും പുണെയിലെയും മത്സരങ്ങളിൽ കേരളം തോറ്റു. അടുത്ത മത്സരം മധ്യപ്രദേശിനെതിരെ ഇൻഡോറിൽ. കേരള ടീം പോകുന്നതു ട്രെയിനിലാണ്. ഞാൻ രാത്രിബസിൽ പുറപ്പെട്ടു. ഇൻഡോറിലേക്കുള്ള ബസിലിരിക്കുമ്പോൾ മത്സരം റിപ്പോർട്ടിങ് എന്നതിലുമുപരി എന്റെ മനസ്സു തുടിച്ചതു മറ്റൊരു കാര്യത്തിനായിരുന്നു. ഇൻഡോർ. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ നാട്. കേണൽ സി.കെ.നായിഡുവും ഇന്ത്യക്കായി ആദ്യമായി വിദേശമണ്ണിൽ സെഞ്ചുറിയടിച്ച സയ്യിദ് മുഷ്താഖ് അലിയും ഇൻഡോറുകാരാണ്. കേണൽ നായിഡു ഇന്നില്ല. എങ്കിലും ആ വീട്ടിലൊന്നു പോകണം. മുഷ്താഖ് അലിയെയും കാണണം. ക്രിക്കറ്റിനൊപ്പം താരങ്ങളെയും അന്തംവിട്ട് ആരാധിച്ചിരുന്ന കാലം. ‌

ck-naidu-house
ഇൻഡോറിൽ കേണൽ സി.കെ.നായിഡുവിന്റെ വീട്

ഇൻഡോറിൽ മത്സരം തുടങ്ങുന്നതിനു തലേന്നു കേരളത്തിൽനിന്ന് അടുത്ത സുഹൃത്തുക്കൾ കൂടിയായ ചിലരെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്നത്തെ സെക്രട്ടറി എസ്.ഹരിദാസ്, പിന്നീടു ദേശീയ പാനൽ അംപയറായിരുന്ന എം.എസ്. വിശ്വനാഥൻ, പ്രമുഖ ക്രിക്കറ്റ് റിപ്പോർട്ടറും താരവുമായിരുന്ന കെ.പ്രദീപ്. കേരള ടീമംഗങ്ങളുമായി വലിയ പരിചയമുണ്ടായിരുന്നെങ്കിലും അവരെല്ലാം കളിയുടെയും ടീം മീറ്റിങ്ങിന്റെയും മറ്റും തിരക്കിലാകും. ഞാൻ റിപ്പോർട്ടിങ്ങിൽ വ്യാപൃതൻ. ഒരുതരത്തിൽ ഏകാന്തത തന്നെ. ആ അവസരത്തിലാണീ സുഹൃത്തുക്കളെത്തിയത്.

കണ്ടു വൈകാതെതന്നെ, പ്രദീപും വിശ്വനാഥും ഒരു കാര്യം പറഞ്ഞു. അവർക്കു കേണൽ സി.കെ.നായിഡുവിന്റെയും സയ്യിദ് മുഷ്താഖ് അലിയുടെയും വീടുകളിൽ പോകണം. ശരിക്കും വിസ്മയിച്ചുപോയി ഞാൻ. നാളുകളായി മനസ്സിൽ താലോലിക്കുന്ന സ്വപ്നം. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു തലമുറയുടെ ആഗ്രഹങ്ങൾ ഒരുപോലെയാകുന്നതിൽ അദ്ഭുതവുമില്ല. പ്രദീപും വിശ്വനാഥും പഴയകാല താരങ്ങളോട് അടങ്ങാത്ത ആരാധന സൂക്ഷിക്കുന്നവരാണ്. അവരുടെയൊപ്പം ചിത്രമെടുക്കുക, അതിന്റെ പ്രിന്റിൽ അവരെക്കൊണ്ട് ഒപ്പുവയ്പിക്കുക എന്നിവയാണു വിശ്വനാഥിന്റെ പ്രധാന പരിപാടി. പ്രദീപ് ചെറിയ ബാറ്റുകളിലും ക്രിക്കറ്റ് പന്തിലും അവരുടെ കയ്യൊപ്പു വാങ്ങി സൂക്ഷിക്കും. ഒരേ വികാരമുള്ളവർക്കൊപ്പമൊരു യാത്ര.

മധ്യപ്രദേശ്–കേരള മത്സരം നടന്നത് ഇൻഡോറിലെ ഉഷാ സിങ് മൈതാനത്തായിരുന്നു. മധ്യപ്രദേശ് ടീമിന്റെ പട്ടികയിലെ ഒരു പേരിൽ കണ്ണുടക്കി. സയ്യിദ് അബ്ബാസ് അലി. സയ്യിദ് മുഷ്താഖ് അലിയുടെ മകൻ ഗുൽറെസ് അലിയുടെ പുത്രൻ. മുഷ്താഖ് അലി ഇന്ത്യക്കു കളിച്ചെങ്കിൽ മകനും പൗത്രനും മധ്യപ്രദേശിനായി കളിച്ചിട്ടുണ്ട്.  കളി റിപ്പോർട്ട് ചെയ്യാനെത്തിയ ഇൻഡോറുകാരായ പത്രപ്രവർത്തകരിൽനിന്നു കേണൽ സി.കെ.നായിഡുവിന്റെ വീട്ടിലെ ഫോൺ നമ്പർ സംഘടിപ്പിച്ചു. ആഗ്രഹം പറഞ്ഞപ്പോൾ അവർക്കു പൂർണ സമ്മതം. വൈകിട്ടു വീട്ടിലെത്താൻ ക്ഷണം.

∙ ഇതിഹാസത്തിന്റെ വീട്

ഇൻഡോർ മനോരമ ഗഞ്ജിലെ വസതി. ഗേറ്റിൽ കേണൽ സി.കെ.നായിഡു എന്ന് എഴുതിവച്ചിരിക്കുന്നു. ഗേറ്റ് കടക്കുമ്പോൾ മനസ്സു ത്രസിച്ചു. കെ.പ്രദീപും വിശ്വനാഥും ഹരിയേട്ടനെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന എസ്.ഹരിദാസും ഞാനും. ആരുടെ വീട്ടിലേക്കാണു നാം കയറുന്നത്? പരസ്പരം ചോദിച്ചു. നിറഞ്ഞ ചിരിയോടെ പ്രകാശ് നായിഡു ഇറങ്ങിവന്നു. ഒപ്പം ചന്ദ്ര നായിഡുവും മറ്റു സഹോദരങ്ങളും. ഓരോരുത്തരായി പരിചയപ്പെട്ടു. വീടിനെ മഹാനായ പിതാവിന്റെ ഓർമകൾ കാക്കുന്ന മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു മക്കൾ. പഴയ ചിത്രങ്ങൾക്കിടയിൽ തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് മൈതാനിയിലും പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്തും കേണൽ നായിഡു എത്തിയതിന്റെ ചിത്രങ്ങൾ അടിക്കുറിപ്പോടെ കണ്ടതോടെ വിസ്മയം ഇരട്ടിച്ചു. പിതാവിന്റെ ഓർമകൾ പങ്കുവച്ചു പ്രകാശും മറ്റു മക്കളും. ചന്ദ്ര നായിഡു പിതാവിനെക്കുറിച്ച് അവരെഴുതിയ പുസ്തകം ഒപ്പിട്ടു സമ്മാനിച്ചു.

padma-shri-mushtaq
സയ്യിദ് മുഷ്താഖ് അലി ഇൻഡോറിലെ വസതിയിൽ. ചുമരിൽ പത്മശ്രീ ബഹുമതി.

ഇന്ത്യയുടെ ആദ്യ ക്യാപ്റ്റനായി നിയമിക്കപ്പെടാൻ ഭാഗ്യം സിദ്ധിച്ച സി.കെ.നായിഡു. അതും ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ ഈറ്റില്ലമായി വാഴ്ത്ത്പ്പെടുന്ന ലോർഡ്സ് മൈതാനത്ത്. 1977ലാണു ചന്ദ്ര നായിഡു ക്രിക്കറ്റ് കമന്റേറ്ററായത്. ഇംഗ്ലിഷ് പ്രഫസറായിരുന്നു അവർ. അവിവാഹിതയായിരുന്നു. ആഭ്യന്തര വനിതാ ക്രിക്കറ്റിൽ മധ്യപ്രദേശിനായി കളിക്കാനും അവസരമുണ്ടായി. അക്കാലത്ത് അപൂർവമായേ വനിതകൾ ക്രിക്കറ്റ് കളിച്ചിരുന്നുള്ളൂ. വനിതാ ക്രിക്കറ്റ് പ്രചരിപ്പിക്കാനും അവർ പ്രയത്നിച്ചു. പ്രത്യേകിച്ചും ഇന്റർ കൊളിജിയറ്റ്, ഇന്റർ യൂണിവേഴ്സിറ്റി തലങ്ങളിൽ. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ആജീവനാന്ത അംഗത്വവും അവർക്കുണ്ടായിരുന്നു. ആ വർഷം ദേശീയ ജേതാക്കളായ ബോംബെയും (ഇന്നത്തെ മുംബൈ) എംസിസിയും തമ്മിൽ ഇൻഡോറിൽ നടന്ന മത്സരത്തിനായാണ് അവർ ആദ്യമായി കമന്ററി പറഞ്ഞത്.

ക്രിക്കറ്റിനൊപ്പം ടേബിൾ ടെന്നിസിലും അറിയപ്പെടുന്ന താരമായിരുന്നു അവരുടെ സഹോദരൻ പ്രകാശ് നായിഡു. ഡബിൾസിലും സിംഗിൾസിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.   ക്രിക്കറ്റിനു പുറമെ ഹോക്കിയും ഫുട്ബോളും കളിച്ചിരുന്നു പിതാവ് സി.കെ.നായിഡുവെന്ന് അന്നു ഞങ്ങളോട് പ്രകാശ് നായിഡു പറഞ്ഞു. മകൻ ഒന്നിലേറെ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിൽ ആശ്ചര്യം വേണ്ടെന്നു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. പിതാവിനു ക്യാപ്റ്റൻ സ്ഥാനം ലഭിച്ചതിന്റെ രസകരമായ കഥയും പ്രകാശ് അന്നു വിശദീകരിച്ചു.

ali-with-sivanandan-sighned-pic
സയ്യിദ് മുഷ്താഖ് അലിക്കൊപ്പം ലേഖകൻ (എം.എസ്.വിശ്വനാഥനെടുത്ത് സയ്യിദ് മുഷ്താഖ് അലി ഒപ്പിട്ട ചിത്രം)

മുപ്പതുകളിലെല്ലാം ഇന്ത്യയിൽ  നാട്ടുരാജ്യങ്ങളിലെ രാജകുമാരന്മാരായിരുന്നു വലിയ കളിക്കാരായി അംഗീകരിക്കപ്പെട്ടിരുന്നത്. അവർക്കാണു ക്യാപ്റ്റൻ സ്ഥാനംപോലുള്ള പദവികൾ ലഭിക്കാറ്. ആരും എതിർക്കുകയുമില്ല. ഇംഗ്ലണ്ടിനെതിരായി ഇംഗ്ലണ്ടിൽ പോയി കളിക്കാനുള്ള ടീമിന്റെ ക്യാപ്റ്റൻ സ്വാഭാവികമായും അവരിലാരെങ്കിലുമാകും. വിജയനഗരത്തെ രാജകുമാരനോ പട്യാലയിലെ രാജകുമാരനോ ക്യാപ്റ്റനാകുമെന്നാണു കരുതപ്പെട്ടിരുന്നത്. പക്ഷേ, 1932ലെ ഇംഗ്ലണ്ട് ടൂറിനു തൊട്ടു മുൻപായി ഇരുവരും പിന്മാറി. പിന്നീടു പോർബന്ദറിലെ മഹാരാജാവു നയിക്കുമെന്നായി ശ്രുതി. എന്നാൽ, ക്രിക്കറ്റിലെ സ്വന്തം പരിമിതികൾ അറിയാവുന്ന അദ്ദേഹം പിന്മാറിയതോടെ കേണൽ സി.കെ.നായിഡുവിലേക്ക് ആ നിയോഗമെത്തി.

ലോർഡ്സിൽ ആദ്യമായി കളിക്കാനിറങ്ങിയ ടീമിന്റെ ടോപ് സ്കോററും അദ്ദേഹമായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 40 റൺസ് അദ്ദേഹം നേടി. ആ സന്ദർശനത്തിൽ മിഡിൽസെക്സിനെതിരെ 101, വാർവിക്‌ഷെറിനെതിരെ 162, സോമർസെറ്റിനെതിരെ പുറത്താകാതെ 130 എന്നിങ്ങനെ നായിഡു നേടിയ ശതകങ്ങളും  മിന്നുന്ന ഓർമകളാണ്. 5 ശതകമടക്കം 1613 റൺസാണു നായിഡു ആ പരമ്പരയിൽ നേടിയത്. അന്നു 36 വയസ്സുണ്ടായിരുന്ന അദ്ദേഹം 59 വിക്കറ്റുകളും നേടി. 1952–53ൽ വിരമിച്ച ശേഷം 61–ാം വയസ്സിൽ തിരിച്ചെത്തിയ വീരചരിത്വും നായിഡുവിനുണ്ട്. ഉത്തർപ്രദേശിന്റെ ക്യാപ്റ്റനായായിരുന്നു മടങ്ങിവരവ്. 62–ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അവസാന രഞ്ജി ട്രോഫി മത്സരം.

1963–64ൽ കളി അവസാനിപ്പിച്ച സി.കെ.നായിഡു 1967ൽ അന്തരിച്ചു. വളരെ സന്തോഷത്തോടെയാണു പ്രകാശും ചന്ദ്രയും മറ്റു സഹോദരങ്ങളും ഞങ്ങളെ യാത്രയാക്കിയത്. പ്രകാശ് 1997 മാർച്ചിൽ  അന്തരിച്ചു. ഇപ്പോഴിതാ ചന്ദ്ര നായിഡുവും. മഹാനായ പിതാവിന്റെ ശേഷിപ്പുകൾ പ്രകാശിന്റെയും മറ്റു സഹോദരങ്ങളുടെയും മക്കളിലൂടെ വരുംതലമുറകൾക്കായി സുരക്ഷിതമാകുമെന്നു പ്രത്യാശിക്കാം.  

∙ മുഷ്താഖ് അലിയുടെ വീട്ടിൽ

അടുത്ത സുഹൃത്തുക്കളായിരുന്നു കേണൽ നായിഡുവും സയ്യിദ് മുഷ്താഖ് അലിയും. മുഷ്താഖ് അലിയെന്ന എൺപത്തിമൂന്നുകാരൻ മധ്യപ്രദേശ്–കേരള മത്സരം നടക്കുന്ന മൈതാനിയിലേക്കു കളി കാണാനെത്തി. ആവേശത്തോടെയാണ് അദ്ദേഹത്തെ ഞങ്ങൾ കണ്ടത്. വൈകിട്ടു വീട്ടിലേക്കു ക്ഷണിച്ചു. മകൻ ഗുൽറെസ് അലിയും പൗത്രൻ അബ്ബാസ് അലിയുമൊന്നിച്ചു ചിത്രത്തിനു മുഷ്താഖ് അലി പോസ് ചെയ്തു. കസേര സ്വയം വലിച്ചിട്ട് ഇരുന്ന് ഏറെ നേരം സംസാരിച്ചു. വൈകിട്ട് വീട്ടിൽ ഞങ്ങൾക്കു വലിയ സ്വീകരണം. വാതിൽപ്പടിയിൽ ഞങ്ങളെ കാത്ത് ഇതിഹാസതാരം.

‘അത്തരമൊരു ആദരം കേരളത്തിൽതന്നെ മറ്റാർക്കെങ്കിലും കിട്ടിക്കാണുമോ’ എന്നാണു ക്രിക്കറ്റ് ഇന്നും ആവേശമായ കെ.പ്രദീപിന്റെ ചോദ്യം. 1936ൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മാഞ്ചസ്റ്ററിൽ ഓൾഡ് ട്രഫോഡിൽ സെഞ്ചുറി (112 റൺസ്) നേടിയ താരം ഇതാ നമ്മെ സ്വീകരിക്കാൻ നിറചിരിയുമായി വാതിൽക്കൽ. ക്രിക്കറ്റ് പ്രേമിയെന്ന നിലയിലുള്ള ധന്യമുഹൂർത്തങ്ങളിലൊന്ന്. ചുമരിൽ തൂക്കിയ പത്മശ്രീ ബഹുമതിക്കൊപ്പം നിന്നു മുഷ്താഖ് അലി ഫോട്ടോയ്ക്കു പോസ് ചെയ്തു. വിശ്വനാഥൻ ചിത്രങ്ങളെടുത്തുകൊണ്ടേയിരുന്നു.

മാസങ്ങൾക്കു ശേഷം മുഷ്താഖ് അലിയുടെ കയ്യൊപ്പം ചാർത്തി എനിക്കു വിസ്മയമേകി അദ്ദേഹം അയച്ചുതന്നെ ചിത്രം ഇന്നും എന്റെ ശേഖരത്തിലുണ്ട്. 2005 ജൂൺ 18നാണു മുഷ്താഖ് അലി ലോകത്തോടു യാത്ര പറഞ്ഞത്. ഇന്ത്യയിൽ ദേശീയ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾ അദ്ദേഹത്തിന്റെ പേരിലാണു നടത്തുന്നത്.

English Summary: Remembering CK Nayudu's Daughter, Commentator Chandra Nayadu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA