ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നതിനിടെ ആതിഥേയ ടീമിലെ പ്രമുഖ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാൻ അനുവദിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ നടപടിയെ വിമർശിച്ച് പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി. ക്വിന്റൻ ഡികോക്ക് ഉൾപ്പെടെയുള്ള താരങ്ങൾ മാറിനിന്നതോടെ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 2–1ന് തോറ്റിരുന്നു. ഏകദിനത്തിനു പുറമെ നാല് ട്വന്റി20 മത്സരങ്ങളും പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൻ കോക്ക്, ആൻറിച് നോർട്യ, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി കഗിസോ റബാദ, തുടങ്ങിയ താരങ്ങളാണ് രണ്ടാം ഏകദിനത്തിനു തൊട്ടുപിന്നാലെ ഐപിഎലിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. പാക്കിസ്ഥാനെതിരായ പരമ്പര നടന്നുവരുന്നതിനിടെ ടീമിലെ പ്രമുഖ താരങ്ങളെ ഐപിഎലിൽ കളിക്കാൻ പോകാൻ അനുവദിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം വിസ്മയിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നാണ് അഫ്രീദിയുടെ വാക്കുകൾ.

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റ ദക്ഷിണാഫ്രിക്ക, രണ്ടാം ഏകദിനത്തിൽ ശക്തമായ തിരിച്ചടിച്ചിരുന്നു. ഇതോടെ പരമ്പര വിജയികളെ കണ്ടെത്താൻ മൂന്നാം ഏകദിനം നിർണായകമായി. എന്നിട്ടും മൂന്നാം ഏകദിനത്തിനു മുൻപായി ടീമിലെ പ്രമുഖ താരങ്ങളെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഐപിഎലിൽ കളിക്കാൻ അനുവദിച്ചതാണ് അഫ്രീദിയുടെ അപ്രീതിക്കു പിന്നിൽ. ഏകദിന പരമ്പരയ്ക്കു പിന്നാലെ പാക്കിസ്ഥാൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് ട്വന്റി20 മത്സരങ്ങളും കളിക്കുന്നുണ്ട്. ഏപ്രിൽ 10നാണ് ട്വന്റി20 പരമ്പര ആരംഭിക്കുക. ഐപിഎലിൽ കളിക്കാൻ പോയ പ്രമുഖ താരങ്ങളുടെ സേവനം ട്വന്റി20 പരമ്പരയിലും ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കില്ല.

‘പരമ്പരയ്‌ക്കിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് താരങ്ങളെ ഐപിഎലിൽ കളിക്കാൻ അനുവദിച്ചത് വിസ്മയിപ്പിച്ചു. രാജ്യാന്തര ക്രിക്കറ്റിനെ ട്വന്റി20 ലീഗുകൾ സ്വാധീനിക്കുന്നത് വിഷമിപ്പിക്കുന്നു. ഇക്കാര്യത്തിൽ വീണ്ടു‌വിചാരം വേണം’ – അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

ഐപിഎൽ 14–ാം സീസണിന് ഉടൻ തുടക്കമാകാനിരിക്കെ കഗീസോ റബാദ, ആൻറിച് നോർട്യ (ഡൽഹി ക്യാപിറ്റൽസ്), ക്വിന്റൻ ഡികോക്ക് (മുംബൈ ഇന്ത്യൻസ്), ഡേവിഡ് മില്ലർ (രാജസ്ഥാൻ റോയൽസ്), ലുങ്കി എൻഗിഡി (ചെന്നൈ സൂപ്പർ കിങ്സ്) തുടങ്ങിയവർ ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. ഇതിനിടെയാണ് അഫ്രീദിയുടെ വിമർശനം.

English Summary: Surprising to see CSA allowing players to play in IPL amid ongoing series vs Pakistan: Shahid Afridi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com