ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിൽ ആരാധകർ കാത്തിരിക്കുന്നൊരു പോരാട്ടത്തിന് ഉദ്ഘാടന മത്സരം തന്നെ വേദിയാകുമെന്ന് ചൂണ്ടിക്കാട്ടി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുംബൈ ഇന്ത്യൻസ് പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ഐപിഎലിൽ ബാംഗ്ലൂരിനായി ഇക്കുറി ഓപ്പണറായി ഇറങ്ങുമെന്ന് കോലി നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, കോലി – ബുമ്ര പോരാട്ടം ശ്രദ്ധേയമാകുമെന്ന് ഉറപ്പ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യൻ നായകനായ വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കാനെത്തുന്നത്. മറുവശത്ത് ജസ്പ്രീത് ബുമ്രയാകട്ടെ, വിവാഹത്തിനായി സാമാന്യം നീണ്ട ഇടവേളയെടുത്ത ശേഷമാണ് തിരിച്ചെത്തുന്നത്.

‘ഇന്നത്തെ മത്സരത്തിൽ ഏറ്റവും മികച്ച രണ്ടു പേർ തമ്മിലുള്ള പോരാട്ടമാകും ഹൈലൈറ്റ്. വിരാട് കോലിയും ജസ്പ്രീത് ബുമ്രയുമാണ് നേർക്കുനേരെത്തുന്നത്. മികച്ച ഫോമിലാണ് ഐപിഎലിനായി കോലിയെത്തുന്നത്. ബുമ്രയ്ക്കാകട്ടെ, നീണ്ട ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവാണ് ഈ ഐപിഎൽ’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘റോയൽ ചാലഞ്ചേഴ്സിനായി ഇക്കുറി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നവരിൽ ഒരാൾ വിരാട് കോലിയായിരിക്കും. കോലിക്കെതിരെ ന്യൂ ബോളുമായി വരുന്നത് ബുമ്രയും. കോലിയുടെ കീഴിൽ മികച്ച പ്രകടനുമായി തിളങ്ങാറുള്ള ബുമ്ര, ഇന്ന്് അതേ കോലിക്കെതിരെ പന്തെറിയുമ്പോൾ ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന കാഴ്ചയായിരിക്കും അത്’ – ചോപ്ര പറഞ്ഞു.

‘വിരാട് കോലി ബാറ്റിങ്ങിന് എത്തുമ്പോൾ തന്നെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ന്യൂബോൾ ബുമ്രയ്ക്ക് നൽകും. ബുമ്ര കോലിക്കെതിരെ തുടർച്ചയായി ബൗൺസറുകൾ എറിയും. മുൻപ് ബുമ്രയ്‌ക്കെതിരെ പുൾ ഷോട്ടിന് ശ്രമിച്ച് കോലി 2–3 തവണ പുറത്തായിട്ടുമുണ്ട്’ – ചോപ്ര പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോലിക്കെതിരെ മികച്ച ബോളിങ് റെക്കോർഡുള്ള താരമാണ് ബുമ്രയെന്നതും ശ്രദ്ധേയം. ഐപിഎലിൽ ബുമ്ര കന്നി വിക്കറ്റ് ആഘോഷിച്ചത് കോലിയെ പുറത്താക്കിയതാണ്. 2013ലായിരുന്നു ഇത്. പിന്നീട് 2020ൽ തന്റെ 100–ാം വിക്കറ്റ് തികച്ചതും കോലിയെ പുറത്താക്കിത്തന്നെ.

English Summary: Virat Kohli vs Jasprit Bumrah is the contest to look out for in IPL 2021 opening match: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com