ADVERTISEMENT

ചെന്നൈ ∙ ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ തോൽക്കുകയെന്ന മുംബൈ തിരക്കഥയ്ക്കു മാറ്റമില്ല. തുടർച്ചയായ 9–ാം സീസണിലും ആദ്യ മത്സരത്തിൽ മുംബൈയ്ക്കു തോൽവി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 2 വിക്കറ്റിനു മുംബൈ ഇന്ത്യൻസിനെ തോൽപിച്ചു. 7 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ അവസാന പന്തിലാണു ബാംഗ്ലൂർ ലക്ഷ്യത്തിലെത്തിയത്. 4–ാം പന്തിൽ എബി ഡിവില്ലിയേഴ്സ് റണ്ണൗട്ടായിട്ടും ബാംഗ്ലൂർ ജയത്തിലെത്തി. ഡിവില്ലിയേഴ്സ് (27 പന്തുകളിൽ 48), വിരാട് കോലി (33), ഗ്ലെൻ മാക്സ്‌വെൽ (28 പന്തുകളിൽ 39) എന്നിവരുടെ ഇന്നിങ്സുകളാണു ബാംഗ്ലൂരിനെ തുണച്ചത്. 5 വിക്കറ്റെടുത്തു ബോളിങ്ങിൽ തിളങ്ങിയ ഹർഷൽ പട്ടേൽ അവസാന പന്തിൽ സിംഗി‍ൾ നേടി ടീമിന്റെ വിജയനായകനായി. സ്കോർ: മുംബൈ 20 ഓവറിൽ 9ന് 159, ബാംഗ്ലൂർ 20 ഓവറിൽ 8ന് 160. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കു ബ്രേക്കിട്ടത് ബാംഗ്ലൂരിന്റെ മീഡിയം പേസർ ഹർഷലാണ്. 4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ഹർഷലിന്റെ മികവിൽ മുംബൈ 20 ഓവറിൽ 159ൽ ഒതുങ്ങി. ആദ്യ 16 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 134 റൺസിലെത്തിയ മുംബൈയെ ഡെത്ത് ഓവറുകളിൽ ബാംഗ്ലൂർ പിടിച്ചു. അവസാന 4 ഓവറുകളിൽ നേടാനായത് 25 റൺസ് മാത്രം. നഷ്ടപ്പെട്ടത് 5 വിക്കറ്റും.

harshal-patel
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിന്‍റെ ആഹ്ലാദം

ഹർഷൽ എറിഞ്ഞ 20–ാം ഓവറിൽ 4 വിക്കറ്റ് മുംബൈയ്ക്കു നഷ്ടപ്പെട്ടു. ആദ്യ പന്തിൽ  ക്രുണാൽ പാണ്ഡ്യ പുറത്ത്. 2–ാം പന്തിൽ കയ്റൺ പൊള്ളാർഡിനെ വാഷിങ്ടൻ സുന്ദർ കയ്യിലൊതുക്കി. ഹാട്രിക് നഷ്ടപ്പെട്ടെങ്കിലും 4–ാം പന്തിൽ സ്‌ലോ യോർക്കറിൽ മാർക്കോ ജാൻസൻ ക്ലീൻ ബോൾഡ്. അവസാന പന്തിൽ രാഹുൽ ചാഹർ റണ്ണൗട്ട്. മുംബൈ അവസാന ഓവറിൽ നേടിയത് ഒരൊറ്റ റൺസ്. ഓപ്പണർ ക്രിസ് ലിൻ (35 പന്തുകളിൽ 49), സൂര്യകുമാർ യാദവ് (23 പന്തുകളിൽ 31), ഇഷാൻ കിഷൻ (19 പന്തുകളിൽ 28) എന്നിവരുടെ ഇന്നിങ്സുകളാണു മുംബൈ ഇന്നിങ്സിനു ജീവനേകിയത്. 

∙ ക്യാപ്റ്റൻ എന്ന നിലയിൽ ട്വന്റി20 മത്സരങ്ങളിൽ വിരാട് കോലി 6000 റൺസ് പൂർത്തിയാക്കി.

English Summary: Mumbai vs Bangalore, 1st Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com