ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് ഇന്ന് തുടക്കമാകാനിരിക്കെ, റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലി. ഐപിഎലിന്റെ തുടക്കം മുതൽ റോയൽ ചാലഞ്ചേഴ്സ് താരമായ കോലിക്ക്, ഇതുവരെ ടീമിനൊപ്പം ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. അതേസമയം, ഇതുവരെ കിരീടം നേടാനാകാത്തതിന്റെ പേരിൽ ടീം വിടുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്ന് കോലി വെളിപ്പെടുത്തി.

ഐപിഎൽ 14–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സും രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസുമാണ് ഏറ്റുമുട്ടുന്നത്. ഇതിനിടെയാണ് ടീമ‌ുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി കോലിയുടെ രംഗപ്രവേശം. ഗ്ലെൻ മാക്സ്‌വെൽ, കൈൽ ജാമിസൺ തുടങ്ങിയ ഒരുപിടി പുത്തൻ താരങ്ങളെ ടീമിലെത്തിച്ചാണ് ഇക്കുറി ബാംഗ്ലൂർ കിരീടം ലക്ഷ്യമിട്ട് എത്തുന്നത്.

‘മികച്ച ആരാധകവൃന്ദമുള്ള മറ്റു ചില ടീമുകൾ കൂടിയുണ്ട്. പക്ഷേ, ഞങ്ങളുടെ കളിയുടെ പ്രത്യേകത കൊണ്ട് ടീമിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. ഇത്തവണയും ഹൃദയം മുഴുവൻ സമർപ്പിച്ച് കളിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. മുൻപ് പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾക്ക് മികവു കാണിക്കാനാകാതെ പോയ സന്ദർഭങ്ങളുണ്ട്. പക്ഷേ, ആവേശവും പാഷനും അർപ്പണബോധവും ഒരിക്കലും ഞങ്ങൾ കൈവിട്ടിട്ടില്ല’ – കോലി ചൂണ്ടിക്കാട്ടി.

‘ബാംഗ്ലൂരിനൊപ്പമുള്ള ജീവിതം രസകരമാണ്. കിരീടമില്ലാത്തതിന്റെ പേരിൽ ടീം വിട്ടേക്കാമെന്ന് ഒരിക്കൽക്കൽപോലും തോന്നിയിട്ടില്ല. അത് ഈ ടീമിലെ അന്തരീക്ഷം കൊണ്ടാണ്. ഇതുപോലൊരു സാഹചര്യം മറ്റെവിടെയും കിട്ടാൻ വഴിയില്ല. മികച്ച പ്രകടനം പുറത്തെടുക്കാൻ ആരാധകർ എനിക്ക് സമ്മർദ്ദം തരികയോ, എന്നെ ടീമിൽ നിലനിർത്താൻ ഞാൻ ടീം മാനേജ്മെന്റിനെ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്ന തരത്തിലുള്ള രീതിയൊന്നും ഇവിടില്ല. ഇവിടുത്തെ രസകരമായ അന്തരീക്ഷം ഉപേക്ഷിച്ച് ഞാൻ എങ്ങോട്ടുമില്ല’ – കോലി പറഞ്ഞു.

English Summary: Never thought of leaving RCB just because I haven't won a title - Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com