‘പ്രായമാകാത്ത’ എബിഡി, വിറച്ച് ബോൾട്ടും ബുമ്രയും; ഫലം മുംബൈയുടെ പതനം

abd-batting
മുംബൈയ്ക്കെതിരെ എബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്
SHARE

ക്രുനാൽ പാണ്ഡ്യയുടെ മുഖത്ത് ചെറിയ പരിഭ്രമം ഉണ്ടായിരുന്നു. കാരണം എതിരാളി ഗ്ലെൻ മാക്സ്‍വെല്ലായിരുന്നു. 2021ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടനമത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഓൾറൗണ്ടറും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്റ്റാർ ബാറ്റ്സ്മാനും തമ്മിൽ കൊമ്പുകോർക്കുകയായിരുന്നു.

ക്രുനാലിനെതിരെ മാക്സ്‍വെൽ ക്രീസിൽനിന്ന് ചാടിയിറങ്ങി ഷോട്ട് കളിച്ചു. നൂറു മീറ്റർ അകലെ,ചിദംബരം സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലാണ് പന്ത് പറന്നിറങ്ങിയത്! നോൺ സ്ട്രൈക്കർ എൻഡിൽ നിന്നിരുന്ന ബാംഗ്ലൂർ സ്കിപ്പർ വിരാട് കോഹ്ലി അതുകണ്ട് വിസ്മയിച്ചു. ഗ്രൗണ്ടിലെ വലിയ സ്ക്രീനിൽ ഇങ്ങനെ തെളിഞ്ഞു-

''മാക്സിയുടെ ലക്ഷ്യം സ്റ്റേഡിയത്തിനുപുറത്തുള്ള മറീനാ ബീച്ചാണ്...!''

രാഹുൽ ചാഹറിന്റെ അടുത്ത ഒാവറിൽ മാക്സ്വെൽ സ്വിച്ച് ഹിറ്റ് കളിച്ചു. വീണ്ടും സിക്സർ! 160 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുകയായിരുന്ന ബാംഗ്ലൂർ അനായാസജയത്തിലേക്ക് കുതിക്കുകയായിരുന്നു.

ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ആർസിബിയുടെ ഡഗ് ഒൗട്ടിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു-എ.ബി ഡിവില്ലിയേഴ്സ്. മിസ്റ്റർ 360 എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജീനിയസ്. അയാൾ ചിന്തിച്ചിട്ടുണ്ടാവണം-

''കഴിഞ്ഞ കുറേ വർഷങ്ങളായി ബാംഗ്ലൂർ ടീമിന്റെ ഉത്തരവാദിത്തം പ്രധാനമായും എന്റെ ചുമലുകളിലായിരുന്നു. ഇനി എനിക്ക് ആശ്വസിക്കാം. ഭാരം പങ്കുവെയ്ക്കാൻ മാക്സ്വെൽ എത്തിയിരിക്കുന്നു...!''

പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. മുംബൈ നായകൻ രോഹിത് ശർമ ജസ്പ്രീത് ബുംറയെ ആക്രമണത്തിന് കൊണ്ടുവന്നു. വിരാട് കോലിയെ(33) വിക്കറ്റിനുമുമ്പിൽ കുടുക്കിയ ബുംറ ആർസിബിയ്ക്ക് ആദ്യത്തെ പ്രഹരം സമ്മാനിച്ചു. അതോടെ ഡിവില്ലിയേഴ്സ് കളിക്കാനിറങ്ങി.

ഏഴടിയോളം ഉയരമുള്ള ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ജാൻസന്റേതായിരുന്നു അടുത്ത ഊഴം. മാക്സ്‍വെല്ലിനെയും(39) ഷഹബാസ് അഹമ്മദിനെയും(1) ഒറ്റ ഓവറിൽ ജാൻസൻ വീഴ്ത്തി. ബാംഗ്ലൂരിന്റെ വിജയം 54 റണ്ണുകൾ അകലെയായിരുന്നു. അവശേഷിച്ചിരുന്നത് 30 പന്തുകളും.

ഏഴാമനായി ഇറങ്ങിയ ഡാനിയേൽ ക്രിസ്റ്റ്യൻ വമ്പൻ അടികൾക്ക് പ്രാപ്തനായിരുന്നു. എന്നാൽ അതുപോലൊരു സമ്മർദ്ദഘട്ടത്തിൽ ക്രിസ്റ്റ്യന് ചെയ്യാൻ കഴിയുന്ന അത്ഭുതങ്ങൾക്ക് പരിധിയുണ്ടായിരുന്നു. ബാംഗ്ലൂരിന്റെ എല്ലാ പ്രതീക്ഷകളും ഒരിക്കൽക്കൂടി ഡിവില്ലിയേഴ്സിലേക്ക് ചുരുങ്ങി.

ചാഹറിനെതിരെ ഫോറും സിക്സറും പായിച്ച് ഡിവില്ലിയേഴ്സ് വരവറിയിച്ചു. പക്ഷേ ക്രിസ്റ്റ്യന്റെ(1) ഇന്നിങ്സിന് ബുംറ തിരശ്ശീലയിട്ടു. അവസാന മൂന്ന് ഒാവറുകളിൽ ബാംഗ്ലൂരിന് ജയിക്കാൻ 34 റണ്ണുകൾ വേണ്ടിയിരുന്നു.

ആ ഘട്ടത്തിൽ മുംബൈയ്ക്കുതന്നെയായിരുന്നു മുൻതൂക്കം. ബുംറയ്ക്കും ബോൾട്ടിനും ഓരോ ഒാവർ വീതം ബാക്കിയുണ്ടായിരുന്നു. ഇരുവരും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളർമാർ. ഡെത്ത് ഒാവറുകളിലെ സൂപ്പർതാരങ്ങൾ.

ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ കത്തിനിൽക്കുന്ന ബാറ്റ്സ്മാൻമാർ പോലും ബുംറ-ബോൾട്ട് സഖ്യത്തിനെതിരെ വിയർക്കും. 2018ൽ ദേശീയ ടീമിൽനിന്ന് വിരമിച്ച 37കാരനായ ഡിവില്ലിയേഴ്സ് ഈ വെല്ലുവിളി എങ്ങനെ മറികടക്കാനാണ്? ഇതായിരുന്നു വിലയേറിയ ചോദ്യം.

എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഡിവില്ലിയേഴ്സിന്റെ പക്കലുണ്ടായിരുന്നു. ചിദംബരം സ്റ്റേഡിയത്തിന്റെ മധ്യത്തിൽ അയാൾ അക്ഷോഭ്യനായി നിന്നു. ബോൾട്ട് ഡിവില്ലിയേഴ്സിനെതിരെ നക്കിൾ ബോൾ എറിഞ്ഞു.  ബാംഗ്ലൂർ ബാറ്റ്സ്മാൻ രജത് പതീദാറിന്റെ പതനത്തിന് വഴിയൊരുക്കിയത് ബോൾട്ടിന്റെ നക്കിൾ ബോളായിരുന്നു. പക്ഷേ രജതും ഡിവില്ലിയേഴ്സും തമ്മിൽ ഒരുപാട് അന്തരമുണ്ടായിരുന്നു. ബോൾട്ടിന്റെ പന്ത് ലോങ്ങ്-ഓഫിനുമുകളിലൂടെ ഗാലറിയിലെത്തി!

ബോൾട്ട് പരാജയപ്പെട്ടാലും ബുംറ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷ മുംബൈ ആരാധകർക്കുണ്ടായിരുന്നു. യോർക്കർ സ്പെഷലിസ്റ്റായ ബുംറ തന്റെ ബ്രഹ്മാസ്ത്രം തന്നെ തൊടുത്തു. പക്ഷേ മറുവശത്ത് നിന്നിരുന്നത് ഡിവില്ലിയേഴ്സ് ആയിരുന്നതുകൊണ്ട് ബുംറയുടെ കൈ ചെറുതായൊന്ന് വിറച്ചിട്ടുണ്ടാവണം. യോർക്കറിനുള്ള ശ്രമം ലോ ഫുൾടോസായി പരിണമിച്ചപ്പോൾ ഡിവില്ലിയേഴ്സ് അത് ശരിയായി ഉപയോഗപ്പെടുത്തി. ആ ഓവറിൽ രണ്ട് ബൗണ്ടറികൾ!

അവസാന ഓവർ എറിയാൻ ജാൻസൻ എത്തിയപ്പോഴേക്കും കളി ബാംഗ്ലൂരിന്റെ കൈപ്പിടിയിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നു. ഏഴു റൺസ് മാത്രമായിരുന്നു റെഡ് ആർമിയ്ക്ക് ആവശ്യം. ഇരുപതാം ഒാവറിന്റെ നാലാം പന്തിൽ ഡിവില്ലിയേഴ്സിന്റെ വീരോചിതമായ ഇന്നിങ്സ് അവസാനിച്ചു. കേവലം 27 പന്തുകളിൽനിന്ന് 48 റണ്ണുകൾ അടിച്ചുകൂട്ടിയ ഡിവില്ലിയേഴ്സ് ക്രുനാൽ പാണ്ഡ്യയുടെ ത്രോയിലൂടെ റണ്ണൗട്ടാവുകയായിരുന്നു. ഡൈവിനുപോലും ഡിവില്ലിയേഴ്സിനെ രക്ഷിക്കാനായില്ല.

നിരാശയോടെ ഡിവില്ലിയേഴ്സ് മടക്കയാത്ര ആരംഭിച്ചു. അയാൾ സ്വയം പഴിക്കുന്നുണ്ടായിരുന്നു. ഇല്ലാത്ത റണ്ണിനുവേണ്ടി ഒാടാൻ തീരുമാനിച്ച നിമിഷത്തെ ആ മനുഷ്യൻ ശപിക്കുന്നുണ്ടായിരുന്നു. ടീം അംഗങ്ങൾ ഡിവില്ലിയേഴ്സിന്റെ പുറത്തുതട്ടി അഭിനന്ദിച്ചു. പക്ഷേ അവർക്ക് പിടികൊടുക്കാതെ ഡിവില്ലിയേഴ്സ് നടന്നുനീങ്ങി. തന്റെ പ്രയത്നം പാഴായിപ്പോവുമോ എന്ന് ഡിവില്ലിയേഴ്സ് ഭയപ്പെട്ടിരിക്കാം. ദൗർഭാഗ്യം അയാളുടെ കൂടെപ്പിറപ്പാണല്ലോ!

എബിഡി ഔട്ടാകുമ്പോൾ ബാംഗ്ലൂരിന് രണ്ട് പന്തുകളിൽ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും ചേർന്ന് അത് നേടിയെടുത്തു. ബാംഗ്ലൂർ രണ്ട് വിക്കറ്റിന് ജയിച്ചു. ഡിവില്ലിയേഴ്സിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു. ചിദംബരം സ്റ്റേഡിയം മുംബൈ ഇന്ത്യൻസിന്റെ ഇഷ്ട മൈതാനമായിരുന്നു. അവിടെവെച്ച് അവർ അവസാനം പരാജയപ്പെട്ടത് 2012ലായിരുന്നു. ഒമ്പതുവർഷങ്ങൾക്കുശേഷം ആ കോട്ട തകർന്നു. ഡിവില്ലിയേഴ്സ് തകർത്തു എന്ന് പറയുന്നതാകും കൂടുതൽ ശരി!

ഉദ്ഘാടനമത്സരത്തിന് മുന്നോടിയായി രോഹിത് ശർമ അഭിപ്രായപ്പെട്ടിരുന്നു-

''ചില ടീമുകൾക്കെതിരെ മത്സരിക്കുന്നത് ഒട്ടും എളുപ്പമല്ല. ആർസിബിയുടെ സ്ഥാനം അക്കൂട്ടത്തിലാണ്...''

അഞ്ചുതവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ ടീമാണ് മുംബൈ. ബാംഗ്ലൂർ ഇപ്പോഴും ആദ്യ ട്രോഫിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. പക്ഷേ മുംബൈ ബാംഗ്ലൂരിനെ ബഹുമാനിക്കുന്നുണ്ട്. ഡിവില്ലിയേഴ്സാണ് അതിന്റെ മുഖ്യ കാരണം. അക്കാര്യത്തിൽ വിരാട് കോലിയ്ക്കുപോലും വിയോജിപ്പുണ്ടാവില്ല.

രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ സമയത്ത് ഡിവില്ലിയേഴ്സ് പറഞ്ഞത് ഇങ്ങനെയാണ്-

''എനിക്കിനി വയ്യ. ഞാൻ അവശനാണ്...''

ഡിവില്ലിയേഴ്സിന്റെ കളി കാണുന്ന ആരാധകർ മറുപടി നൽകുന്നു-

'എബിഡി അവശനല്ല. ആ മനുഷ്യന് ഒരിക്കലും പ്രായമാവുകയുമില്ല...!''

English Summary: AB de Villiers thrashed Mumbai Indians with powerfull batting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS