ADVERTISEMENT

മുംബൈ ∙ ചെന്നൈയുടെ റൺമല പൊളിക്കാൻ രണ്ടേ രണ്ടുപേരുടെ സേവനമേ ഡൽഹിക്കു വേണ്ടിവന്നുള്ളൂ. ഓപ്പണിങ് വിക്കറ്റിൽ 82 പന്തുകളിൽ 138 റൺസ് കൂട്ടിച്ചേർത്ത ശിഖർ  ധവാനും (54 പന്തുകളിൽ 85 റൺസ്) പൃഥ്വി ഷായും (38 പന്തുകളിൽ 72) ചെന്നൈക്കെതിരെ ഡൽഹിയെ 7 വിക്കറ്റ് ജയത്തിലേക്കു നയിച്ചു. സ്കോർ: ചെന്നൈ 20 ഓവറിൽ 7ന് 188, ‍‍‍ഡൽഹി 18.4 ഓവറിൽ 3ന് 190. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഋഷഭ് പന്തിനു ജയം. പന്തും (12 പന്തുകളിൽ 15) ഷിമ്രോൺ ഹെറ്റ്മയറും (0) പുറത്താകാതെ നിന്നു. 2 തവണ ജീവൻ കിട്ടിയ പൃഥ്വിയും ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ധവാനുമാണു ചെന്നൈയുടെ   പ്രതീക്ഷകൾ തകർത്തത്. ധവാനാണു മാൻ ഓഫ് ദ് മാച്ച്. 

അടുത്ത ബന്ധുക്കളുടെ മരണംമൂലം കഴിഞ്ഞ സീസണിൽനിന്നു പിൻമാറിയ റെയ്ന ഇത്തവണ തിരിച്ചുവരവിൽ അർധ സെഞ്ചുറിയുമായി (36 പന്തുകളിൽ 54) ചെന്നൈയ്ക്കായി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഡെത്ത് ഓവറുകളിൽ  സാം കറനും (15 പന്തുകളിൽ 34) രവീന്ദ്ര ജഡേജയും (17 പന്തുകളിൽ 26) വെടിക്കെട്ടിനു തിരികൊളുത്തി. 

ചെന്നൈക്ക് 7 റൺസിനുള്ളിൽ 2 ഓപ്പണർമാരെയും നഷ്ടപ്പെട്ടു. ഫാഫ് ഡുപ്ലെസിയെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി ആവേശ് ഖാനും ഋതുരാജ് ഗെയ്ക്ക്‌വാദിനെ (5) വീഴ്ത്തി ക്രിസ് വോക്സും അരങ്ങേറ്റ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം ശരിവച്ചു. 3–ാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത് മൊയീൻ അലിയും (24 പന്തുകളിൽ 36) റെയ്നയും വൻതകർച്ചയിൽനിന്നു ചെന്നൈയെ കരകയറ്റി. മൊയീൻ മടങ്ങിയപ്പോഴെത്തിയ അമ്പാട്ടി റായുഡുവിനൊപ്പം (16 പന്തുകളിൽ 23) 4–ാം വിക്കറ്റിൽ റെയ്ന കൂട്ടിച്ചേർത്തത് 33 പന്തുകളിൽ 63 റൺസ്.

7–ാം വിക്കറ്റിൽ ജഡേജയും റെയ്നയും 28 പന്തുകളിൽ  51 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ എം.എസ്.ധോണിയെ (0) ആവേശ് ഖാൻ ക്ലീൻ ബോൾഡാക്കി.

suresh-raina
ഡൽഹിക്കെതിരായ മത്സരത്തിൽ സുരേഷ് റെയ്ന

കറൻ Vs കറൻ

ഇംഗ്ലണ്ട് താരങ്ങളായ ‘കറൻ സഹോദരൻമാർ’ 2 ടീമുകളിലായി അണിനിരന്ന അപൂർവതയ്ക്കും മത്സരം സാക്ഷ്യം വഹിച്ചു. ചേട്ടൻ ടോം ഡൽഹിക്കായി ഇറങ്ങിയപ്പോൾ അനിയൻ സാം ചെന്നൈയുടെ കുപ്പായമിട്ടു. 8–ാമനായി ഇറങ്ങി ചെന്നൈ ഇന്നിങ്സിനു കുതിപ്പേകിയത് സാം കറനാണ്. 2 സിക്സും 4 ഫോറും പറത്തിയ സാം ഇന്നിങ്സിലെ അവസാന പന്തിലാണു പുറത്തായത്.

ആദ്യ 3 ഓവറുകളിൽ 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത  ടോമിനെ പക്ഷേ, 4–ാം ഓവറിൽ സാം ‘ബഹുമാനമില്ലാതെ’ ശിക്ഷിച്ചു. 2 സിക്സും ഒരു ഫോറുമുൾപ്പെടെ  സാം നേടിയത് 17 റൺസാണ്.  സാം(22) കഴിഞ്ഞ സീസണിലും ചെന്നൈ നിരയിലുണ്ടായിരുന്നു.  രാജസ്ഥാനിലായിരുന്ന  ടോം(26) ഇത്തവണയാണു ഡൽഹിയിലേക്കെത്തിയത്.

റെയ്ന, റെയ്ന കം എഗെയ്ൻ...

കഴിഞ്ഞ സീസണിൽ ഐപിഎലിൽ നിന്നു വിട്ടുനിന്ന റെയ്ന തിരിച്ചുവരവ് ഗംഭീരമാക്കി. മൂന്നാം ഓവറിൽ 7ന് 2 എന്ന നിലയിൽ പരുങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെ തകർച്ചയിൽനിന്നു രക്ഷപ്പെടുത്തിയത് റെയ്നയുടെ ഇന്നിങ്സാണ്. താളം കണ്ടെത്താൻ ബോളർമാരെ അനുവദിക്കാതെ സ്കോർ ബോർഡ് ചലിപ്പിച്ച താരത്തിന്റെ ബാറ്റിങ്ങിൽ പഴയ പ്രതിഭാസ്പർശം പ്രകടമായിരുന്നു.

ലോഫ്റ്റഡ് ഷോട്ടുകളും കട്ഷോട്ടുകളുമെല്ലാം അതേ ചാരുതയോടെ പ്രവഹിച്ചു. മൂന്നാം വിക്കറ്റിൽ മൊയീൻ അലിക്കൊപ്പം 53 റൺസും നാലാം വിക്കറ്റിൽ അമ്പാട്ടി റായുഡുവിനൊപ്പം 63 റൺസും അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം 14 റൺസും റെയ്ന കൂട്ടിച്ചേർത്തു. 

MATCH STATS

ടോസ്: ഡൽഹി ക്യാപിറ്റൽസ്

മാൻ ഓഫ് ദ് മാച്ച്: ശിഖർ ധവാൻ

ചെന്നൈ സൂപ്പർ കിങ്സ്: 7ന് 188(20) 

സുരേഷ് റെയ്ന 54(36)

മൊയീൻ അലി 36(24)

ക്രിസ് വോക്സ് 18ന് 2 (3)

ആവേശ് ഖാൻ 23ന് 2 (4)

ഡൽഹി ക്യാപിറ്റൽസ്: 3ന് 190 (18.4)

ശിഖർ ധവാൻ 85(54)

പൃഥ്വി ഷാ 72(38)

ഷാർദുൽ ഠാക്കൂർ 53ന് 2 (3.4)

ഡ്വെയ്ൻ ബ്രാവോ 28ന് 1 (4)

English Summary:  Chennai Super Kings vs Delhi Capitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com