ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരത്തിനു പിന്നാലെ, ടീമിന്റെ വിജയശിൽപിയായി മാറിയ ഓപ്പണർ നിതീഷ് റാണയുടെ രസകരമായൊരു റെക്കോർഡ് ശ്രദ്ധ നേടുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക്, 56 പന്തിൽ ഒൻപത് ഫോറും നാലു സിക്സും സഹിതം 80 റൺസെടുത്ത റാണയാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പവും രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിക്കൊപ്പവും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് റാണ കൊൽക്കത്ത സ്കോർ 180 കടത്തിയത്.

ഈ ഇന്നിങ്സോടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി തുടർന്നുവരുന്ന റാണയുടെ രസകരമായൊരു റെക്കോർഡിനും ആയുസ് നീട്ടിക്കിട്ടി. സംഭവം എന്താണെന്നല്ലേ? ഇന്നലെ സൺറൈസേഴ്സിന് എതിരായ ഇന്നിങ്സ് ഉൾപ്പെടെ, കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ റാണ പുറത്തെടുത്ത പ്രകടനങ്ങളാണ് രസകരമായ ആ റെക്കോർഡിന് പിന്നിൽ. കഴിഞ്ഞ ആറ് ഇന്നിങ്സുകൾക്കിടെ മൂന്നാം തവണയാണ് റാണ 80 കടക്കുന്നത്. ഇതിലെ രസകരമായ വസ്തുത അതല്ല. ഈ ഇന്നിങ്സുകളുടെ കൃത്യമായ ഇടവേളകളിൽ ഓരോ ഗോൾഡൻ ഡക്കുകൾ കൂടി ചേർത്തുവച്ച് ‘അലങ്കരിച്ച’താണ് റാണയുടെ കഴിഞ്ഞ ആറ് ഐപിഎൽ ഇന്നിങ്സുകൾ! സംശയമുള്ളവർ കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ റാണയുടെ സ്കോറുകൾ നോക്കൂ:

0 (1), 81 (53), 0 (1), 87 (61), 0 (1), 80 (56).

∙ കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിൽ ഒക്ടോബർ 21ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് റാണയുടെ ഈ ‘വ്യത്യസ്തമായ യാത്ര’ ആരംഭിക്കുന്നത്. ബാംഗ്ലൂർ എട്ടു വിക്കറ്റിന് ജയിച്ച ആ മത്സരത്തിൽ നിതീഷ് റാണ ഗോൾഡൻ ഡക്കായി.

∙ കൊൽക്കത്ത 59 റൺസിനു ജയിച്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരമായിരുന്നു അടുത്തത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്തയ്ക്കായി ഓപ്പണറായി ഇറങ്ങിയ റാണ നേടിയത് 53 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 81 റണ്‍സ്!

∙ കൊൽക്കത്ത എട്ടു വിക്കറ്റിനു തോറ്റ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരമായിരുന്നു അടുത്തത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തെങ്കിലും റാണ ഗ്ലെൻ മാക്സ്‌വെലിന്റെ പന്തിൽ ഗോൾഡൻ ഡക്കായി!

∙ ചെന്നൈ സൂപ്പർ കിങ്സ് ആറു വിക്കറ്റിന് ജയിച്ച മത്സരമായിരുന്നു അടുത്തത്. ഇത്തവണയും ആദ്യം ബാറ്റു ചെയ്ത കൊൽക്കത്തയ്ക്കായി റാണ 61 പന്തിൽ 10 ഫോറും നാലു സിക്സും സഹിതം നേടിയത് 87 റൺസ്! പക്ഷേ മത്സരം കൊൽക്കത്ത തോറ്റു.

∙ കൊൽക്കത്ത 60 റൺസിന് ജയിച്ച ലീഗിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് റാണ കഴിഞ്ഞ സീസണിൽ ഒടുവിൽ കളിച്ചത്. അന്ന് ആദ്യം ബാറ്റു ചെയ്ത കൊൽക്കത്തയ്ക്കായി ഓപ്പൺ ചെയ്ത റാണ ജോഫ്ര ആർച്ചറിന്റെ പന്തിൽ ഗോൾഡൻ ഡക്കായി.

∙ ഇക്കുറി റിവ്യൂ രക്ഷിച്ചു; റാണ കുതിച്ചു

ഇതിനെല്ലാം പിന്നാലെയാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽത്തന്നെ 80 റൺസടിച്ച് റാണ തന്റെ റെക്കോർഡ് ‘കാത്തത്’. ഈ മത്സരത്തിൽ ഒരു തവണ റാണ ഡിആർഎസിലൂടെ ഔട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നു. റാഷിദ് ഖാൻ എറിഞ്ഞ 9–ാം ഓവറിലെ ആദ്യ പന്ത് ഫുൾ ടോസ്. റാണയ്ക്കു ഷോട്ട് പിഴച്ചു. റാഷിദിന്റെ അപ്പീലിൽ അംപയർ എൽബിഡബ്ല്യു വിധിച്ചു. റാണയുടെ സ്കോർ 40. റാണ റിവ്യൂ ചെയ്തു. റീപ്ലേയിൽ റാണയുടെ ബാറ്റിലുരുമ്മിയാണു പന്ത് പാഡിൽ തട്ടിയതെന്നു വ്യക്തമായി. അർധ സെഞ്ചുറി തികച്ചശേഷം ഗ്ലൗസ് ഊരി വിരലുകൾ കാണിച്ചുള്ള റാണയുടെ ആഘോഷപ്രകടനവും വേറിട്ടതായി. വിവാഹമോതിരം കാണിച്ചതിനാൽ ഭാര്യ സാച്ചി മർവായ്ക്ക് അർധ സെഞ്ചുറി സമർപ്പിക്കാനാണു റാണ ഇങ്ങനെ ചെയ്തതെന്നു കരുതുന്നു. 

Content Highlights: Nitish Rana, Kolkata Knight Riders, KKR Vs SRH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com