ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സ‍ഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ പ്രഗ്യാൻ ഓജ. രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട് സഞ്ജു നടത്തിയ ഒരു പ്രസ്താവനയാണ് ഓജയെ ആകർഷിച്ചത്. ഒന്നോ രണ്ടോ ഇന്നിങ്സിൽ പരാജയപ്പെട്ടതുകൊണ്ട് താരങ്ങളെ തഴയില്ലെന്ന സഞ്ജുവിന്റെ പ്രസ്താവന, ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ പക്വത തെളിയിക്കുന്നതാണെന്ന് ഓജ അഭിപ്രായപ്പെട്ടു.

‘ഓപ്പണിങ് സ്ഥാനത്ത് ആരെ കളിപ്പിക്കാനാണ് രാജസ്ഥാൻ തീരുമാനിക്കുന്നതെന്നത് എനിക്ക് വിഷയമല്ല. ഇക്കാര്യത്തിൽ സഞ്ജുവിന്റെ വാക്കുകൾ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ഇത്തവണ ഓപ്പണിങ് സ്ഥാനത്തേക്ക് ഏതു ജോഡിയെ തീരുമാനിച്ചാലും, ബാറ്റിങ് ഓർഡറിൽ മുൻനിരയിൽ ആരൊക്കെ ഇറങ്ങിയാലും, അത്ര അത്യാവശ്യം വന്നാലല്ലാതെ അവരെ മാറ്റില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതു കേട്ടു. ക്യാപ്റ്റനെന്ന നിലയിൽ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ സഞ്ജുവിനുണ്ടെന്ന് ഇത് തെളിയിക്കുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയതു മുതൽ അദ്ദേഹം കൃത്യമായി കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നും ഉറപ്പാണ്. ഇത് അദ്ദേഹത്തിന്റെ പക്വതയുടെ തെളിവാണ്’ – ഓജ പറഞ്ഞു.

‘ടീമെന്ന നിലയിൽ രാജസ്ഥാനെ സംബന്ധിച്ച് വളരെ നല്ലൊരു പ്രസ്താവനയാണ് സഞ്ജു നടത്തിയത്. ‘നമ്മൾ ജയിച്ചാലും ഇല്ലെങ്കിലും ആദ്യത്തെ 3–4 മത്സരങ്ങളിൽ ടീമിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. കളിക്കുന്ന നിങ്ങൾക്കെല്ലാം ഉറപ്പായും അവസരം ലഭിക്കും’ – സഞ്ജുവിന്റെ ഈ പ്രസ്താവന ടീമംഗങ്ങൾക്ക് ടീമിനോട് ഒരു അടുപ്പം സൃഷ്ടിക്കും. അത് അഭിനന്ദിച്ചേ മതിയാകൂ’ – ഓജ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിനു കീഴിൽ കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ്, ഓപ്പണർമാരെ ഉൾപ്പെടെ സ്ഥിരമായി മാറ്റിക്കൊണ്ടിരുന്നത് വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ജോസ് ബട്‍ലർ, സ്റ്റീവ് സ്മിത്ത്, യശ്വസ്വി ജയ്സ്വാൾ, റോബിൻ ഉത്തപ്പ, ബെൻ സ്റ്റോക്സ് എന്നിവരാണ് കഴിഞ്ഞ സീസണിൽ രാജസ്ഥാനായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇത്തവണ താരങ്ങൾക്ക് മികവ് തെളിയിക്കാൻ അവസരം ഉറപ്പാക്കുമെന്ന സഞ്ജുവിന്റെ പ്രസ്താവന.

English Summary: Pragyan Ojha impressed with Sanju Samson's comments on need for stability at RR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com