ADVERTISEMENT

ചെന്നൈ ∙ ബാറ്റിങ്ങിൽ അൽപം ഉഴപ്പിയെങ്കിലും ബോളിങ്ങിൽ പരിഹാരം കണ്ട മുംബൈ ഇന്ത്യൻസിന്, ഐപിഎൽ 14–ാം സീസണിൽ ആദ്യ ജയം. അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അവസാന ഓവറുകളിലെ മുറുക്കമാർന്ന ബോളിങ്ങിലൂടെ പിടിച്ചുകെട്ടിയ മുംബൈ, 10 റൺസിനാണ് ആദ്യ ജയം കുറിച്ചത്. മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക്, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 142 റൺസ് മാത്രം. ആദ്യ മത്സരം ജയിച്ച കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്.

ട്രെന്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ കൊൽക്കത്തയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 15 റൺസ്. എന്നാൽ, അവസാന ഓവറിൽ നാലു റൺസ് വിട്ടുകൊടുത്ത് ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ് എന്നിവരെ പുറത്താക്കി ബോൾട്ട് മുംബൈയ്ക്ക് വിജയം സമ്മാനിച്ചു. ബോൾട്ട് നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അതേസമയം, നാല് ഓവറിൽ 27 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത രാഹുൽ ചാഹറിന്റെ പ്രകടനമാണ് മുംബൈ വിജയത്തിലെ ഹൈലൈറ്റ്. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 72 റൺസെന്ന നിലയിലായിരുന്ന കൊൽക്കത്തയെ, തകർച്ചയിലേക്ക് തള്ളിവിട്ടത് ചാഹറാണ്. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയ്ക്കും നൽകണം കയ്യടി.

ഒരു മികച്ച ഇന്നിങ്സിനുശേഷം ഗോൾഡൻ ഡക്കാകുന്ന ‘പതിവ്’ അവസാനിപ്പിച്ച് അർധസെഞ്ചുറി കുറിച്ച ഓപ്പണർ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 47 പന്തുകൾ നേരിട്ട റാണ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം റാണ അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. 53 പന്തിൽനിന്ന് 72 റൺസടിച്ചാണ് ഇരുവരും കൊൽക്കത്തയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഗിൽ 24 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്തു. ഇവർക്കുശേഷം കൊൽക്കത്ത നിരയിൽ ഒരാൾക്കുപോലും രണ്ടക്കം കാണാനായില്ല.

സ്കോർ 72ൽ നിൽക്കെ ശുഭ്മാൻ ഗില്ലിനെ രാഹുൽ ചാഹർ പുറത്താക്കിയതോടെയാണ് കൊൽക്കത്ത തകർച്ചയിലേക്ക് വീണത്. ഗില്ലിന്റേത് ഉൾപ്പെടെ 50 റൺസിനിടെ അഞ്ച് വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. രാഹുൽ ത്രിപാഠി (അഞ്ച് പന്തിൽ അഞ്ച്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ ഏഴ്), ഷാക്കിബ് അൽ ഹസൻ (ഒൻപത് പന്തിൽ ഒൻപത്), ദിനേഷ് കാർത്തിക് (11 പന്തിൽ പുറത്താകാതെ എട്ട്), ആന്ദ്രെ റസ്സൽ (15 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

∙ ക്ലൈമാക്സിൽ അസ്സലായി റസ്സൽ!

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ കൃത്യം 20 ഓവറിൽ 152 റൺസിന് ഓൾഔട്ടായി. 10 ഓവർ പൂർത്തിയാകുമ്പോൾ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ, അവസാന അഞ്ച് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കിയ അവർക്ക് നേടാനായത് 38 റൺസ് മാത്രം. ഈ ഏഴിൽ അഞ്ച് വിക്കറ്റുകളും 18, 20 ഓവറുകൾ ബോൾ ചെയ്ത ആന്ദ്രെ റസ്സൽ നേടി. രണ്ട് ഓവറിൽ 15 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ റസ്സൽ, മുംബൈയ്‌ക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും സ്വന്തം പേരിലാക്കി. പിന്തള്ളിയത് ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലിനെ! ഐപിഎൽ ചരിത്രത്തിൽ ഒരു കൊൽക്കത്ത താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഇതുതന്നെ.

സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ നഷ്ടമായ മുംബൈയ്ക്ക്, രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സൂര്യകുമാർ യാദവ് – രോഹിത് ശർമ സഖ്യമാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയിട്ടത്. 51 പന്തുകൾ ക്രീസിൽനിന്ന ഇരുവരും അടിച്ചെടുത്തത് 76 റൺസ്. ഇവർക്കൊഴികെ മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാനാകാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

മുംബൈ ഇന്നിങ്സിലെ ഏക അർധസെഞ്ചുറി സ്വന്തമാക്കിയ സൂര്യകുമാർ യാദവ് 36 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ 32 പന്തിൽ മൂന്നു ഫോറും ഒരേയൊരു സിക്സും സഹിതം 43 റൺസെടുത്തും പുറത്തായി. ഇവരൊഴികെ മുംബൈ നിരയിൽ രണ്ടക്കം കണ്ടത് 15 റൺസെടുത്ത ഹാർദിക് പാണ്ഡ്യ, 11 റൺസെടുത്ത ക്രുണാൽ പാണ്ഡ്യ എന്നിവർ മാത്രം. 17 പന്തിൽ രണ്ടു ഫോറുകളോടെയാണ് ഹാർദിക് 15 റണ്‍സെടുത്തത്. ക്രുണാൽ എട്ടു പന്തിൽ മൂന്നു ഫോറുകളോടെ 11 റൺസും നേടി.

മുംബൈ നിരയിൽ ഓപ്പണർ ക്വിന്റൻ ഡികോക്ക് (ആറു പന്തിൽ രണ്ട്), ഇഷാൻ കിഷൻ (മൂന്നു പന്തിൽ ഒന്ന്), കീറൺ പൊള്ളാർഡ് (എട്ടു പന്തിൽ അഞ്ച്), മാർക്കോ ജെൻസൻ (0), ജസ്പ്രീത് ബുമ്ര (0), രാഹുൽ ചാഹർ (ഏഴു പന്തിൽ എട്ട്) എന്നിവരെല്ലാം തീർത്തും നിരാശപ്പെടുത്തി.

കൊൽക്കത്തയ്ക്കായി ആന്ദ്രെ റസ്സൽ രണ്ട് ഓവറിൽ 15 വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. പാറ്റ് കമ്മിൻസ് നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. വരുൺ ചക്രവർത്തി നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഷാക്കിബ് അൽ ഹസൻ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും സ്വന്തമാക്കി.

∙ മുംബൈയ്ക്കെതിരായ മികച്ച ബോളിങ് പ്രകടനങ്ങൾ

5/15 ആന്ദ്രെ റസ്സൽ, ചെന്നൈയിൽവച്ച്, 2021*
5/27 ഹർഷൽ പട്ടേൽ, ചെന്നൈയിൽവച്ച്, 2021
4/6 രോഹിത് ശർമ, സെഞ്ചൂറിയനിൽവച്ച്, 2009

∙ കൊൽക്കത്ത താരങ്ങളുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം

5/15 ആന്ദ്രെ റസ്സൽ മുംബൈയ്ക്കെതിരെ, ചെന്നൈ, 2021*
5/19 സുനിൽ നരൈൻ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ, 2012
5/20 വരുൺ ചക്രവർത്തി ഡൽഹി ക്യാപിറ്റൽസിനെതിരെ, അബുദാബി 2020

English Summary: Kolkata Knight Riders vs Mumbai Indians, 5th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com