ADVERTISEMENT

മുംബൈ ∙ ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിനു വേണ്ടി പന്തെറിയാനെത്തിയ ചേതൻ സാകരിയയെ കണ്ട് പലരും അത്ഭുതത്തോടെ ചോദിച്ചു കാണും– ഇതാരാ ഈ സ്കൂൾ പയ്യൻ! മത്സരത്തിൽ ഉൽസാഹത്തോടെ പന്തെറിഞ്ഞ ചേതൻ വീഴ്ത്തിയത് പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുലിന്റേത് ഉൾപ്പെടെ 3 വിക്കറ്റുകൾ. ഉജ്വലമായ ഒരു ക്യാച്ചുമെടുത്തു. ചേതന്റെ കളി കയ്യടിപ്പിക്കുന്നതാണെങ്കിൽ ജീവിതം അമ്പരപ്പിക്കുന്നതാണ്. ക്രിക്കറ്റ് കളിച്ച് കുടുംബത്തെ രക്ഷപ്പെടുത്തിയവനാണ് ഈ ഗുജറാത്തുകാരൻ. ഇത്തവണ താരലേലത്തിൽ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ചേതനെ ടീമിലെടുത്തത്. 

ഗുജറാത്തിലെ ഭാവ്നഗറിൽ ജനിച്ച ചേതൻ അമ്മാവന്റെ സംരക്ഷണത്തിലാണ് വളർന്നത്. ടെംപോ ഡ്രൈവറായ പിതാവിനു ചേതന്റെ ക്രിക്കറ്റ് പരിശീലന ചെലവുകൾ വഹിക്കാൻ കഴിയാത്തതിനാലായിരുന്നു അത്. ക്രിക്കറ്റിനൊപ്പം പഠനവും അമ്മാവന്റെ സ്ഥാപനത്തിലെ കണക്കെഴുത്തുമായി തിരക്കു പിടിച്ചതായിരുന്നു ചേതന്റെ ജീവിതം. ചേതന്റെ ക്രിക്കറ്റ് മികവു കണ്ട അമ്മാവൻ 10–ാം ക്ലാസിനു ശേഷം അവനെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. അവിടെത്തുടങ്ങിയ പടിപടിയായുള്ള വളർച്ച ഇപ്പോൾ എത്തി നിൽക്കുന്നത് സ്വപ്നസാഫല്യങ്ങളിലൊന്നായ ഐപിഎലിൽ. 

ഈ വർഷമാദ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കളിക്കുന്നതിനിടെ നാട്ടിൽ ചേതന്റെ അനിയൻ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ നിന്ന് ചേതന്റെ ശ്രദ്ധ മാറരുത് എന്നു കരുതി ആ വിവരം 10 ദിവസം ചേതനോടു പറഞ്ഞില്ല എന്ന് അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ മരണവിവരമറിഞ്ഞപ്പോൾ ചേതൻ ആരോടും മിണ്ടാതെ ഒരാഴ്ച കഴിച്ചു കൂട്ടി. തൊട്ടു പിന്നാലെയായിരുന്നു രാജസ്ഥാൻ റോയൽസിലേക്കുള്ള വിളി. ക്രിക്കറ്റ് കൊണ്ട് നേടിയ ആദ്യ പ്രതിഫലം എന്തു ചെയ്യണമെന്ന് ചേതനു നല്ല ബോധ്യമുണ്ട്– രാജ്കോട്ടിൽ ഒരു വീട് വയ്ക്കണം. 

English Summary: Life Story of Rajasthan Royals' Bowler Chetan Sakariya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com