ADVERTISEMENT

മുംബൈ∙ ഇതിലും മികച്ചൊരു അരങ്ങേറ്റം ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസണിനു ലഭിക്കാനില്ല. ലോകമെമ്പാടുമുള്ള മലയാളികളുടെയും ക്രിക്കറ്റ് ആരാധകരുടെയും സ്വപ്നങ്ങൾ സ്വന്തം ബാറ്റിലൂടെ യാഥാർഥ്യമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജു സാംസൺ ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ മിന്നൽപ്പിണരായി. ക്യാപ്റ്റനായുള്ള ഐപിഎൽ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സഞ്ജു പേരിലാക്കി. ഐപിഎൽ ഉള്ളിടത്തോളം കാലം ഈ റെക്കോർഡ് ഇനി സഞ്ജുവിന്റെ പേരിൽത്തന്നെ! മത്സരം രാജസ്ഥാൻ തോറ്റെങ്കിലും കളിയിലെ കേമൻ പട്ടം സഞ്ജുവിന് നൽകാനുള്ള തീരുമാനം ആ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി.

മൂന്നു തവണ ജീവൻ കിട്ടിയതു മുതലാക്കിയായിരുന്നു വാങ്കഡെയടിൽ സഞ്ജുവിന്റെ വിസ്മയക്കുതിപ്പ്. അർഷ്ദീപ് സിങ് എറിഞ്ഞ 4–ാം ഓവറിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് പഞ്ചാബ് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ വിട്ടുകളഞ്ഞു. സഞ്ജുവിന്റെ സ്കോർ അപ്പോൾ 12 റൺസ് മാത്രം. പിന്നീടു സ്കോർ 36ൽ നിൽക്കെ റൈലി മെറിഡത്തിന്റെ പന്തിൽ സഞ്ജു നൽകിയ അവസരം മായങ്ക് അഗർവാളും നിലത്തിട്ടു.

ഇടയ്ക്ക് സഞ്ജുവിനെ പുറത്താക്കാൻ അംപയറും ‘ശ്രമിച്ചു’. വ്യക്തിഗത സ്കോർ 52ൽ നിൽക്കെ മെറിഡത്തിന്റെ തന്നെ പന്തിൽ അംപയർ സഞ്ജുവിനെ എൽബിഡബ്ല്യു വിധിച്ചു. ഉടൻ തന്നെ സഞ്ജു തീരുമാനം റിവ്യൂ ചെയ്തു. പന്ത് പുറത്തേക്കാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തമായിരുന്നു. തേ‍ഡ് അംപയറുടെ പരിശോധനയിൽ തീരുമാനം തെറ്റെന്നു തെളിഞ്ഞു. 3–ാം തവണയും ഭാഗ്യം സഞ്ജുവിനൊപ്പം. 33 പന്തുകളിൽ അർധ സെഞ്ചുറി തികച്ച സഞ്ജുവിനു പിന്നീടു സെഞ്ചുറിയിലേക്കെത്താൻ 21 പന്തുകളേ വേണ്ടിവന്നുള്ളൂ.

ഐപിഎലിൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ പിറക്കുന്ന ഉയർന്ന രണ്ടാമത്തെ മാത്രം വ്യക്തിഗത സ്കോറാണ് സഞ്ജുവിന്റെ 119 റൺസ്. ഇക്കാര്യത്തിൽ മുന്നിലുള്ളത് 2011ലെ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിനായി 120 റൺസെടുത്ത് പുറത്താകാതെ നിന്ന പോൾ വാൽത്താട്ടി മാത്രം. ഇതേ വർഷം ഡെക്കാൻ ചാർജേഴ്സിനെതിരെ ഡൽഹിക്കായി 119 റണ്‍സെടുത്ത വീരേന്ദർ സേവാഗിനൊപ്പമാണ് ഇനി സഞ്ജുവിന്റെ സ്ഥാനം. ഐപിഎലിൽ ടീം തോറ്റ കളിയിൽ ഒരു താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്കോറും സഞ്ജുവിന്റെ പേരിലായി. മറ്റു റെക്കോർഡുകൾ കൂടി നോക്കാം:

∙ ഐപിഎലിൽ കൂടുതൽ സെഞ്ചുറികൾ

6 ക്രിസ് ഗെയ്‍ൽ
5 വിരാട് കോലി
4 ഷെയ്ൻ വാട്സൻ, ഡേവിഡ് വാർണർ
3 എബി ഡിവില്ലിയേഴ്സ്, സഞ്ജു സാംസൺ

∙ രണ്ടാമത് ബാറ്റു ചെയ്യുമ്പോൾ ഉയർന്ന വ്യക്തിഗത സ്കോറുകൾ

120* പോൾ വാൽത്താട്ടി, കിങ്സ് ഇലവൻ പഞ്ചാബിനായി ചെന്നൈയ്‌ക്കെതിരെ 2011ൽ
119 വീരേന്ദർ സേവാഗ്, ഡൽഹി ഡെയർഡെവിൾസിനായി ഡെക്കാൻ ചാർജേഴ്സിനെതിരെ 2011ൽ
119 സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസിനായി പഞ്ചാബ് കിങ്സിനെതിരെ 2021ൽ

∙ ഐപിഎലിൽ തോറ്റ കളിയിലെ ഉയർന്ന സ്കോറുകൾ

128* ഋഷഭ് പന്ത്, ഡൽഹി ക്യാപിറ്റൽസിനായി സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ, 2018
119 സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസിനായി പഞ്ചാബ് കിങ്സിനെതിരെ 2021ൽ
117* ആൻഡ്രൂ സൈമണ്ട്സ്, ഡെക്കാൻ ചാർജേഴ്സിനായി രാജസ്ഥാൻ റോയൽസിനെതിരെ 2008ൽ

English Summary: Sanju Samson’s brilliant ton ends in heartbreak as Punjab win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com