ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ആദ്യ സെഞ്ചുറിയുമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസൺ മിന്നിത്തിളങ്ങിയ മത്സരത്തിൽ, താരം നേടാതെ പോയൊരു സിംഗിളിനെച്ചൊല്ലി വിവാദം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രാജസ്ഥാൻ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇന്നിങ്സിലെ അവസാന ഓവറിലാണ് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിന് സഞ്ജു സിംഗിൾ നിഷേധിച്ചത്. ഇതും രാജസ്ഥാന്റെ തോൽവിക്ക് കാരണമായെന്ന് കുറ്റപ്പെടുത്തി ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു.

സംഭവം ഇങ്ങനെ: രാജസ്ഥാൻ ഇന്നിങ്സിലെ അവസാന ഓവർ ആരംഭിക്കുമ്പോൾ അവർക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 13 റൺ‌സ്. ക്രീസിൽ 58 പന്തിൽ 112 റൺസുമായി ക്യാപ്റ്റൻ സഞ്ജു സാംസണും മൂന്നു പന്തിൽ ഒരേയൊരു റണ്ണുമായി ക്രിസ് മോറിസും. ആദ്യ പന്ത് നേരിട്ട സഞ്ജുവിന് റൺസ് നേടാനായില്ല. ഇതോടെ വിജയലക്ഷ്യം അഞ്ച് പന്തിൽ 13 റൺസായി. രണ്ടാം പന്തിൽ സഞ്ജുവിന്റെ വക സിംഗിൾ. മൂന്നാം പന്ത് ഫുൾ ടോസായിരുന്നെങ്കിലും മോറിസിന് കാര്യമായൊന്നും ചെയ്യാനായില്ല. വീണ്ടും സിംഗിൾ. വിജയലക്ഷ്യം മൂന്നു പന്തിൽ 11 റൺസ്.

നാലാം പന്തിൽ പഞ്ചാബ് കിങ്സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി സഞ്ജുവിന്റെ വക തകർപ്പൻ സിക്സർ. ആദ്യ മൂന്നു പന്തിൽ രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത അർഷ്ദീപിനെ ഡീപ് എക്സ്ട്രാ കവറിനു മുകളിലൂടെയാണ് സഞ്ജു ഗാലറിയിലെത്തിച്ചത്. രാജസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ച നിമിഷം. വിജയലക്ഷ്യം രണ്ടു പന്തിൽ അഞ്ച് റൺസ്.

ഇതിനു പിന്നാലെയാണ് വിവാദങ്ങളുടെ തേരേറി അഞ്ചാം പന്തിന്റെ വരവ്. അർഷ്ദീപിന്റെ പന്ത് ഒരിക്കൽക്കൂടി ഡീപ് എക്സ്ട്രാ കവറിലേക്ക് നീട്ടിയടിച്ച സഞ്ജുവിന് അനായാസം സിംഗിൾ നേടാമായിരുന്നു. മറുവശത്തുനിന്ന മോറിസ് സിംഗിളിനായി ഓടി ക്രീസിന് തൊട്ടടുത്ത് എത്തുകയും ചെയ്തു. എന്നാൽ, തിരികെ ക്രീസിലേക്ക് കയറിയ സഞ്ജു മോറിസിനെ മടക്കിയയച്ചു.

സഞ്ജു സിംഗിൾ നിഷേധിച്ചത് മോറിസിന് ഇഷ്ടമായില്ലെന്ന് മുഖഭാവത്തിൽനിന്ന് വ്യക്തം. സഞ്ജുവാകട്ടെ, മോറിസിന്റെ മുഖത്തേക്കു പോലും നോക്കിയതുമില്ല. രണ്ടു പന്തിൽ അഞ്ച് റൺസ് എന്ന ഘട്ടത്തിൽ സഞ്ജു സിംഗിൾ നിഷേധിച്ചതോടെ ആരാധകരിൽ ആവേശത്തിനൊപ്പം ആകാക്ഷയും. അവസാന പന്തിൽ വിജയത്തിലേക്ക് വേണ്ടത് അഞ്ച് റൺസ്. ഫോർ നേടിയാൽപ്പോലും മത്സം ടൈ.

എന്നാൽ, സിക്സർ ലക്ഷ്യമിട്ട സഞ്ജുവിന് അവസാന പന്തിൽ ചെറുതായൊന്ന് പിഴച്ചു. അർഷ്ദീപിന്റെ പന്ത് വൈഡ് ലോങ് ഓഫിലൂടെ ഗാലറിയിലെത്തിക്കാനായി ലോഫ്റ്റ് ചെയ്ത സഞ്ജുവിന് അതിനായില്ല. പന്ത് ബൗണ്ടറിക്ക് സമീപം ദീപക് ഹൂഡയുടെ കൈകളിൽ. രാജസ്ഥാന് നാലു റൺസിന്റെ ഹൃദയം തകർക്കുന്ന തോൽവി!

∙ അനുകൂലിച്ചും പ്രതികൂലിച്ചും

അവസാന രണ്ടു പന്തിൽ വിജയത്തിലേക്ക് അഞ്ച് റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജു മോറിസിന് സിംഗിൾ നിഷേധിച്ചത്. ഈ പന്തിൽ സഞ്ജു സിംഗിൾ ഓടിയിരുന്നെങ്കിൽ അവസാന പന്തിൽ നാലു റൺസായി വിജയലക്ഷ്യം ചുരുങ്ങുമായിരുന്നുവെന്നാണ് വിമർശകരുടെ പക്ഷം. ബിഗ് ഹിറ്റുകൾക്ക് പേരുകേട്ട, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ഇത്തവണ താരലേലത്തിൽ ടീമിലെത്തിച്ച മോറിസിന് മത്സരം അനായാസം ഫിനിഷ് ചെയ്യാനും സാധിക്കുമായിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, നിർണായക ഘട്ടത്തിൽ ആദ്യം നേരിട്ട നാലു പന്തിൽനിന്ന് രണ്ട് റൺസ് മാത്രമെടുത്ത് ഇടർച്ച വെളിവാക്കിയ മോറിസിന്, എന്തു വിശ്വാസത്തിലാണ് സിംഗിൾ നൽകുക എന്നാണ് മറുപക്ഷത്തിന്റെ ചോദ്യം. ആ നാലു പന്തിൽ അനായാസം ബൗണ്ടറി കടത്താമായിരുന്ന ഒരു ഫുൾടോസുമുണ്ടായിരുന്നു. എന്തായാലും സഞ്ജു തകർത്തടിച്ച് നേടിയ ആ 119 റൺസിനേക്കാൾ, മത്സരശേഷം കൂടുതൽ ചർച്ചയായത് താരം നേടാതെ പോയ ആ സിംഗിളാണെന്നതാണ് കൗതുകരം.

∙ സംഗക്കാരയ്ക്കും പറയാനുണ്ട്

ശ്രീലങ്കയുടെ ഇതിഹാസ താരവും ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടറുമായ കുമാർ സംഗക്കാരയും മത്സരശേഷം വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. സഞ്ജുവിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം പങ്കുവച്ചത്.

‘മത്സരം ഫിനിഷ് ചെയ്യുന്ന ജോലി സഞ്ജു ഏറ്റെടുക്കുകയാണ് ചെയ്തത്. അതിൽ അദ്ദേഹം ഏറെക്കുറെ വിജയിച്ചതുമാണ്. അവസാന പന്ത് ഏതാനും വാരകളുടെ വ്യത്യാസത്തിലാണ് സിക്സറാകാതെ പോയതെന്ന വസ്തുത കാണാതെ പോകരുത്.’ – സംഗക്കാര പറഞ്ഞു.

‘നിങ്ങൾ മികച്ച ഫോമിൽ ബാറ്റു ചെയ്യുകയും പന്തിനെ അനായാസം പ്രഹരിക്കുകയും ചെയ്യുമ്പോൾ, ഇത്തരം ഘട്ടങ്ങളിൽ മത്സരം ഫിനിഷ് ചെയ്യാനും സാധിക്കുമെന്ന് തോന്നുന്നത് സ്വാഭാവികം. ആ ഉത്തരവാദിത്തം ഏറ്റെടുത്ത സഞ്ജുവിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. സഞ്ജു അങ്ങനെയൊരു തീരുമാനമെടുത്തത് തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതു തന്നെ’– സംഗക്കാര പറഞ്ഞു.

English Summary: Sanju Samson-Chris Morris Single Controversy: Kumar Sangakkara Reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com