ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം സംഭവബഹുലമായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ആദ്യമായി ടീമിനെ നയിച്ച മത്സരം ആരാധകർക്ക് സമ്മാനിച്ചത് എന്നെന്നും ഓർമിക്കാൻ ഒട്ടേറെ ആവേശകരമായ നിമിഷങ്ങൾ. മത്സരം തോറ്റെങ്കിലും, മുന്നിൽനിന്ന് പടനയിച്ച് ഈ സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച സഞ്ജുവിന്റെ ഇന്നിങ്സ് ചരിത്രത്തിന്റെ ഭാഗവുമായി. പഞ്ചാബ് കിങ്സ് ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാനായി സഞ്ജു 63 പന്തിൽ 119 റണ്‍സെടുത്തെങ്കിലും, നാലു റൺസിനാണ് ടീം തോറ്റത്.

മത്സരം ആവേശകരമായ ഒട്ടേറെ നിമിഷങ്ങൾ കൊണ്ട് സമ്പന്നമായിരുന്നെങ്കിലും, മത്സരം തുടങ്ങും മുൻപേ മൈതാനത്ത് കണ്ട രസകരമായൊരു കാഴ്ചയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിന്റെ ടോസിങ്ങിനിടെയാണ് സംഭവം. ഈ മത്സരത്തിലൂടെ രാജസ്ഥാന്റെ ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജുവും പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലുമാണ് ടോസിനായി എത്തിയത്.

മാച്ച് റഫറി മനു നയ്യാറിനെ സാക്ഷിയാക്കി ടോസിട്ടത് രാജസ്ഥാൻ നായകൻ സഞ്ജു. രാഹുൽ ‘ഹെഡ്’ വിളിച്ചെങ്കിലും മറിച്ചാണ് വീണത്. ഇതോടെ കന്നിയങ്കത്തിൽ ടോസ് സഞ്ജുവിന്. തൊട്ടുപിന്നാലെ ടോസിട്ട കോയിൻ കയ്യിലെടുക്കാൻ മാച്ച് റഫറി മനു നയ്യാർ ശ്രമിച്ചപ്പോഴാണ് സഞ്ജുവിന്റെ രസകരമായ ഇടപെടലുണ്ടായത്.

മാച്ച് റഫറി കോയിനെടുക്കും മുൻപേ കുനിഞ്ഞ് അത് കൈക്കലാക്കിയ സഞ്ജു, അദ്ദേഹത്തിന്റെ നീട്ടിയ കൈകളെ അവഗണിച്ച് കോയിൻ‌ പോക്കറ്റിലേക്കിട്ടു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന്റെ ഓർമയ്ക്കായാണ് താരം കോയിൻ പോക്കറ്റിലാക്കിയതെന്ന് വ്യക്തം. മാച്ച് റഫറിയാകട്ടെ, കൂടുതലൊന്നും പറയാൻ നിൽക്കാതെ മൈതാനം വിടുകയും ചെയ്തു.

എന്തായാലും മത്സരം ആരംഭിക്കും മുൻപേ ടോസ് കോയിൻ ‘അടിച്ചുമാറ്റിയ’ സഞ്ജുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒട്ടേരെ ആരാധകരാണ് ഈ വിഡിയോ പങ്കുവച്ചത്. അതേസമയം, ഈ കോയിൻ തനിക്ക് തരാമോ എന്ന് മാച്ച് റഫറിയോട് ചോദിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ലെന്ന് മത്സരശേഷം സംസാരിക്കവെ സഞ്ജു വെളിപ്പെടുത്തി.

English Summary: Sanju Samson keeps coin in his pocket after toss, leaves match referee in shock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com