ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ആദ്യ മത്സരത്തിൽ കയ്യെത്തും ദൂരെ വിജയം കൈവിട്ടതിനു പിന്നാലെ പ്രതികരണവുമായി രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി അരങ്ങേറിയ സ‍ഞ്ജു സാംസൺ. ഈ ചെയ്തതിൽ കൂടുതലൊന്നും ചെയ്യാനില്ലെന്ന് മത്സരശേഷം സംസാരിക്കവെ സഞ്ജു വ്യക്തമാക്കി. പഞ്ചാബ് കിങ്സ് ഉയർത്തിയ 222 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ 63 പന്തിൽ 119 റൺസുമായി ടീമിനെ മുന്നിൽനിന്ന് നയിച്ചെങ്കിലും, സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല.

‘എനിക്കൊന്നും പറയാൻ കിട്ടുന്നില്ല. കടുത്ത പോരാട്ടമായിരുന്നു. വിജയത്തിന് അടുത്തുവരെ എത്തിയെങ്കിലും നിർഭാഗ്യവശാൽ ലക്ഷ്യത്തിനരികെ വീണുപോയി. ഇതിലും കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമായിരുന്നുവെന്ന് തോന്നുന്നില്ല. അവസാന പന്ത് നന്നായി കണക്ട് ചെയ്തെങ്കിലും ഡീപ്പിൽ ഫീൽഡ് െചയ്തിരുന്ന താരത്തെ മറികടക്കാനായില്ല. ഇതെല്ലാം കളിയുടെ ഭാഗമാണ്’ – സഞ്ജു പറഞ്ഞു.

അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ വിജയത്തിലേക്ക് 13 റൺസ് വേണ്ടിയിരുന്നെങ്കിലും, സഞ്ജു നേടിയ ഒരു സിക്സർ സഹിതം രാജസ്ഥാന് കൂട്ടിച്ചേർക്കാനായത് ഒൻപത് റൺസ് മാത്രമാണ്. ഇതോടെ നാലു റൺസിന്റെ വിജയവുമായി പഞ്ചാബ് കിങ്സ് രക്ഷപ്പെടുകയും ചെയ്തു.

‘ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു പഞ്ചാബിനെതിരായ ഇന്നിങ്സിലെ രണ്ടാം ഭാഗം. ഈ ഇന്നിങ്സിന്റെ തുടക്കത്തിൽ എനിക്ക് പന്ത് കൃത്യമായി വായിച്ചെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ഞാൻ സമയമെടുത്താൺ നിലയുറപ്പിച്ചത്. ബോളർമാരെ ബഹുമാനിച്ചും സിംഗിളുകൾ നേടിയും പതുക്കെ താളം കണ്ടെത്തി. ഇതിനുശേഷമാണ് എന്റേതായ ശൈലിയിൽ കളിക്കാൻ കഴിഞ്ഞത്’ – സഞ്ജു പറഞ്ഞു.

English Summary: 'Couldn't have done anything more': Sanju Samson after narrow loss to Punjab Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com