ADVERTISEMENT

ചെന്നൈ∙ വിജയലക്ഷ്യം എത്ര ചെറുതാണെങ്കിലും ഡെത്ത് ഓവറുകളിൽ എതിരാളികളെ ശ്വാസം മുട്ടിക്കുന്ന ബോളിങ്ങിലൂടെ വിജയം പിടിച്ചെടുക്കുന്ന മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം തന്ത്രം ഡൽഹി ക്യാപിറ്റൽസിന്റെ പോരാളികൾക്കു മുന്നിൽ പൊളിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും താരതമ്യേന ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനുള്ള മുംബൈയുടെ ശ്രമം പാളിയതോടെ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ മൂന്നാം ജയം. ആവേശകരമായ മത്സരത്തിൽ മുംബൈ ഉയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം, അഞ്ചു പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെയാണ് ഡൽഹി മറികടന്നത്. സീസണിൽ മുംബൈയുടെ രണ്ടാം തോൽവിയാണിത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കെതിരെ പയറ്റിയ മുംബൈയുടെ തന്ത്രമാണ് ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ പാളിയത്. ക്ഷമയോടെ ക്രീസിൽനിന്ന് 42 പന്തിൽ 45 റൺസടിച്ച ഓപ്പണർ ശിഖർ ധവാന്റെ ഇന്നിങ്സാണ് ഡൽഹിക്ക് തുണയായത്. ധവാൻ അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് 45 റണ്‍സെടുത്തത്. മറ്റൊരു ഓപ്പണർ പൃഥ്വി ഷാ (അഞ്ച് പന്തിൽ ഏഴ്) പരാജയപ്പെട്ടെങ്കിലും സ്റ്റീവ് സ്മിത്തുമൊത്തുള്ള കൂട്ടുകെട്ടിലൂടെയാണ് ധവാൻ ഡൽഹിയെ രക്ഷിച്ചെടുത്തത്.

47 പന്തുകൾ ക്രീസിൽനിന്ന ഇരുവരും 53 റൺസാണ് ‍ഡൽഹി സ്കോർ ബോർഡിലെത്തിച്ചത്. സ്കോർ 64ൽ നിൽക്കെ സ്മിത്തിനെ പൊള്ളാ‌ർഡ് എൽബിയിൽ കുരുക്കിയെങ്കിലും മൂന്നാം വിക്കറ്റിൽ ലളിത് യാദവിനെ കൂട്ടുപിടിച്ച് ധവാൻ ‌ഡൽഹി സ്കോർ 100ൽ എത്തിച്ചു. സ്മിത്ത് 29 പന്തിൽ നാലു ഫോറുകളോടെ 33 റൺസെടുത്തു. യാദവ് 25 പന്തിൽ ഒരു ഫോറുൾപ്പെടെ 22 റൺസെടുത്ത് പുറത്താകാതെ നിന്നു. ധവാനും ക്യാപ്റ്റൻ ഋഷഭ് പന്തും 15 റണ്‍സിന്റെ ഇടവേളയിൽ പുറത്തായെങ്കിലും ഷിംറോൺ ഹെറ്റ്മെയറിന്റെ അവസരോചിത ഇന്നിങ്സ് ഡൽഹിക്ക് തുണയായി. ഹെറ്റ്മെയർ 9 പന്തിൽ രണ്ടു ഫോറുകളോടെ 14 റൺസുമായി പുറത്താകാതെ നിന്നു.

മുംബൈയ്ക്കായി കീറൺ പൊള്ളാർഡ് 1.1 ഓവറിൽ 9 റൺസ് വഴങ്ങിയും ജയന്ത് യാദവ് നാല് ഓവറിൽ 25 റൺസ് വഴങ്ങിയും രാഹുൽ ചാഹർ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും ജസ്പ്രീത് ബുമ്ര നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ടിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 23 റൺസ് മാത്രം.

∙ ‘മുറിക്കിയെറിഞ്ഞ്’ ഡൽഹി

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും കടലാസിലെ കരുത്ത് കളത്തിൽ പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് മുംബൈ ഡൽഹിക്കു മുന്നിൽ 138 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം ഉയർത്തിയത്. ഡൽഹി ബോളർമാരുടെ അച്ചടക്കമുള്ള ബോളിങ്ങിനു മുന്നിൽ തകർന്നുവീണ മുംബൈ, നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 137 റൺസെടുത്തത്. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മുംബൈയെ തകർത്തത്. ഐപിഎലിൽ മുംബൈയ്‌ക്കെതിരെ ഒരു ഡൽഹി താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.

പതിവുപോലെ തകർത്തടിച്ചു മുന്നേറിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് അവരുടെ ടോപ് സ്കോറർ. ഓപ്പണറായിറങ്ങിയ രോഹിത് 30 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്തു. രോഹിത്തിനു പുറമെ മുംബൈ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. സൂര്യകുമാർ യാദവും ഇഷാൻ കിഷനും ജയന്ത് യാദവും. സൂര്യ 15 പന്തിൽ നാലു ഫോറുകളോടെ 24 റൺസെടുത്തു. ഇഷാന്‍ കിഷൻ 28 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 26 റൺസെടുത്തും ജയന്ത് യാദവ് 22 പന്തിൽ ഒരു ഫോർ സഹിതം 23 റൺസെടുത്തും പുറത്തായി.

ഓപ്പണർ ക്വിന്റൻ ഡികോക്ക് (നാലു പന്തിൽ ഒന്ന്), ഹാർദിക് പാണ്ഡ്യ (0), ക്രുണാൽ പാണ്ഡ്യ (അഞ്ച് പന്തിൽ ഒന്ന്), കീറൺ പൊള്ളാർഡ് (അഞ്ച് പന്തിൽ രണ്ട്), രാഹുൽ ചാഹർ (ആറു പന്തിൽ ആറ്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഒരുവേള ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലായിരുന്ന മുംബൈ, വെറും 17 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കി ആറിന് 84 റൺസ് എന്ന നിലയിൽ തകരുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റിൽ 39 റൺസ് കൂട്ടുകെട്ട് തീർത്ത് ഇഷാൻ കിഷൻ – ജയന്ത് യാദവ് സഖ്യമാണ് അവരെ 120 കടത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് സ്കോർ ബോർഡിൽ ഒൻപത് റൺസ് മാത്രമുള്ളപ്പോഴാണ് ഓപ്പണർ ക്വിന്റൻ ഡികോക്കിനെ നഷ്ടമായത്. നാലു പന്തിൽ ഒരു റൺ മാത്രമെടുത്ത ഡികോക്കിനെ മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി.

ഓപ്പണിങ് കൂട്ടുകെട്ട് ഡൽഹി അതിവേഗം പൊളിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ തകർപ്പൻ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് മുംബൈ തിരിച്ചടിച്ചത്. രോഹിത് ശർമയ്ക്കൊപ്പം ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവും തകർത്തടിച്ചതോടെ മുംബൈ അനായാസം 50 പിന്നിട്ടു. രണ്ടാം വിക്കറ്റിൽ രോഹിത് – സൂര്യ സഖ്യം വെറും 29 പന്തിൽനിന്ന് കൂട്ടിച്ചേർത്തത് 56 റൺസാണ്. മുംബൈ കൂറ്റൻ സ്കോറിലെത്തുമെന്ന് ഉറപ്പിച്ചിരിക്കെ സൂര്യകുമാർ യാദവിനെ ആവേശ് ഖാൻ വീഴ്ത്തിയതാണ് വഴിത്തിരിവായത്. അവിടുന്നങ്ങോട്ട് സൂര്യയുടേത് ഉൾപ്പെടെ വെറും 17 റൺസിനിടെ മുംബൈയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. പിന്നീട് ഏഴാം വിക്കറ്റിൽ 34 പന്തിൽ 39 റൺസ് കൂട്ടിച്ചേർത്താണ് ഇഷാൻ കിഷൻ – ജയന്ത് യാദവ് സഖ്യം മുംബൈയെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്.

ഡൽഹിക്കായി അമിത് മിശ്ര നാല് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ രണ്ട് ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ലളിത് യാദവ് നാല് ഓവറിൽ 17 റൺസ് വഴങ്ങിയും കഗീസോ റബാദ മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങിയും മാർക്കസ് സ്റ്റോയ്നിസ് മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ വഴങ്ങിയത് 30 റൺസ്.

English Summary: Delhi Capitals vs Mumbai Indians, 13th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com