ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ നാലാം മത്സരത്തിൽ 22 കോടി രൂപ വിലമതിക്കുന്ന രണ്ട് ‘മുതലു’കളെ പുറത്തിരുത്തി നടത്തിയ ചൂതാട്ടവും പരാജയപ്പെട്ട് കിങ്സ് ഇലവൻ പഞ്ചാബ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ടീമിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ രണ്ടു പേരെ പഞ്ചാബ് കിങ്സ് ഒന്നിച്ച് പുറത്തിരുത്തിയത്. ഐപിഎൽ താരലേലത്തിൽ 14 കോടി രൂപയ്ക്ക് വാങ്ങിയ ഓസീസ് താരം ജൈ റിച്ചാർഡ്സൻ, എട്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസിന്റെ തന്നെ റൈലി മെറിഡത്ത് എന്നിവരെയാണ് പഞ്ചാബ് കിങ്സ് ടീമിൽനിന്ന് തഴഞ്ഞത്. പകരം കളിപ്പിച്ചത് മോയ്സസ് ഹെൻറിക്വസ്, ഫാബിയൻ അലൻ എന്നിവരെ.

ബാറ്റിങ് നിരയ്ക്ക് കുറച്ചുകൂടി കരുത്തു പകരാനുദ്ദേശിച്ച് കൊണ്ടുവന്ന ഈ മാറ്റം സമൂലം പാളിയതാണ് പഞ്ചാബ് കിങ്സിന്റെ തോൽവിയിലേക്ക് നയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 19.4 ഓവറിൽ 120 റൺസിനാണ് പുറത്തായത്. ടീം കൂട്ടത്തകർച്ച നേരിട്ട മത്സരത്തിൽ ബാറ്റിങ്ങിന് കരുത്തു പകരാൻ എത്തിച്ച രണ്ടു പേരും പരാജയപ്പെട്ടു. ഹെൻറിക്വസ് 17 പന്തിൽ 14 റൺസ് നേടിയപ്പോൾ, അതിൽ ഒരു ബൗണ്ടറി പോലുമുണ്ടായിരുന്നില്ല. ഫാബിയൻ അലൻ 11 പന്തിൽ ആറു റൺസെടുത്തും പുറത്തായി.

പിന്നീട് ബോളിങ്ങിൽ ഫാബിയൻ അലൻ തിളങ്ങിയെങ്കിലും ഹെൻറിക്വസിന് അവിടെയും സാന്നിധ്യമറിയിക്കാനായില്ല. ഫാബിയൻ അലൻ നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 22 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹൈദരാബാദിന് നഷ്ടമായ ഏക വിക്കറ്റെന്ന പ്രത്യേകതയുമുണ്ട് ഇതിന്. ഹെൻറിക്വസ് ഒരു ഓവർ ബോൾ ചെയ്ത് ഏഴു റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഇതോടെ ആദ്യ മത്സരം ജയിച്ച് മികച്ച തുടക്കമിട്ട പഞ്ചാബിന്, പിന്നാലെ തോൽവികളിൽ ഹാട്രിക്. തോൽവികളുടെ ഹാട്രിക്കിനുശേഷമെത്തിയ ഹൈദരാബാദിന് ആദ്യ ജയവും.

കോടികൾ മുടക്കി ടീമിലെത്തിച്ച താരങ്ങളാണെങ്കിലും സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും ജൈ റിച്ചാർഡ്സനും റൈലി മെറിഡത്തിനും തിളങ്ങാനായിരുന്നില്ല. സീസണിൽ പഞ്ചാബ് ജയിച്ച ഏക മത്സരത്തിൽ രാജസ്ഥാനെതിരെ ഇരുവരും ഒന്നിച്ച് നിരാശപ്പെടുത്തി. ജൈ റിച്ചാർഡ്സൻ നാല് ഓവറിൽ 55 റൺസ് വഴങ്ങിയും മെറിഡത്ത് നാല് ഓവറിൽ 49 റൺസ് വഴങ്ങിയുമാണ് ഓരോ വിക്കറ്റെടുത്തത്.

ചെന്നൈയ്‌ക്കെതിരായ രണ്ടാം മത്സരത്തിലും ഇരുവർക്കും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായില്ല. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ചെന്നൈ വിജയകരമായി മറികടക്കുമ്പോൾ റിച്ചാഡ്സനും മെറിഡത്തിനും വിക്കറ്റൊന്നും നേടാനായില്ല. റിച്ചാർഡ്സൻ മൂന്ന് ഓവറിലും മെറിഡത്ത് 3.4 ഓവറിലും 21 റൺസ് വീതം വഴങ്ങി.

ഡൽഹി ക്യാപിറ്റൽസിനെതിരായ മൂന്നാം മത്സരത്തിൽ 195 റൺസിന്റെ കൂറ്റൻ സ്കോർ പ്രതിരോധിക്കുമ്പോഴും ഇരുവരും നിരാശപ്പെടുത്തി. ജൈ റിച്ചാർഡ്സൻ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 41 റൺസ് വഴങ്ങി. മെറിഡത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും 2.2 ഓവറിൽ വഴങ്ങിയത് 35 റൺസും!

English Summary: Punjab Kings drop Australian pace duo Jhye Richardson and Riley Meredith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com